വത്തിക്കാൻ സിറ്റി : കഴിഞ്ഞ പതിറ്റാണ്ടുകളിൽ നിർമ്മിതബുദ്ധിയെന്ന പ്രതിഭാസത്തിന്റെ വളർച്ചയും, പൊതുജനങ്ങൾക്കിടയിൽ അടുത്തിടെയുണ്ടായിട്ടുള്ള അതിന്റെ കൂടുതലായ ഉപയോഗവും, മനുഷ്യന്റെമേലും, പൊതുവായ മാനവികതയുടെ മേലും അതുണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളും, മനുഷ്യരുടെ അന്തസ്സുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് മനുഷ്യരുടെ സമഗ്രവികസനം സംബന്ധിച്ച് സഭയ്ക്കുള്ള പ്രത്യേക പരിഗണനയും കണക്കിലെടുത്താണ് പാപ്പ ഈ കമ്മീഷന് അംഗീകാരം നൽകിയതെന്ന് മെയ് പന്ത്രണ്ടാം തീയതി ഒപ്പിട്ട് മെയ് പതിനാറ് ശനിയാഴ്ച പുറത്തുവിട്ട ഒരു സ്ഥാപനഉത്തരവ് രേഖയിലൂടെ കർദ്ദിനാൾ ചേർനി വിശദീകരിച്ചു.
സമഗ്രമാനവികവികസനത്തിനായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർനി, “പ്രെദിക്കാത്തെ എവഞ്ചേലിയും” എന്ന അപ്പസ്തോലിക ഭരണഘടനയുടെ ഇരുപത്തിയെട്ടാം ആർട്ടിക്കിളിന്റെ അഞ്ചാം ഖണ്ഡികയനുസരിച്ച് സ്ഥാപിച്ച കമ്മീഷന്, മെയ് മൂന്നാം തീയതി കർദ്ദിനാളിനനുവദിച്ച ഒരു കൂടിക്കാഴ്ചയുടെ കൂടി അടിസ്ഥാനത്തിലാണ് പാപ്പ അംഗീകാരം നൽകിയത്.
സമഗ്രമാനവികവികസനത്തിനായുള്ള ഡികാസ്റ്ററി, വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡികാസ്റ്ററി, ആശയവിനിമയകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി, ശാസ്ത്രവിഭാഗങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി, സാമൂഹ്യശാസ്ത്രങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി എന്നിവയുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്നതായിരിക്കും അന്തർ ഡികാസ്റ്ററി കമ്മീഷൻ.

