കൊല്ലം: കൊല്ലം രൂപതയുടെ ചരിത്രത്തിലെ സുപ്രധാന സ്ഥാപനമായ സെന്റ് റാഫേൽ സെമിനാരിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങൾക്ക് പതാക ഉയർത്തി തുടക്കമിട്ടു. സെമിനാരി അങ്കണത്തിൽ നടന്ന ചടങ്ങിൽ കൊല്ലം രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ജൂബിലി പതാക ഉയർത്തി.
1902 നവംബർ 23-ന് കൊല്ലം രൂപതയുടെ ആധുനിക ശില്പിയായ ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗറാണ് സെമിനാരിക്ക് തുടക്കമിട്ടത്. തന്റെ കുടുംബസ്വത്ത് മുഴുവൻ സെമിനാരിയുടെ നിർമ്മാണത്തിനായി സമർപ്പിച്ച ബെൻസിഗർ പിതാവ്, സുഹൃത്തായ ബെനഡിക്ടൻ വൈദികൻ റഫായേലിന്റെ നിർദേശപ്രകാരമാണ് വിശുദ്ധ റഫായേലിന്റെ നാമം സ്ഥാപനത്തിന് നൽകിയത്.ജൂബിലി പതാക ഉയർത്തൽ ചടങ്ങിൽ വികാർ ജനറൽ മോൺ. ഡോ. ബൈജു ജൂലിയൻ, സെമിനാരി റെക്ടർ ഫാ. സിയോൻ, ചാൻസലർ ഫാ. ജെറി ഐസക്, മോൺ. വിൻസെന്റ് മച്ചാഡോ, പി.ആർ.ഒ. ഫാ. ലാസർ എസ്. പട്ടകടവ്, പ്രൊക്യുറേറ്റർ ഫാ. ജോളി എബ്രഹാം, ഫാത്തിമ കോളേജ് മാനേജർ ഫാ. ജോസഫ് ജോൺ, ഫാ. സേവ്യർ ലാസർ, വൈസ് റെക്ടർ ഫാ. മാക്സ്വെൽ എന്നിവർ പങ്കെടുത്തു.
തുടർന്ന് നടന്ന ജൂബിലി സമാരംഭ ദിവ്യബലിക്ക് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി മുഖ്യകാർമികത്വം വഹിച്ചു. മോൺ. വിൻസെന്റ് മച്ചാഡോ, ഫാ. ഡോ. ജെറി ഐസക്, ഫാ. സിയോൻ, ഫാ. ജോസഫ് ജോൺ, ഫാ. മാക്സ്വെൽ എന്നിവർ സഹകാർമികരായി. കൊല്ലം രൂപതയുടെ സപ്തശതാബ്ദി ത്രിവത്സരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സെമിനാരിയുടെ ജൂബിലി ആഘോഷങ്ങൾ ഒരു വർഷം നീണ്ടുനിൽക്കും. ഇതിന്റെ ഭാഗമായി ഡിസംബറിൽ നാട്ടിലും വിദേശത്തുമായി കഴിയുന്ന കൊല്ലം രൂപതയിലെ സെമിനാരി വിദ്യാർഥികളുടെ മാതാപിതാക്കൾക്കായി പേരന്റ്സ് ഡേ സംഘടിപ്പിക്കും. രൂപത അസോസിയേറ്റ് പി.ആർ.ഒ. ജോർജ് എഫ്. സേവ്യറാണ് ഇക്കാര്യം അറിയിച്ചത്.

