കൊച്ചി: ചരിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ പെന്തക്കോസ്ത തിരുനാളിന് ഇന്നലെ ചൊവ്വാഴ്ച്ച വൈകീട്ട് 5.30 ന് ജാൻസി രൂപത ബിഷപ്പ് എമിരിത്തൂസ് ഡോ. പീറ്റർ പറപ്പിള്ളി കൊടികയറ്റിയതോടെ തുടക്കമായി. തുടർന്നുള്ള ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമ്മികനായിരുന്നു. ഫാ. സിജൻ മണുവേലിപറമ്പിൽ പ്രസംഗിച്ചു.
പോർച്ചുഗീസ് മിഷനറിമാരാൽ AD 1524 ൽ വിമോചകനാഥയുടെ തിരുച്ചിത്രം സ്ഥാപിച്ചതും പിൽക്കാലത്ത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ നാമത്തിൽ പ്രശസ്തിയാർജ്ജിച്ചതുമായ വല്ലാർപാടം ബസിലിക്ക, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ്. പരിശുദ്ധാരൂപിയുടെ അഞ്ഞൂറ്റി രണ്ടാമത് തിരുനാളിനാണ് ആരംഭമായിരിക്കുന്നത്.
ആറു നാൾ നീണ്ടു നില്ക്കുന്ന തിരുനാളാഘോഷങ്ങൾ 24 ന് ഞായറാഴ്ച്ച സമാപിക്കും. തിരുനാൾ ദിനങ്ങളിലെ തിരുക്കർമ്മങ്ങളിൽ വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ, ഫാ. സെൽവൻ ലാസർ, ഫാ.പോൾസൺ സിമേന്തി, വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം എന്നിവർ മുഖ്യകാർമ്മികരായിരിക്കും. തിരുനാൾസമാപന ദിനത്തിലെ പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ഡോ ആന്റണി വാലുങ്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. ജോസ് തോമസ് Ocam പ്രസംഗിക്കും. മെയ് 31 ന് ഞായറാഴ്ച്ച എട്ടാം തിരുനാളിന്റെ ദിവ്യബലിയ്ക്ക് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ മുഖ്യ കാർമ്മികനായിരിക്കും. ഫാ. സെബി വിക്ടർ പ്രസംഗിക്കും.
അൻപത് പേരടങ്ങുന്ന പ്രസുദേന്തി കൂട്ടായ്മയാണ് ഇത്തവണ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നല്കുന്നത്.
തിരുനാളാഘോഷങ്ങളുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണി ക്കോടത്ത്, സഹവികാരിമാരായ ഫാ. ആന്റണി ഷൈൻ കാട്ടുപറമ്പിൽ, ഫാ. ജിക്സൺ ജോണി ചേരിയിൽ, ഫാ. അമൽ ആന്റണി മാളിയേക്കൽ എന്നിവർ അറിയിച്ചു.

