ബിജോ സില്‍വേരി
നോത്ര്ദാം കത്തീഡ്രല്‍
കല്ലില്‍ കൊത്തിയ വിശ്വാസത്തിന്റെ മഹാകാവ്യം
പാരീസിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന സെയ്ന് നദിയുടെ തീരത്ത്, കാലത്തിന്റെ കുത്തൊഴുക്കുകളെയും വിപ്ലവങ്ങളെയും യുദ്ധങ്ങളെയും അഗ്നിബാധയെയും അതിജീവിച്ച് തലയുയര്‍ത്തി നില്ക്കുന്ന വിസ്മയമാണ് നോത്ര്ദാം കത്തീഡ്രല്‍. കല്ലില്‍ കൊത്തിയെടുത്ത വിശ്വാസത്തിന്റെ മഹാകാവ്യം എന്നു വിശേഷിപ്പിക്കാവുന്ന ഈ ദേവാലയം ഫ്രാന്‍സിന്റെ ചരിത്രത്തിന്റെയും ക്രൈസ്തവ വിശ്വാസത്തിന്റെയും യൂറോപ്യന്‍ വാസ്തുവിദ്യയുടെയും അവിസ്മരണീയമായ അടയാളമാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് മനുഷ്യന്റെ കൈകള്‍ കല്ലില്‍ തീര്‍ത്ത ഈ വിസ്മയസൗധം, കാലം എത്ര മുറിവേല്‍പ്പിച്ചാലും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു. ഒരിക്കല്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങിയ അതിന്റെ ഗോപുരം വീണ്ടും ആകാശത്തേക്ക് ഉയര്‍ന്നപ്പോള്‍ ലോകം കണ്ടത് കേവലമൊരു കെട്ടിടത്തിന്റെ പുനര്ജനിയല്ല, മനുഷ്യന്റെ ഇച്ഛാശക്തിയുടെയും പൈതൃകസംരക്ഷണത്തിന്റെയും മഹത്തായ വിജയമായിരുന്നു.
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിന്റെ ഹൃദയഭാഗത്ത്, സെയ്ന് നദിയുടെ മധ്യത്തിലുള്ള ഇല് ദെ ല സിത്തേ എന്ന ദ്വീപിലാണ് ലോകപ്രശസ്തമായ നോത്ര്ദാം കത്തീഡ്രല്‍ സ്ഥിതിചെയ്യുന്നത്. ഫ്രഞ്ച് ഭാഷയില്‍ ‘നമ്മുടെ മാതാവ്’ അഥവാ ‘പരിശുദ്ധ അമ്മ’ എന്നര്‍ഥം വരുന്ന നോത്ര്ദാം, പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയമാണ്. പാരീസ് അതിരൂപതയുടെ കത്തീഡ്രലായ ഈ ദേവാലയം ക്രൈസ്തവ വിശ്വാസത്തിന്റെ മാത്രമല്ല, ഫ്രഞ്ച് ദേശീയസ്വത്വത്തിന്റെയും ചരിത്രത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും അഭിമാനസ്തംഭമാണ്.
ലോകത്തിലെ ഏറ്റവും മനോഹരമായ ഗോത്തിക് വാസ്തുവിദ്യാ മാതൃകകളിലൊന്നായി പരിഗണിക്കപ്പെടുന്ന നോത്ര്ദാം, കല്ലില്‍ തീര്‍ത്ത വിസ്മയങ്ങളുടെ ഒരു മഹാപ്രപഞ്ചമാണ്. ഉയരങ്ങളിലേക്ക് കുതിക്കുന്ന കമാനങ്ങള്‍, സൂക്ഷ്മമായ ശില്പാലങ്കാരങ്ങള്, വര്‍ണവിസ്മയം തീര്‍ക്കുന്ന വര്ണച്ചില്ലുജാലകങ്ങള്, ആകാശത്തെ തൊടാന്‍ വെമ്പുന്ന ഗോപുരങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് മനുഷ്യന്റെ കലാസങ്കല്പവും ആത്മീയാന്വേഷണവും എത്രത്തോളം ഉയരങ്ങളിലെത്താമെന്നതിന്റെ സാക്ഷ്യമായി നിലകൊള്ളുന്നു.
