കൊല്ലം: ഹൃദ്രോഗ പ്രതിരോധത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തിലെത്തിക്കുന്നതിനായി ബിഷപ്പ് ബെൻസിഗർ ആശുപത്രിയുടെ നേതൃത്വത്തിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു. ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്.
കൊല്ലം എ.സി.പി. എസ്. ഷാജി സൈക്ലത്തോൺ ഉദ്ഘാടനം ചെയ്തു. രോഗം വന്നശേഷം ചികിത്സ തേടുന്നതിനേക്കാൾ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതാണ് വിവേകമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലിയും വ്യായാമവും ഹൃദയാരോഗ്യ സംരക്ഷണത്തിൽ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആശുപത്രി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് ലാസർ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർള മേരി, ആശുപത്രി സൂപ്രണ്ട് ഡോ. ജി. മോഹൻ, കാർഡിയോളജിസ്റ്റുമാരായ ഡോ. ജോസഫ് കാർഡോസ്, ഡോ. വർഗീസ് ബാബു, ഡോ. അനീഷ് കുമാർ സുരേന്ദ്രൻ, ഡോ. ജെറിൻ ജെയിംസ് ഡിസിൽവ, ഡോ. റോണി റൂബൻ എന്നിവർ പങ്കെടുത്തു.ബെൻസിഗർ ആശുപത്രിയിൽ നിന്ന് ആരംഭിച്ച സൈക്ലത്തോൺ ബീച്ച് റോഡ്, ബിഷപ്പ് ജെറോം തീരദേശ റോഡ് വഴി തങ്കശ്ശേരിയിലെത്തി ദേശീയപാതയിലൂടെ ആശുപത്രിയിൽ സമാപിച്ചു. ആശുപത്രി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരിയും അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് ലാസറും സൈക്കിളിൽ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ സൈക്ലിംഗ് ക്ലബുകളുടെയും പൊതുജനങ്ങളുടെയും പ്രതിനിധികളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.

