ജമ്മു: ജമ്മു കശ്മീരിൽ ഒന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കശ്മീരിലെ കോൺഗ്രസ് മുൻ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ.
മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൻ്റെ വോട്ട് എണ്ണൽ അടുത്ത മാസം എട്ടിന് നടക്കും. 90 മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്. 219 പേരാണ് ജനവിധി തേടുന്നത്. 90 പേർ സ്വതന്ത്രസ്ഥാനാർത്ഥികളാണ്. 23.27 ലക്ഷമാണ് വോട്ടർമാർ.
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
നാഷണൽ കോൺഫറൻസും കോൺഗ്രസും കൈകോർത്താണ് ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒറ്റയ്ക്കാണ് പിഡിപിയുടെ പോരാട്ടം. സൗത്ത് കശ്മീരിൽ ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.