വത്തിക്കാൻ സിറ്റി : സമാധാനസ്ഥാപനത്തിനും സഹകരണത്തോടെയുള്ള സഹവാസത്തിനും സംവാദങ്ങൾക്കും ക്ഷണിക്കുന്ന പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഇറ്റലിയുടെ പ്രസിഡന്റ് സേർജ്ജ്യോ മത്തരെല്ല.തിരഞ്ഞെടുപ്പ് വാർഷികവുമായി ബന്ധപ്പെട്ട് പാപ്പ യ്ക്കയച്ച ഒരു അഭിനന്ദനസന്ദേശത്തിലാണ് ഇറ്റലിയുടെ പ്രഥമ പൗരൻ പാപ്പയെ കുറിച്ച് എഴുതിയത്.
മത, സാംസ്കാരിക വ്യത്യാസങ്ങൾ നോക്കാതെ, എല്ലായിടങ്ങളിലും പ്രത്യാശ വളർത്താൻ സഹായിക്കുന്ന സംവാദങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതിനും, നീതിയും സമാധാനവും സാധ്യമാകുന്നതിനും വേണ്ടി, ആയുധങ്ങൾ നിശബ്ദമാകാനുള്ള ക്ഷണമാണ് പരിശുദ്ധ പിതാവ് തുടർച്ചയായി നൽകിയിരുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.
സാഹോദര്യ, ഐക്യദാർഢ്യ മനോഭാവത്തോടെ ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ ഇന്നത്തെ യുവതലമുറയ്ക്ക് സാധിക്കുമെന്ന വിശ്വാസം നിലനിർത്താനുള്ള പ്രചോദനമാണ് പരിശുദ്ധ പിതാവിന്റെ ഉദ്ബോധനങ്ങളും അഭ്യർത്ഥനകളുമെന്ന് അഭിപ്രായപ്പെട്ട പ്രസിഡന്റ് മത്തരെല്ല, ഇത് ഭാവി നേരിട്ടേക്കാവുന്ന മൂല്യശോഷണം വന്ന ആദ്ധ്യാത്മിക, ഭൗതിക അവസ്ഥകളെ ഒഴിവാക്കാൻ സഹായിക്കുമെന്നും എഴുതി.
ബുദ്ധിമുട്ടേറിയതെങ്കിലും സാധ്യമായ ഒരു നന്മയായി സമാധാനത്തെ കാണാനാണ് പാപ്പാ ഏവരെയും ക്ഷണിക്കുന്നതെന്ന് എഴുതിയ മത്തരെല്ല, അടുത്തിടെ നടന്ന ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലികയാത്രയിലൂടെയും അനുദിനവിചിന്തനങ്ങളിലൂടെയും പരിശുദ്ധ പിതാവ് ഈയൊരു സന്ദേശമാണ് സാക്ഷ്യപ്പെടുത്തിയതെന്ന് ഇറ്റലിയുടെ ഭരണാധികാരി പ്രസ്താവിച്ചു. താൻ സന്ദർശിച്ച രാജ്യങ്ങളിലെ യുവജനങ്ങൾക്കും അധികാരികൾക്കും സഹകരണമനോഭാവത്തോടെയും, വികസനം ലക്ഷ്യമാക്കിയുമുള്ള സഹവാസം, വിദ്യഭ്യാസ, പരിശീലനരംഗങ്ങളിൽ ധനനിക്ഷേപം, പൊതുനന്മയ്ക്കായുള്ള പ്രവർത്തനങ്ങൾ എന്നിവയുടെ ആവശ്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്നതിന് പാപ്പാ പരിശ്രമിച്ചതും അദ്ദേഹം അനുസ്മരിച്ചു.

