വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ബ്രിട്ടന്റെ പുതിയ സ്ഥാനപതിയായി ടാമി സന്ധു ചുമതലയേറ്റു. വത്തിക്കാന്‍ അപ്പോസ്തോലിക കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ലെയോ പതിനാലാമന്‍ പാപ്പായ്ക്ക് ടാമി സന്ധു ഔദ്യോഗിക നിയമന രേഖകള്‍ കൈമാറി.മുന്‍ ബ്രിട്ടീഷ് അംബാസിഡര്‍ ക്രിസ് ട്രോട്ട് സ്ഥാനമൊഴിഞ്ഞതോടെയാണ് ടാമി സന്ധു പുതിയ ദൗത്യം ഏറ്റെടുത്തത്.
ഇന്ത്യയിലെ പഞ്ചാബില്‍നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തില്‍ ലെസ്റ്ററില്‍ ജനിച്ച ടാമിക്ക് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രണ്ട് പതിറ്റാണ്ടിലേറെ നയതന്ത്ര പരിചയമുണ്ട്. മൊറോക്കോ, ബ്രസല്‍സ്, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളില്‍ വിവിധ നയതന്ത്ര ചുമതലകള്‍ വഹിച്ച ശേഷമാണ് ടാമി സന്ധു വത്തിക്കാനിലെത്തുന്നത്. വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി നിയമിതനായതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.ബ്രിട്ടനും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ പുതിയ സ്ഥാനപതിയുടെ നിയമനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ചാള്‍സ് മൂന്നാമന് രാജാവ് വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ സിസ്റ്റൈന്‍ ചാപ്പലില്‍ കത്തോലിക്കാ സഭാ തലവനോടൊപ്പം പ്രാര്‍ഥിച്ചതും ഇരു സഭകളും തമ്മിലുള്ള ബന്ധത്തിലെ ചരിത്രനിമിഷമായിരുന്നു.
ആംഗ്ലിക്കന്‍-കത്തോലിക്കാ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം ഭാവിയില്‍ ലിയോ പതിനാലാമന്‍ പാപ്പായുടെ ബ്രിട്ടന് സന്ദര്‍ശനത്തിനുള്ള സാധ്യതകള്‍ സജീവമാക്കുന്നതും പുതിയ സ്ഥാനപതിയുടെ പ്രധാന ദൗത്യങ്ങളിലൊന്നായിരിക്കുമെന്നാണ് വിലയിരുത്തല്‍.

