വത്തിക്കാൻ: ഭിന്നതകളും ധ്രുവീകരണവും സംഘർഷങ്ങളും വർധിച്ചുവരുന്ന ഇന്നത്തെ ലോകത്തിൽ സമർപ്പിത ജീവിതം സമാധാനത്തിന്റെയും പ്രത്യാശയുടെയും സാഹോദര്യത്തിന്റെയും പ്രവാചകസാക്ഷ്യമാകണമെന്ന് ലെയോ പതിനാലാമൻ പാപ്പാ.
സ്നേഹത്തിലധിഷ്ഠിതമായ നേതൃത്വം, പരസ്പരശ്രവണം, കൂട്ടായ്മ, സുവിശേഷ മൂല്യങ്ങൾ എന്നിവ സമർപ്പിത സമൂഹങ്ങളുടെ ജീവിതത്തിലും വളർച്ചയിലും നിർണായകമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്ത്രീ, പുരുഷ സമർപ്പിത സമൂഹങ്ങളുടെ സുപ്പീരിയർമാരുമായി നവംബർ 26 വ്യാഴാഴ്ച വത്തിക്കാനിലെ സിനഡ് ശാലയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്. സമർപ്പിത നേതൃത്വങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ പാപ്പാ, ഓരോ സമൂഹത്തിനും അവരുടേതായ പ്രത്യേക കാരിസത്തിലൂടെ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി. സമർപ്പിതർ നിർവഹിക്കുന്ന സേവനങ്ങൾക്ക് നന്ദി അറിയിച്ച അദ്ദേഹം വിശ്വാസത്തോടും പ്രത്യാശയോടും കൂടി ദൗത്യം തുടരാനും ആഹ്വാനം ചെയ്തു. സമാധാനത്തിന്റെ ശിൽപ്പികളാകണം സമർപ്പിതർഉയിർത്തെഴുന്നേറ്റ ക്രിസ്തു നൽകുന്ന സമാധാനമാണ് സംഘർഷങ്ങളും ഭിന്നതകളും നിറഞ്ഞ ലോകത്ത് മനുഷ്യഹൃദയങ്ങളുടെ നിരായുധീകരണത്തിന് വഴിയൊരുക്കുന്നതെന്ന് പാപ്പാ പറഞ്ഞു. സമർപ്പിത ജീവിതം സ്വീകരിച്ചവർ തങ്ങളുടെ ജീവിതസാക്ഷ്യത്തിലൂടെയും സുവിശേഷ ഉപദേശങ്ങളിലൂടെയും സമാധാനത്തിന്റെ ശിൽപ്പികളാകണം. വ്യക്തിബന്ധങ്ങളിലും സഭാസമൂഹങ്ങളിലും സാമൂഹിക ജീവിതത്തിലും ക്രിസ്തുവിന്റെ സമാധാനം പകരുന്നതിൽ സമർപ്പിതർക്ക് സവിശേഷമായ ഉത്തരവാദിത്വവും സാധ്യതകളുമുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.നിർമിതബുദ്ധിയുടെ ഉപയോഗം മനുഷ്യാന്തസ്സിനെ മാനിച്ചുകൊണ്ടായിരിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

