തിരുവനന്തപുരം: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പ്രഥമ ദൈവദാസനും മുതിയാവിള ഇടവകയുടെ മുൻ വികാരിയുമായ ഫാ. അദെയോദാത്തൂസ് ഒ സി ഡി യുടെ 58-ാമത് ഓർമ്മത്തിരുനാളിനോടനുബന്ധിച്ചുള്ള വിശ്വാസദീപ പ്രയാണത്തിന് തുടക്കമായി.
തിരുവനന്തപുരം കാർമ്മൽഹിൽ ആശ്രമ ദൈവാലയത്തിൽ രാവിലെ 6.30ന് വിശുദ്ധ കുർബാനയോടും പ്രാർത്ഥനാ ശുശ്രൂഷകളോടും കൂടിയാണ് പ്രയാണം ആരംഭിച്ചത്. ഫാ. അദെയോദാത്തൂസിന്റെ വിശ്വാസസാക്ഷ്യവും ദൈവവിളിയുടെ ഓർമയും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ഫ്ര. അദെയോദാത്തൂസ് മെമ്മോറിയൽ ട്രസ്റ്റ് മുതിയാവിളയും കെ.ടി.ഡി.എയും സംയുക്തമായാണ് പ്രയാണം സംഘടിപ്പിക്കുന്നത്.കാർമ്മൽഹിൽ ആശ്രമ ദൈവാലയത്തിൽനിന്ന് ആരംഭിച്ച പ്രയാണം വിവിധ ഇടവകകളിലൂടെ സഞ്ചരിച്ച് പെരിക്കടവിള സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിലെത്തി. വിവിധ ഇടവകകളിലെ വൈദികരും വിശ്വാസികളും ഭക്തജനങ്ങളും പ്രയാണത്തെ സ്വീകരിച്ചു.‘വിശ്വാസദീപം തലമുറകളിലേക്ക്’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പ്രയാണം ഫാ. അദെയോദാത്തൂസിന്റെ വിശുദ്ധ ജീവിതത്തിന്റെയും നെയ്യാറ്റിൻകര രൂപതയുമായും മുതിയാവിള ഇടവകയുമായുമുള്ള അദ്ദേഹത്തിന്റെ ആത്മീയ ബന്ധത്തിന്റെയും ഓർമ പുതുക്കുന്നു.ഒക്ടോബർ 4 മുതൽ 25 വരെ നടക്കുന്ന ഓർമ്മത്തിരുനാളിന്റെ ഭാഗമായി വിശുദ്ധ കുർബാന, വിശ്വാസദീപ പ്രയാണം, കബറിടത്തിൽ പ്രാർത്ഥന, പൊന്തിഫിക്കൽ ദിവ്യബലി, അനുസ്മരണ സമ്മേളനം, ക്വിസ്–2026 തുടങ്ങി വിവിധ ആത്മീയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