ചരിത്രത്തിന്റെ അടിത്തറയില്‍
നോത്ര്ദാം കത്തീഡ്രല്‍ ഉയര്ന്നുനില്ക്കുന്ന പ്രദേശത്തിന് ക്രൈസ്തവ വിശ്വാസത്തിന്റെ ആവിര്‍ഭാവത്തിനും മുമ്പുള്ള ചരിത്രമുണ്ട്. റോമന്‍ ഭരണകാലത്ത് വ്യാഴദേവനായ ജൂപ്പിറ്ററിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ഗാലോ-റോമന്‍ ക്ഷേത്രം ഇവിടെ നിലനിന്നിരുന്നതായി കരുതപ്പെടുന്നു. 1710-ല്‍ കത്തീഡ്രലിനടിയില്നിന്ന് കണ്ടെത്തിയ ‘ബോട്ട്മെന് പില്ലര്‍’ എന്നറിയപ്പെടുന്ന ശിലാസ്തംഭം ഈ പ്രദേശത്തിന്റെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ഇവിടെ വിശുദ്ധ സ്തെഫാനോസിന്റെ നാമധേയത്തില്‍ ഒരു വലിയ ആദ്യകാല ക്രൈസ്തവ ദേവാലയം നിര്‍മിക്കപ്പെട്ടു. സെന്റ് എറ്റിയെന്‍ കത്തീഡ്രല്‍ എന്നറിയപ്പെട്ടിരുന്ന ഈ ദേവാലയമായിരുന്നു പിന്നീട് നോത്ര്ദാം ഉയര്‍ന്നുവന്നതിന്റെ ചരിത്രപരമായ മുന്‍ഗാമി. അന്നത്തെ പാരീസ് നഗരത്തിന്റെ വളര്‍ച്ചയും ക്രൈസ്തവ വിശ്വാസത്തിന്റെ വ്യാപനവും കൂടുതല്‍ വിശാലമായ ആരാധനാലയത്തിന്റെ ആവശ്യകത സൃഷ്ടിച്ചു.
പന്ത്രണ്ടാം നൂറ്റാണ്ടോടെ പാരീസ് യൂറോപ്പിലെ പ്രധാനപ്പെട്ട സാംസ്കാരിക, വൈജ്ഞാനിക, ആത്മീയ കേന്ദ്രങ്ങളിലൊന്നായി വളര്‍ന്നു. സര്‍വകലാശാലകളും ദൈവശാസ്ത്രപഠനകേന്ദ്രങ്ങളും നഗരത്തിന്റെ ബൗദ്ധികജീവിതത്തെ സമ്പന്നമാക്കി. ജറുസലേമിലേക്കുള്ള കുരിശുയുദ്ധങ്ങളും സ്പെയിനിലെ സാന്തിയാഗോ ദെ കോംപോസ്തേലയിലേക്കുള്ള തീര്‍ഥാടനങ്ങളും യൂറോപ്പിലുടനീളം വിശ്വാസികളുടെ സഞ്ചാരത്തിന് വഴിയൊരുക്കി. സെയ്ന് നദിയിലെ പ്രധാനപ്പെട്ട കടത്തുപാതയായിരുന്ന ഇല് ദെ ല സിത്തേ തീര്‍ഥാടകരുടെയും വ്യാപാരികളുടെയും സജീവസാന്നിധ്യത്താല്‍ സമ്പന്നമായി.
ഈ സാഹചര്യത്തിലാണ് പാരീസ് മെത്രാനായിരുന്ന മോറിസ് ദെ സുള്ളി കൂടുതല്‍ വിശാലവും പ്രൗഢവുമായ ഒരു കത്തീഡ്രല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
എട്ടു നൂറ്റാണ്ടുകളുടെ നിര്‍മാണചരിത്രം
1163-ല്‍ ഫ്രാന്‍സിലെ ലൂയി ഏഴാമന് രാജാവിന്റെയും അലക്സാണ്ടര്‍ മൂന്നാമന് പാപ്പയുടെയും സാന്നിധ്യത്തില്‍ കത്തീഡ്രലിന്റെ ശിലാസ്ഥാപനം നടന്നതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. മെത്രാന് മോറിസ് ദെ സുള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിര്‍മാണം ഒരൊറ്റ തലമുറയുടെ അധ്വാനത്തില്‍ പൂര്‍ത്തിയാക്കാവുന്ന ഒന്നായിരുന്നില്ല. നിരവധി ശില്പികളും വാസ്തുശില്പികളും കല്ലുപണിക്കാരും തൊഴിലാളികളും തലമുറകളിലൂടെ കൈമാറിയ അധ്വാനത്തിന്റെ ഫലമായാണ് ഈ മഹാസൗധം രൂപപ്പെട്ടത്.
ആദ്യം അള്‍ത്താര സ്ഥിതിചെയ്യുന്ന ഗായകസംഘത്തിനായുള്ള ഭാഗവും അതിനോടു ചേര്‍ന്നുള്ള ഇടനാഴികളുമാണ് നിര്‍മിച്ചത്. 1177-ഓടെ ഈ ഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 1182 മേയ് 19-ന് പ്രധാന അള്‍ത്താര ആശീര്‍വദിച്ചു. തുടര്‍ന്ന് പ്രധാന മധ്യനാഴിയും ഇരുവശങ്ങളിലെ നാഴികളും പണിതുയര്‍ത്തി. പടിഞ്ഞാറന്‍ മുഖഭാഗത്തിന്റെ നിര്‍മാണം പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പൂര്‍ത്തിയായി. 1225-നും 1250-നും ഇടയില്‍ പടിഞ്ഞാറന്‍ മുഖഭാഗത്തെ രണ്ടു ഗോപുരങ്ങളും മുകളിലെ ഗാലറിയും രൂപപ്പെട്ടു.
പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കത്തീഡ്രലിന്റെ ഇരുവശങ്ങളിലുമുള്ള തിരശ്ചീന ഭാഗങ്ങള്‍ പുതിയ ഗോത്തിക് ശൈലിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്തു. വടക്കുഭാഗത്ത് മനോഹരമായ റോസ് വിന്‍ഡോയും തെക്കുഭാഗത്ത് സമാനമായ മറ്റൊരു വര്ണച്ചില്ലുജാലകവും സ്ഥാപിച്ചു. ഓരോ ഘട്ടത്തിലും പുതിയ ശില്പികളും നിര്മാണവിദഗ്ധരും ചുമതലയേറ്റു. അങ്ങനെ 1163-ല്‍ ആരംഭിച്ച നിര്‍മാണപ്രക്രിയ ഏകദേശം 1260-ഓടെ പ്രധാനമായും പൂര്‍ത്തിയായി. എങ്കിലും തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലും കത്തീഡ്രലില്‍ കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും നവീകരണങ്ങളും നടന്നുകൊണ്ടിരുന്നു.
ഗോത്തിക് വാസ്തുവിദ്യയുടെ മഹാവിസ്മയം
നോത്ര്ദാമിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ഗോത്തിക് വാസ്തുവിദ്യയാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ രൂപംകൊണ്ട ഈ വാസ്തുശൈലി, ദേവാലയനിര്മാണത്തിന്റെ പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിമറിച്ചു. കെട്ടിടത്തിന്റെ ഉയരം വര്‍ധിപ്പിക്കാനും കൂടുതല്‍ പ്രകാശം അകത്തേക്ക് കടത്തിവിടാനും സഹായിക്കുന്ന സാങ്കേതികവിദ്യകളാണ് ഇതിന്റെ അടിസ്ഥാനശക്തി.
നോത്ര്ദാമിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ച റിബ് വോള്‍ട്ടുകള്‍, ഫ്ലയിങ് ബട്ട്രസ്സുകള്, കൂര്‍ത്ത കമാനങ്ങള്‍ എന്നിവ ഗോത്തിക് വാസ്തുവിദ്യയുടെ മികച്ച മാതൃകകളാണ്.
കെട്ടിടത്തിന്റെ പുറംഭിത്തികളില്നിന്ന് പുറത്തേക്കു വളഞ്ഞ് താങ്ങുകളിലേക്ക് നീളുന്ന ഫ്ളയിങ് ബട്ട്രസ്സുകള് സവിശേഷമായ വാസ്തുനിര്മാണരീതിയാണ്. മേല്‍ക്കൂരയുടെയും കമാനങ്ങളുടെയും ഭാരം പുറംതാങ്ങുകളിലേക്ക് കൈമാറുന്നതിലൂടെ കെട്ടിടത്തിന്റെ ഭിത്തികളില്‍ പതിക്കുന്ന സമ്മര്‍ദം കുറയ്ക്കാന്‍ ഇവയ്ക്കു കഴിയുന്നു. ഇതോടെ ഭിത്തികള്‍ കൂടുതല്‍ ഉയരത്തിലും കനം കുറഞ്ഞ രീതിയിലും നിര്‍മിക്കാനായി. വലിയ ജനാലകള്‍ സ്ഥാപിക്കാനും അതിലൂടെ വര്‍ണപ്രകാശം അകത്തേക്ക് കടത്തിവിടാനും സാധിച്ചു.
വാസ്തുവിദ്യയിലെ ഈ സാങ്കേതികവിദ്യയുടെ സൗന്ദര്യം കാഴ്ചക്കാരനെ അദ്ഭുതപ്പെടുത്തുന്നതാണ്. ഭാരം താങ്ങാനുള്ള കല്ലുകളുടെ കരുത്തിനെപ്പോലും സൗന്ദര്യത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. ഉറപ്പും ഉയരവും പ്രകാശവും ഒരേ ഘടനയില്‍ സമന്വയിപ്പിച്ച ഈ നിര്‍മാണരീതി മധ്യകാല യൂറോപ്യന്‍ വാസ്തുവിദ്യയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായി.
127 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയും 33 മീറ്റര്‍ ഉയരവുമുള്ള കത്തീഡ്രല്‍ മധ്യകാല പാശ്ചാത്യലോകത്തിലെ ഏറ്റവും വലിയ ആരാധനാലയങ്ങളിലൊന്നായിരുന്നു. പടിഞ്ഞാറന്‍ മുഖഭാഗത്തെ രണ്ടു ഗോപുരങ്ങളും അവയിലെ ശില്‍പാലങ്കാരങ്ങളും ദൂരത്തുനിന്നുതന്നെ സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
മൂന്നു പ്രധാന കവാടങ്ങളാണ് പടിഞ്ഞാറന്‍ മുഖഭാഗത്തുള്ളത്. കന്യകാമറിയത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ആവിഷ്കരിക്കുന്ന വിര്‍ജിന്‍ പോര്‍ട്ടല്‍, അന്ത്യവിധിയെ ചിത്രീകരിക്കുന്ന ലാസ്റ്റ് ജഡ്ജ്മെന്റ് പോര്‍ട്ടല്‍, വിശുദ്ധ ആനിയുടെ നാമത്തിലുള്ള സെന്റ് ആന്‍ പോര്‍ട്ടല്‍ എന്നിവ ഓരോന്നും ശില്പകലയുടെ വിസ്മയലോകമാണ്. ബൈബിളിലെ സംഭവങ്ങളും വിശുദ്ധരുടെ ജീവിതവും ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനപ്രമേയങ്ങളും കല്ലില്‍ കൊത്തിയെടുത്തിരിക്കുന്നു. അക്ഷരജ്ഞാനം പൊതുവേ പരിമിതമായിരുന്ന മധ്യകാലഘട്ടത്തില്‍, ഇത്തരം ശില്പങ്ങള് വിശ്വാസികള്‍ക്ക് ബൈബിളിന്റെ ദൃശ്യപാഠങ്ങളായി മാറി.
