അങ്കമാലി: പുണ്യജീവിതവും സഹോദരസ്നേഹവും കൊണ്ട് ശ്രദ്ധേയനായ ചെറുപുഷ്പ സഭയുടെ സ്ഥാപകൻ ഫാ. ബസീലിയൂസ് പാണാട്ട് സി.എസ്.ടി.യുടെ 50-ാം ചരമവാർഷികം മൂക്കന്നൂരിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ നാമത്തിൽ ഫാ. ബസീലിയൂസ് അച്ചൻ സ്ഥാപിച്ച സഭ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം പകരുന്ന സിഎസ്ടി സഭയായി വളർന്നിരിക്കുകയാണ്.
മൂക്കന്നൂരിൽ നടന്ന അനുസ്മരണ സമ്മേളനം ഗോരഖ്പൂർ രൂപതാധ്യക്ഷൻ മാർ മാത്യു നെല്ലിക്കുന്നേൽ സി.എസ്.ടി. ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളിലൂടെയും ഫാ. ബസീലിയൂസ് അച്ചന്റെ രചനകളിലൂടെയുമാണ് അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞതെന്ന് മാർ നെല്ലിക്കുന്നേൽ പറഞ്ഞു.സഭാ സുപ്പീരിയർ ജനറൽ ഫാ. ജോജോ ജോസഫ് വരകുകാലായിൽ സി.എസ്.ടി. അധ്യക്ഷത വഹിച്ചു. ബിഷപ് എമരിറ്റസ് മാർ തോമസ് ചക്യത്ത് അനുഗ്രഹപ്രഭാഷണം നടത്തുകയും ഫാ. ബസീലിയൂസിനെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കുകയും ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ. ജോസ് പുതിയേടത്ത് മുഖ്യപ്രഭാഷണം നടത്തി.ബിഷപ് എമരിറ്റസ് മാർ തോമസ് തുരുത്തിമറ്റം സി.എസ്.ടി., എം.സി.ബി.എസ്. സഭാ സുപ്പീരിയർ ജനറൽ ഫാ. അഗസ്റ്റിൻ പായിക്കാട്ട്, സി.എസ്.എൻ. സന്യാസിനി സഭാ സുപ്പീരിയർ ജനറൽ സിസ്റ്റർ ആനി റോസ്, സി.എം.ഐ. സഭാ വികർ ജനറൽ ഫാ. ബെന്നി നാൽക്കര, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സന്ദേശവും ചടങ്ങിൽ വായിച്ചു.
അനുസ്മരണ പരിപാടികളുടെ ഭാഗമായി അങ്കമാലി-മൂക്കന്നൂരിൽ സ്ഥിതിചെയ്യുന്ന ഫാ. ബസീലിയൂസ് അച്ചന്റെ കബറിടത്തിൽ രാവിലെ ഫാ. ജോജോ ജോസഫ് വരകുകാലായിൽ സി.എസ്.ടി.യുടെ മുഖ്യകാർമികത്വത്തിൽ ഒപ്പീസ് ചൊല്ലി പ്രാർഥന നടത്തി. തുടർന്ന് മൂക്കന്നൂർ ബേസിൽ ആശ്രമഭവൻ ദേവാലയത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു.മാർ മാത്യു നെല്ലിക്കുന്നേൽ സി.എസ്.ടി., മാർ തോമസ് തുരുത്തിമറ്റം സി.എസ്.ടി. എന്നിവർ സഹകാർമികരായി. ഫാ. ബസീലിയൂസ് അച്ചന്റെ മരണത്തിന്റെ 50-ാം വാർഷികത്തിന്റെ ഓർമ പുതുക്കി 50 വൈദികർ പ്രദക്ഷിണമായാണ് ദിവ്യബലിക്കായി ബലിവേദിയിലേക്ക് എത്തിയത്.

