കണ്ണൂർ: കയ്റോസ് കണ്ണൂരിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹായത്തോടെ മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ 15 ദിവസത്തെ എം ഇ ഡി പി പരിശീലനം പൂർത്തിയാക്കിയ 30 വനിതാ ഗുണഭോക്താക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കയ്റോസിന്റെ സ്വാശ്രയ സംഘങ്ങളിൽ നിന്നുള്ള വനിതകളാണ് പരിശീലനത്തിൽ പങ്കെടുത്തത്.പരിശീലന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് സെപ്റ്റംബർ 3ന് നടന്ന സമാപന സമ്മേളനത്തിൽ സർട്ടിഫിക്കറ്റ് വിതരണം നടന്നു. കണ്ണൂർ രൂപതാ പ്രോക്യുറേറ്റർ ഫാ. ജോർജ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല പരിപാടി ഉദ്ഘാടനം ചെയ്തു.കയ്റോസ് കണ്ണൂർ ഡി ഡി എം ഷിജിഷിമോൻ, കയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു, ജനറൽ കോർഡിനേറ്റർ കെ.വി. ചന്ദ്രൻ, പരിശീലക സമീറ മെഹബൂബ്, കയ്റോസ് പി ആർ ഒ ലിൻഡൻ ഡിക്രൂസ് എന്നിവർ സംസാരിച്ചു. കയ്റോസ് സ്റ്റാഫ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
പരിശീലനത്തിലൂടെ ലഭിച്ച അറിവുകളും നൈപുണ്യങ്ങളും പ്രയോജനപ്പെടുത്തി സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും വനിതാ ഗുണഭോക്താക്കളെ പ്രോത്സാഹിപ്പിച്ചു. മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിലൂടെ വരുമാനമാർഗങ്ങൾ കണ്ടെത്തുന്നതിനും സംരംഭകത്വത്തിലേക്ക് കടന്നുവരുന്നതിനും പരിശീലനം സഹായകമായി.