പ്രകാശത്തിന്റെ വര്‍ണപ്രപഞ്ചം
നോത്ര്ദാമിന്റെ അകത്തളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം അനുഭവപ്പെടുന്നത് അതിന്റെ ഉയരവും വിശാലതയുമാണ്. കൂറ്റന്‍ തൂണുകളും ഉയര്‍ന്ന കമാനങ്ങളും റിബ് വോള്‍ട്ടുകളും ചേര്‍ന്ന് ആകാശത്തേക്ക് തുറക്കുന്ന ഒരു ആത്മീയ ഇടം സൃഷ്ടിക്കുന്നു. മനുഷ്യന്റെ നിസ്സാരതയും ദൈവികമഹത്വത്തിന്റെ അനന്തതയും ഒരേസമയം അനുഭവിപ്പിക്കുന്നതാണ് ഈ വാസ്തുവിദ്യ.
എന്നാല്‍ കത്തീഡ്രലിന്റെ അകത്തളത്തെ അസാധാരണമാക്കുന്നത് അതിന്റെ വര്ണച്ചില്ലുജാലകങ്ങളാണ്. പ്രത്യേകിച്ച് വടക്കുഭാഗത്തും തെക്കുഭാഗത്തുമുള്ള വിസ്മയകരമായ റോസ് വിന്‍ഡോകള്‍ ഗോത്തിക് കലയുടെ ഉത്തമ മാതൃകകളാണ്. വൃത്താകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന വര്‍ണച്ചില്ലുകള്‍ ബൈബിളിലെ സംഭവങ്ങളും വിശുദ്ധരുടെ ജീവിതവും ക്രൈസ്തവ വിശ്വാസത്തിന്റെ വിവിധ പ്രതീകങ്ങളും ആവിഷ്കരിക്കുന്നു.
പുറത്തുനിന്നുള്ള സൂര്യപ്രകാശം ഈ വര്ണച്ചില്ലുകളിലൂടെ അകത്തേക്ക് കടക്കുമ്പോള്‍ തറയിലും തൂണുകളിലും ചുവരുകളിലും നിറങ്ങളുടെ വിസ്മയലോകം വിരിയുന്നു. ഓരോ മണിക്കൂറിലും പ്രകാശത്തിന്റെ തീവ്രതയ്ക്കനുസരിച്ച് ആ വര്ണലോകത്തിന് പുതിയ ഭാവം കൈവരുന്നു. പ്രകാശത്തെ കേവലം കാഴ്ചയുടെ അനുഭവമല്ല, ദൈവികസാന്നിധ്യത്തിന്റെ പ്രതീകമായി അവതരിപ്പിച്ച ഗോത്തിക് വാസ്തുവിദ്യയുടെ ദാര്‍ശനികത ഇവിടെ സാക്ഷാത്കരിക്കപ്പെടുന്നു.
കത്തീഡ്രലിലെ പ്രധാന അള്‍ത്താരയും ഗായകസംഘത്തിനുള്ള ഭാഗവും ശില്പങ്ങളാലും കലാസൃഷ്ടികളാലും സമ്പന്നമാണ്. ഗോത്തിക്, ബറോക്ക്, പത്തൊന്‍പതാം നൂറ്റാണ്ടുകളിലെ ശില്പകലയുടെ അടയാളങ്ങള്‍ ഇവിടെ കാണാം. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലെ അള്‍ത്താരച്ചിത്രങ്ങളും മറ്റ് കലാസൃഷ്ടികളും കത്തീഡ്രലിന്റെ കലാപൈതൃകത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു.
മൂന്ന് പൈപ്പ് ഓര്ഗനുകളുള്ള നോത്ര്ദാം സംഗീതപൈതൃകത്തിലും ശ്രദ്ധേയമാണ്. അവയില്‍ ചരിത്രപ്രാധാന്യമുള്ള ഒന്നിന്റെ സാന്നിധ്യം കത്തീഡ്രലിന്റെ സംഗീതചരിത്രത്തിന് പ്രത്യേകത നല്കുന്നു. അതോടൊപ്പം കൂറ്റന്‍ മണികളുടെ മുഴക്കം പാരീസിന്റെ ചരിത്രത്തിലും മതജീവിതത്തിലും തലമുറകളായി പ്രതിധ്വനിക്കുന്നു.
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ
തിരുശേഷിപ്പുകള്‍
നോത്ര്ദാം കത്തീഡ്രലിന്റെ ആത്മീയപ്രാധാന്യം അതിന്റെ വാസ്തുവിദ്യയിലോ ചരിത്രത്തിലോ മാത്രം ഒതുങ്ങുന്നില്ല. ക്രൈസ്തവലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുശേഷിപ്പുകളില്‍ ചിലത് ഇവിടെ സൂക്ഷിച്ചിരിക്കുന്നു. യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട മുള്‍മുടി, കുരിശിന്റെ മരക്കഷണം, കുരിശില്‍ തറച്ചതായി കരുതപ്പെടുന്ന ആണി എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ.
പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ലൂയി ഒമ്പതാമന്‍ രാജാവ്, വിശുദ്ധ ലൂയി എന്നറിയപ്പെടുന്ന അദ്ദേഹം, ബൈസന്റൈന്‍ സാമ്രാജ്യത്തിലെ ലത്തീന്‍ ചക്രവര്‍ത്തിയായിരുന്ന ബാള്ഡ്വിന് രണ്ടാമനില്നിന്ന് വലിയ വിലയ്ക്കാണ് ഈ തിരുശേഷിപ്പുകള്‍ സ്വന്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ചക്രവര്‍ത്തി 1238-ലാണ് മുള്‍മുടി ഫ്രഞ്ച് രാജാവിന് കൈമാറിയത്.
1239 ഓഗസ്റ്റ് 19-ന് തിരുശേഷിപ്പുകള്‍ പാരീസിലെത്തി. രാജകീയ വസ്ത്രങ്ങള്‍ മാറ്റിവച്ച് ലളിതമായ വസ്ത്രം ധരിച്ച വിശുദ്ധ ലൂയി, നഗ്നപാദനായി മുള്‍മുടി കൈകളിലേന്തി നോത്ര്ദാമിലേക്ക് പ്രദക്ഷിണമായി കൊണ്ടുവന്നുവെന്നാണ് ചരിത്രവിവരണം. ക്രിസ്തുവിന്റെ പീഡാനുഭവത്തോടുള്ള രാജാവിന്റെ ഭക്തിയുടെ അസാധാരണമായ അടയാളമായിരുന്നു ആ യാത്ര.
ഈ തിരുശേഷിപ്പുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി രാജാവ് നിര്‍മിച്ച മനോഹരമായ ദേവാലയമാണ് സാന്ത് ഷാപ്പല്‍. പിന്നീട് അവിടെ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പുകള്‍ ഫ്രഞ്ച് വിപ്ലവകാലത്ത് പല സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ടു. 1801-ലെ കോണ്കോര്ഡാറ്റിനുശേഷം പാരീസ് അതിരൂപതയുടെ മെത്രാപ്പോലീത്തയ്ക്ക് തിരികെ ലഭിച്ച മുള്‍മുടിയും മറ്റ് തിരുശേഷിപ്പുകളും 1806 ഓഗസ്റ്റ് 10-ന് നോത്ര്ദാമിന്റെ ഭണ്ഡാരശേഖരത്തില് സ്ഥാപിച്ചു.
യേശുവിന്റെ ശിരസ്സില്‍ അണിയിച്ച മുള്‍മുടി എന്ന വിശ്വാസത്തോടെ ആദരിക്കപ്പെടുന്ന തിരുശേഷിപ്പ് ഇപ്പോള്‍ മുള്ളുകളില്ലാത്ത ഒരു വളയത്തിന്റെ രൂപത്തിലാണ്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതിലെ മുള്ളുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് വിതരണം ചെയ്യപ്പെട്ടതായി കരുതപ്പെടുന്നു. സ്വര്‍ണനൂലുകള്‍കൊണ്ട് ബന്ധിച്ചിരിക്കുന്ന ഈ വളയം 1896 മുതല്‍ ക്രിസ്റ്റലും സ്വര്‍ണവും ചേര്‍ന്ന പ്രത്യേക പേടകത്തിലാണ് സൂക്ഷിക്കുന്നത്.
കുരിശിന്റെ മരക്കഷണവും ഒന്‍പതു സെന്റിമീറ്റര്‍ നീളമുള്ള ആണിയും ക്രിസ്റ്റല്‍ ആവരണങ്ങളുള്ള പ്രത്യേക തിരുശേഷിപ്പ് പേടകങ്ങളില്‍ സംരക്ഷിച്ചിരിക്കുന്നു. ഇവയുടെ ചരിത്രം ജറുസലേമിലെ ക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട വിശ്വാസപാരമ്പര്യങ്ങളിലേക്ക് നീളുന്നു.
ഈ തിരുശേഷിപ്പുകള്‍ ഒരു മതസമൂഹത്തിന്റെ ഭക്തിയുടെ മാത്രം അടയാളങ്ങളല്ല; രണ്ടായിരം വര്‍ഷത്തോളമായി മനുഷ്യചരിത്രത്തെ സ്വാധീനിച്ച ക്രൈസ്തവവിശ്വാസത്തിന്റെ ഓര്‍മകളെ വഹിക്കുന്ന പ്രതീകങ്ങള്‍ കൂടിയാണ്.
വിപ്ലവത്തിന്റെ മുറിവുകളും
പുനരുജ്ജീവനവും
നൂറ്റാണ്ടുകളിലൂടെ ഫ്രാന്‍സിന്റെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ ചരിത്രത്തിന് സാക്ഷിയായ നോത്ര്ദാം കത്തീഡ്രലിന് നിരവധി പ്രതിസന്ധികളെ അതിജീവിക്കേണ്ടിവന്നിട്ടുണ്ട്.
