വത്തിക്കാൻ സിറ്റി: വധശിക്ഷ പൂർണമായി നിർത്തലാക്കണമെന്ന കത്തോലിക്കാസഭയുടെ നിലപാട് ഐക്യരാഷ്ട്രസഭയിൽ ആവർത്തിച്ച് വത്തിക്കാൻ. ഒക്ടോബർ 7-ന് ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസമ്മേളനത്തിൽ സംസാരിക്കവേ യുഎന്നിലെ വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് എൽ-കാസിസ് ആണ് വധശിക്ഷയ്ക്കെതിരായ നിലപാട് വ്യക്തമാക്കിയത്.
മനുഷ്യാവകാശങ്ങൾ സാർവത്രികവും എല്ലാ സാഹചര്യങ്ങളിലും സംരക്ഷിക്കപ്പെടേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഗൗരവം എത്രയേറെയാണെങ്കിലും മനുഷ്യന്റെ അന്തസ്സും ജീവിക്കാനുള്ള അവകാശവും ഇല്ലാതാകുന്നില്ല. അതിനാൽ വധശിക്ഷ മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്കു നേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റവാളികളെ ശിക്ഷിക്കുന്നതിനൊപ്പം അവരുടെ മാനസാന്തരത്തിനും പശ്ചാത്താപത്തിനുമുള്ള സാധ്യത നിലനിർത്തിക്കൊണ്ട് സമൂഹത്തെ സംരക്ഷിക്കാൻ ആധുനിക ശിക്ഷാസംവിധാനങ്ങൾക്കു കഴിയുമെന്ന് ആർച്ച് ബിഷപ്പ് വിശദീകരിച്ചു.
കുറ്റകൃത്യങ്ങളുടെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഐക്യദാർഢ്യവും പിന്തുണയും വേഗത്തിലുള്ളതും നിഷ്പക്ഷവും മാനുഷികവുമായ നീതിയും ഉറപ്പാക്കണം. എന്നാൽ, നഷ്ടപ്പെട്ട ജീവന് പകരമായി മറ്റൊരു ജീവൻ അപഹരിക്കുന്നത് നീതി പുനഃസ്ഥാപിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.തെറ്റായി ശിക്ഷിക്കപ്പെട്ട നിരപരാധിയെ വധിച്ചാൽ ആ നടപടിയുടെ പ്രത്യാഘാതങ്ങൾ തിരുത്താൻ പിന്നീട് സാധിക്കില്ലെന്നതും വധശിക്ഷയ്ക്കെതിരായ പ്രധാന വാദമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അമേരിക്കയിൽ കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്റ്റ പൈക്കിനെ സെപ്റ്റംബർ 30-ന് വധിക്കാനുള്ള ശ്രമം പരാജയപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. മാരകമായ മരുന്നുകൾ കുത്തിവച്ചിട്ടും പൈക്ക് അതിജീവിച്ചിരുന്നു.2018-ൽ ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശപ്രകാരം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലെ 2267-ാം ഖണ്ഡിക ഭേദഗതി ചെയ്തതോടെയാണ് വധശിക്ഷയെക്കുറിച്ചുള്ള സഭയുടെ പ്രബോധനം കൂടുതൽ വ്യക്തമായത്. വധശിക്ഷ വ്യക്തിയുടെ അലംഘനീയതയ്ക്കും അന്തസ്സിനും നേരെയുള്ള കടന്നാക്രമണമാണെന്നും ലോകമെമ്പാടും അത് ഇല്ലാതാക്കാൻ സഭ പ്രതിജ്ഞാബദ്ധമാണെന്നും പുതുക്കിയ പ്രബോധനം വ്യക്തമാക്കുന്നു.മനുഷ്യജീവന്റെ മഹത്വവും ഓരോ വ്യക്തിയുടെയും അന്തസ്സും സംരക്ഷിക്കപ്പെടണമെന്ന സുവിശേഷദർശനത്തിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ സഭ ഉറച്ചുനിൽക്കുന്നത്.

