ആലപ്പുഴ: ആലപ്പുഴ രൂപതയുടെ പുതിയ ചാൻസലറായി ഫാ. ഡോ. ജോസി കുരിശിങ്കലിനെ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ നിയമിച്ചു. രൂപതാ ചാൻസലർ, കൂദാശകൾക്കായുള്ള എപ്പിസ്കോപ്പൽ വികാർ, ‘കാത്തലിക് ലൈഫ്’ പത്രാധിപർ എന്നീ മൂന്ന് പ്രധാന ചുമതലകളാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.
ആലപ്പുഴ അർത്തുങ്കൽ വിശുദ്ധ അന്ത്രയോസ് ബസിലിക്ക ഇടവകാംഗമായ ഫാ. ജോസി കുരിശിങ്കൽ റോമിലെ പ്രശസ്തമായ പൊന്തിഫിക്കൽ ഉർബാനിയാന സർവകലാശാലയിൽനിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സഭയുടെ നിയമസംഹിത, ഭരണക്രമം എന്നിവയിൽ റോമിലെ വിവിധ ഡിക്കാസ്റ്ററികളിൽനിന്ന് ഡിപ്ലോമകളും കരസ്ഥമാക്കിയിട്ടുണ്ട്.ആലപ്പുഴ രൂപത 75-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിലാണ് പുതിയ നിയമനം. രൂപതയുടെ ഭരണപരവും അജപാലനപരവുമായ പ്രവർത്തനങ്ങളിൽ നിർണായക ചുമതലകൾ നിർവഹിക്കുന്നതിനൊപ്പം സഭയുടെയും വിശ്വാസിസമൂഹത്തിന്റെയും വളർച്ചയ്ക്ക് പുതിയ ഉത്തരവാദിത്വങ്ങൾ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് രൂപത.