ഫ്രഞ്ച് വിപ്ലവകാലത്ത്, 1790-കളില്‍, കത്തീഡ്രല്‍ വലിയ തോതിലുള്ള നശീകരണത്തിനും അവഹേളനത്തിനും ഇരയായി. രാജാധികാരത്തിന്റെയും സഭയുടെയും പ്രതീകമായി കണ്ടിരുന്ന ദേവാലയത്തിലെ നിരവധി മതചിഹ്നങ്ങളും ശില്പങ്ങളും തകര്‍ക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. ചില ശില്പങ്ങള് രാജാക്കന്മാരുടെ പ്രതിമകളാണെന്ന തെറ്റിദ്ധാരണയില്‍ തകര്‍ത്തുവെന്നതും ചരിത്രത്തിലെ വിചിത്രമായ അധ്യായമാണ്. ദേവാലയം ഒരു ഘട്ടത്തില്‍ മതേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടു.
എന്നാല്‍ ചരിത്രം അതിന്റെ പുനരുജ്ജീവനത്തിനും വഴിയൊരുക്കി. 1804 ഡിസംബര്‍ 2-ന് നെപ്പോളിയന് ബോണപ്പാര്‍ട്ടിന്റെ ചക്രവര്ത്തിപട്ടാഭിഷേകച്ചടങ്ങ് നടന്നത് നോത്ര്ദാമിലായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിനുശേഷം പുതിയൊരു രാഷ്ട്രീയയുഗത്തിന് തുടക്കം കുറിച്ച ആ ചടങ്ങ് കത്തീഡ്രലിന്റെ ചരിത്രത്തിലെ നിര്‍ണായക സംഭവമായി.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കത്തീഡ്രല്‍ ജീര്‍ണാവസ്ഥയിലായിരുന്നു. അതിന്റെ ചരിത്രപ്രാധാന്യവും വാസ്തുവിദ്യാമഹത്വവും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വീണ്ടും കൊണ്ടുവന്നത് വിഖ്യാത ഫ്രഞ്ച് സാഹിത്യകാരനായ വിക്ടര്‍ ഹ്യൂഗോയുടെ ‘നോത്ര്ദാം ദെ പാരിസ്’ എന്ന നോവലാണ്. 1831-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി ഇംഗ്ലീഷില്‍ ‘ദ ഹഞ്ച്ബാക്ക് ഓഫ് നോത്ര്ദാം’ എന്ന പേരിലാണ് പ്രശസ്തമായത്.
ക്വാസിമോഡോ എന്ന കൂനനും എസ്മറാള്‍ഡ എന്ന യുവതിയും അവരുടെ ജീവിതത്തിലൂടെ അനാവരണം ചെയ്യപ്പെടുന്ന സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും അധികാരത്തിന്റെയും ക്രൂരതയുടെയും കഥയും നോത്ര്ദാം കത്തീഡ്രലിനെ നോവലിന്റെ പ്രധാന കഥാപാത്രങ്ങളിലൊന്നാക്കി മാറ്റുന്നു. കത്തീഡ്രലിന്റെ ശില്പസൗന്ദര്യവും ചരിത്രവും മനുഷ്യജീവിതവും പരസ്പരം ഇഴചേര്‍ന്ന ഈ നോവല്‍ ലോകമെമ്പാടും വലിയ ജനപ്രീതി നേടി.
ഹ്യൂഗോയുടെ കൃതി സൃഷ്ടിച്ച പൊതുജനശ്രദ്ധയാണ് കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിന് വഴിയൊരുക്കിയ പ്രധാന ഘടകങ്ങളിലൊന്ന്. 1844-ല്‍ ആരംഭിച്ച പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് യൂജിന്‍ വയലേ-ലെ-ദ്യൂക് നേതൃത്വം നല്കി. 1864 വരെ നീണ്ടുനിന്ന ഈ പ്രവര്‍ത്തനങ്ങളിലൂടെ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്ന ദേവാലയത്തിന് പുതുജീവന്‍ ലഭിച്ചു. കത്തീഡ്രലിന്റെ പ്രസിദ്ധമായ ശിഖരം ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഈ പുനരുദ്ധാരണത്തിന്റെ ഭാഗമായി രൂപപ്പെട്ടു.
1944 ഓഗസ്റ്റ് 26-ന് നാസി അധിനിവേശത്തില്‍നിന്ന് പാരീസ് വിമോചിതമായതിന്റെ ആഘോഷവും നോത്ര്ദാമില് നടന്നു. അന്ന് ദേവാലയത്തില്‍ ആലപിച്ച ‘മഗ്നിഫിക്കാത്ത്’ സ്തോത്രഗാനം ഫ്രഞ്ച് ജനതയുടെ സ്വാതന്ത്ര്യത്തിന്റെയും പ്രത്യാശയുടെയും ആത്മീയപ്രതീകമായി.
