കല്ലാവോ: പെറുവിലെ ജനതയോടുള്ള സ്നേഹവും നന്ദിയും പങ്കുവെച്ച് ലെയോ പതിനാലാമൻ പാപ്പയുടെ ലാറ്റിനമേരിക്കൻ അപ്പസ്തോലിക സന്ദർശനത്തിന് സമാപനം. പന്ത്രണ്ടു ദിവസം നീണ്ട പര്യടനത്തിന്റെ അവസാന പരിപാടിയായി പെറുവിലെ കല്ലാവോയിലുള്ള ലാസ് പാൽമാസ് എയർബേസിൽ പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു.
ഏകദേശം 15 ലക്ഷം പേർ പങ്കെടുത്ത ദിവ്യബലി പെറുവിലെ വിശ്വാസസമൂഹത്തിന്റെ വലിയ സാക്ഷ്യമായി മാറി. “ഞാൻ പെറുവിനെ എപ്പോഴും എന്നോടൊപ്പം കൊണ്ടുനടക്കും” എന്ന പാപ്പയുടെ വിടവാങ്ങൽ വാക്കുകൾ വിശ്വാസികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്.പെറുവിൽ ആറു ദിവസം നീണ്ട സന്ദർശനത്തിലുടനീളം രാജ്യത്തെ 3.6 കോടി ജനങ്ങളോടും തദ്ദേശീയ സമൂഹങ്ങളോടുമുള്ള തന്റെ പ്രത്യേക സ്നേഹം പാപ്പ പ്രകടിപ്പിച്ചു. രണ്ട് പതിറ്റാണ്ടോളം പെറുവിൽ മിഷനറിയായും പിന്നീട് ചിക്ലായോ ബിഷപ്പായും സേവനം ചെയ്ത ലെയോ പാപ്പ ആഗോള സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി രാജ്യത്തെത്തിയപ്പോൾ ജനങ്ങൾ നൽകിയത് ഹൃദയസ്പർശിയായ സ്വീകരണമായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ ‘പാപ്പ ഒരു പെറുവിയൻ ആണ്’ എന്ന മുദ്രാവാക്യങ്ങളോടെയാണ് വിശ്വാസികൾ അദ്ദേഹത്തെ വരവേറ്റത്.
സന്ദർശനത്തിന്റെ അവസാനദിനത്തിൽ വിശുദ്ധ തെരേസ ജോർനെറ്റ് ഇബാർസ് സ്ഥാപിച്ച ‘ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ അബാൻഡൻഡ് എൽഡർലി’ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള വൃദ്ധസദനവും പാപ്പ സന്ദർശിച്ചു. ‘ആത്മാക്കളെ രക്ഷിക്കാൻ ശരീരങ്ങളെ പരിചരിക്കുക’ എന്ന സ്ഥാപകയുടെ ആപ്തവാക്യം അനുസ്മരിച്ച പാപ്പ, പ്രായമായവർക്കും പരിചരണം ആവശ്യമുള്ളവർക്കുമായി സ്ഥാപനം നടത്തുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞു. സമൂഹത്തിലെ ഏറ്റവും ദുർബലരായവർ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും എന്നാൽ പലപ്പോഴും അവർ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും പാപ്പ മുന്നറിയിപ്പ് നൽകി. ജീവനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനുപകരം നശിപ്പിക്കാനുള്ള പ്രവണതകൾക്കെതിരെയും അദ്ദേഹം സംസാരിച്ചു.റോം സമയം രാത്രി 7.39-ന് കല്ലാവോയിലെ വ്യോമതാവളത്തിലെത്തിയ പാപ്പയെ പെറു വൈസ് പ്രസിഡന്റും മന്ത്രിസഭാ കൗൺസിൽ പ്രസിഡന്റുമായ ലൂയിസ് ഫെർണാണ്ടോ ഗലാറെറ്റ ഔദ്യോഗികമായി യാത്രയാക്കി.
തുടർന്ന് ലാറ്റം എയർലൈൻസിന്റെ ബോയിംഗ് 787-9 വിമാനത്തിൽ പാപ്പ റോമിലേക്ക് മടങ്ങി. നവംബർ 17 ചൊവ്വാഴ്ച റോം സമയം രാവിലെ 10.25-ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.55) റോമിലെ ലിയോനാർഡോ ഡാവിഞ്ചി-ഫിയുമിച്ചിനോ വിമാനത്താവളത്തിൽ വിമാനം എത്തിച്ചേരും. തുടർന്ന് വാഹനത്തിൽ വത്തിക്കാനിലേക്ക് പോകും.