ലോകത്തെ കണ്ണീരിലാഴ്ത്തിയ അഗ്നിബാധ
2019 ഏപ്രില്‍ 15. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്നായ നോത്ര്ദാം കത്തീഡ്രലിനെ അഗ്നിനാളങ്ങള്‍ വിഴുങ്ങിയ ദിവസം. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. നിമിഷങ്ങള്‍ക്കകം തീ കത്തീഡ്രലിന്റെ മേല്‍ക്കൂരയിലേക്ക് പടര്‍ന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരത്തടികള്‍കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയുടെ ഘടന അഗ്നിക്കിരയായി. കത്തീഡ്രലിന്റെ ആകാശത്തേക്ക് ഉയര്‍ന്നുനിന്നിരുന്ന പ്രസിദ്ധമായ ശിഖരം തീയില്‍ തകര്‍ന്നുവീണു. ലോകം മുഴുവന്‍ ടെലിവിഷന്‍ ദൃശ്യങ്ങളിലൂടെ ആ ദുരന്തത്തിന് സാക്ഷിയായി.
പാരീസിന്റെ ആകാശത്ത് ഉയര്‍ന്ന പുകപടലങ്ങള്‍ ഒരു നഗരത്തിന്റെ ദുഃഖം മാത്രമായിരുന്നില്ല, ലോകത്തിന്റെ സാംസ്കാരിക പൈതൃകത്തിന് ഏറ്റ മുറിവിന്റെ അടയാളമായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അകത്തളത്തിലെ നിരവധി അമൂല്യവസ്തുക്കള്‍ സംരക്ഷിക്കപ്പെട്ടു. ക്രൈസ്തവലോകത്തിലെ അമൂല്യ തിരുശേഷിപ്പായ മുള്‍മുടിയും സുരക്ഷിതമായി മാറ്റി.
അഗ്നിബാധയ്ക്കുശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കത്തീഡ്രല്‍ പുനര്‍നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. ഫ്രാന്‍സില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സഹായവാഗ്ദാനങ്ങളും സംഭാവനകളും പ്രവഹിച്ചു. കോടിക്കണക്കിന് യൂറോയുടെ സാമ്പത്തികസഹായം പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു. ശില്പികളും വാസ്തുശില്പികളും മരപ്പണിക്കാരും ലോഹവിദഗ്ധരും കലാകാരന്മാരും ഉള്‍പ്പെടെ നിരവധി മേഖലകളിലെ വിദഗ്ധര്‍ ഈ മഹാദൗത്യത്തില്‍ പങ്കാളികളായി.
അഗ്നിബാധയില്‍ നശിച്ച മധ്യകാല മേല്‍ക്കൂരയുടെ മരനിര്മാണം പുനഃസൃഷ്ടിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പഴയ നിര്‍മാണരീതികളും വസ്തുക്കളും പഠിച്ച് പരമ്പരാഗത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പുനരുദ്ധാരണം നടത്തിയത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഈ കത്തീഡ്രല്‍ പണിതുയര്‍ത്തിയ ശില്പികളുടെ സാങ്കേതികവിദ്യയും അധ്വാനവും വീണ്ടും ഓര്‍മിപ്പിക്കുന്നതായിരുന്നു ആ പ്രവര്‍ത്തനം.
വീണ്ടും തുറന്ന വിശ്വാസത്തിന്റെ വാതിലുകള്‍
അഞ്ചു വര്‍ഷത്തിലേറെ നീണ്ടുനിന്ന പുനരുദ്ധാരണപ്രവര്ത്തനങ്ങള്ക്കുശേഷം 2024 ഡിസംബര്‍ 7-ന് നോത്ര്ദാം കത്തീഡ്രല്‍ ഔദ്യോഗികമായി വീണ്ടും തുറന്നു. ഡിസംബര്‍ 8-ന് വിശുദ്ധ കുര്‍ബാനയോടുകൂടിയ പുനഃപ്രവേശനച്ചടങ്ങുകളും നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രാഷ്ട്രത്തലവന്മാരും പ്രമുഖരും ചടങ്ങുകളില്‍ പങ്കെടുത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷം ഒരു ചരിത്രസ്മാരകത്തിന്റെ പുനരുജ്ജീവനമെന്നതിലുപരി ഫ്രഞ്ച് ജനതയുടെ കൂട്ടായ ഇച്ഛാശക്തിയുടെ വിജയമായും വിലയിരുത്തപ്പെട്ടു.
അഗ്നിബാധയ്ക്കുമുമ്പുണ്ടായിരുന്ന രൂപഭംഗി വീണ്ടെടുക്കുന്നതിനൊപ്പം കത്തീഡ്രലിന്റെ അകത്തളങ്ങള്‍ കൂടുതല്‍ ശുദ്ധവും പ്രകാശപൂര്ണവുമാക്കി. നൂറ്റാണ്ടുകളുടെ പുകപടലങ്ങളും പൊടിയും നീക്കംചെയ്തതോടെ കല്ലുകളുടെ യഥാര്‍ഥ നിറവും ശില്പങ്ങളുടെ സൂക്ഷ്മതയും വീണ്ടും തെളിഞ്ഞുവന്നു. നശിച്ച മേല്‍ക്കൂരയും ശിഖരവും പുനര്‍നിര്‍മിച്ചു. പഴയ വാസ്തുവിദ്യയുടെ ആത്മാവ് നിലനിര്‍ത്തിക്കൊണ്ട് ആധുനിക സാങ്കേതികവിദ്യയുടെ സഹായവും പുനരുദ്ധാരണത്തില്‍ പ്രയോജനപ്പെടുത്തി.
ഒരു കെട്ടിടം തകരുമ്പോള്‍ അതിന്റെ പുനര്‍നിര്‍മാണം സാധ്യമായേക്കാം. എന്നാല്‍ അതിനോടൊപ്പം നൂറ്റാണ്ടുകളായി മനുഷ്യര്‍ ചേര്‍ത്തുവച്ച ഓര്‍മകളും വിശ്വാസവും സാംസ്കാരികബന്ധങ്ങളും തിരിച്ചുപിടിക്കുക അത്ര എളുപ്പമല്ല. നോത്ര്ദാമിന്റെ പുനരുദ്ധാരണം ഈ വെല്ലുവിളിയെ അതിജീവിച്ച അപൂര്‍വമായൊരു അനുഭവമാണ്.
പാരീസിന്റെ ആത്മാവും ഫ്രാന്‍സിന്റെ അഭിമാനവും
1805-ല്‍ പീയൂസ് ഏഴാമന് പാപ്പ നോത്ര്ദാമിന് മൈനര്‍ ബസിലിക്ക എന്ന ബഹുമതി നല്കി. 1905-ലെ ഫ്രഞ്ച് നിയമപ്രകാരം ഫ്രാന്‍സിലെ മറ്റ് കത്തീഡ്രലുകളെപ്പോലെ നോത്ര്ദാമിന്റെയും ഉടമസ്ഥാവകാശം സര്‍ക്കാരിനാണ്. എന്നാല്‍ ആരാധനയ്ക്കും മതപരമായ ആവശ്യങ്ങള്‍ക്കുമുള്ള പ്രത്യേക അവകാശം കത്തോലിക്കാസഭയ്ക്കാണ്. കെട്ടിടത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും ഫ്രഞ്ച് സര്‍ക്കാര്‍ ഉത്തരവാദിത്തം വഹിക്കുന്നു.
പാരീസ് അതിരൂപതയുടെ മെത്രാപ്പോലീത്തയുടെ ആസ്ഥാനമായ നോത്ര്ദാം കത്തീഡ്രല്‍ ഓരോ കാലഘട്ടത്തിലും ഫ്രാന്‍സിന്റെ ചരിത്രത്തിലെ നിര്‍ണായക സംഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. രാജാക്കന്മാരുടെ കാലവും വിപ്ലവകാലവും സാമ്രാജ്യത്വവും റിപ്പബ്ലിക്കന്‍ ഭരണവും അധിനിവേശവും വിമോചനവും എല്ലാം അതിന്റെ ചുവരുകള്‍ക്കുള്ളില്‍ ചരിത്രത്തിന്റെ അടയാളങ്ങള്‍ പതിപ്പിച്ചു.
ഫ്രാന്‍സിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് ഈ കത്തീഡ്രല്‍. പാരീസിലെത്തുന്ന ലക്ഷക്കണക്കിന് സന്ദര്‍ശകരെ ഇന്നും ആകര്‍ഷിക്കുന്ന ഈ ദേവാലയം ഒരു വിനോദസഞ്ചാരകേന്ദ്രം എന്നതിലുപരി വിശ്വാസത്തിന്റെയും കലാവൈഭവത്തിന്റെയും ചരിത്രത്തിന്റെയും സംഗമസ്ഥാനമാണ്.
നോത്ര്ദാം കത്തീഡ്രലിന്റെ ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നത് മനുഷ്യന് നിര്‍മിക്കുന്ന മഹാസൗധങ്ങളുടെ യഥാര്‍ഥ മഹത്വം അവയുടെ ഉയരത്തിലോ വലുപ്പത്തിലോ മാത്രമല്ലെന്നതാണ്. അവയ്ക്കുള്ളില്‍ തലമുറകള്‍ നിക്ഷേപിച്ച അധ്വാനവും വിശ്വാസവും സ്നേഹവും ഓര്‍മകളും കൂടിച്ചേരുമ്പോഴാണ് അവ കാലത്തെ അതിജീവിക്കുന്ന സ്മാരകങ്ങളായി മാറുന്നത്.
എട്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പ് കല്ലുകള്‍ അടുക്കിവച്ച് ഉയര്‍ത്തിയ ആ ദേവാലയത്തിന്റെ ഗോപുരങ്ങള്‍ ഇന്നും പാരീസിന്റെ ആകാശത്തേക്ക് ഉയരുന്നു. ഒരിക്കല്‍ അഗ്നി വിഴുങ്ങിയ അതിന്റെ ശിഖരം വീണ്ടും ഉയര്ന്നുനില്ക്കുന്നു. ചരിത്രത്തിന്റെ മുറിവുകള്‍ അതിന്റെ ശരീരത്തിലുണ്ടാകാം. എന്നാല്‍ ആ മുറിവുകള്‍ക്കപ്പുറം അതിജീവനത്തിന്റെ സൗന്ദര്യം കൂടുതല്‍ തിളക്കത്തോടെ തെളിയുന്നു.
നോത്ര്ദാം ഒരു കത്തീഡ്രല്‍ മാത്രമല്ല; കാലം കല്ലില്‍ എഴുതിയ വിശ്വാസത്തിന്റെ കവിതയാണ്.

