ഫാ. ജോഷി മയ്യാറ്റിൽ
കേരള സഭയിൽ പ്രവാചകപരമായ ഇടപെടൽ നടത്തുകയും കേരള നവോത്ഥാനത്തിന് തുടക്കമിടുകയും മലയാള ഭാഷയുടെ ആദ്യത്തെ ലക്ഷണമൊത്ത ഗദ്യകൃതിക്കു നിമിത്തമാകുകയും ചെയ്ത ആർച്ചു ബിഷപ്പ് അലക്സോ ദെ മെനസിസ് എന്ന അഗസ്റ്റീനിയൻ സന്യാസിയെ, മഹാപരിഷ്കർത്താവായ പുണ്യപുരുഷനെ തമസ്കരിക്കുകയോ താറടിക്കുകയോ വിസ്മരിക്കുകയോ ചെയ്യാൻ കഴിഞ്ഞ നാലര നൂറ്റാണ്ടായി കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ടെങ്കിലും വർഷം ചെല്ലുന്തോറും അദ്ദേഹത്തിൻ്റെ പ്രസക്തിയും പെരുമയും വർദ്ധമാനമാകുകയാണ്. അദ്ദേഹത്തെക്കുറിച്ച് പഠിക്കാൻ തയ്യാറാകുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ചരിത്രത്തോടും സംസ്കാരത്തോടും കടുത്ത അനീതിയും നന്ദികേടും ഉള്ളവർക്കു മാത്രമേ അദ്ദേഹം വിസ്മൃതനാകാൻ ആഗ്രഹമുള്ളൂ.
ജനനവും സന്ന്യാസവും ദൗത്യവും
1559 ജനുവരി 25-ന് ലിസ്ബണിൽ ജനിച്ച ഇദ്ദേഹത്തിന്റെ ആദ്യനാമം പെദ്രോ ദെ മെനസിസ് എന്നായിരുന്നു. പോർച്ചുഗലിലെ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ പിതാവ് ദോം അലക്സോ ദെ മെനസിസ് രാജസഭയിലെ സ്വാധീനമുള്ള വ്യക്തിയും സെബസ്റ്റ്യാവോ രാജാവിന്റെ സംരക്ഷകനുമായിരുന്നു. 1574 ഫെബ്രുവരി 24-ന് അദ്ദേഹം തന്റെ അമ്മാവൻ പ്രൊവിൻഷ്യലായിരുന്ന അഗസ്റ്റീനിയൻ സഭയിൽ ചേർന്നു.
ഗോവയിൽ ആർച്ച് ബിഷപ്പ് ദോം ഫ്രേ മാത്യൂസ് ദെ മെദിന രാജി വച്ചതിനെത്തുടർന്ന് 1593-1595 ഗോവയിലെ സഭാപീഠം ഒഴിഞ്ഞുകിടക്കുകയായിരുന്ന കാലഘട്ടത്തിൽ കൊച്ചി ബിഷപ്പിനായിരുന്നു ഗോവയുടെ ചുമതല. ഈ ഒഴിവു നികത്താൻ ദോം ഫ്രേ അലക്സോ ദെ മെനസിസ് 1595-ൽ ഗോവയുടെ ആർച്ച് ബിഷപ്പായി നിയമിതനായി. അഞ്ച് മാസത്തെ ദുർഘടമായ കടൽയാത്രയ്ക്കു ശേഷമാണ് അദ്ദേഹം ഗോവയിലെത്തിയത്. ഫ്രേ ക്രിസ്റ്റോവോ ദോ എസ്പിരിറ്റോ സാന്റോ, പിന്നീട് സാന്താ മോണിക്ക കോൺവെന്റിന്റെ ചുമതല വഹിച്ച ഫ്രേ ഡിയോഗോ ദെ സാന്താ അന്ന, അദ്ദേഹത്തിന്റെ സഹായ മെത്രാനായി നിയമിതനാകുകയും എന്നാൽ, ആദ്യ യാത്രയ്ക്കിടയിൽത്തന്നെ രോഗബാധിതനായി നിര്യാതനാകുകയും ചെയ്ത ഫ്രേ ഡിയോഗോ ദ കൊൺസിസാവോ എന്നിവരും യാത്രയിൽ കൂടെ ഉണ്ടായിരുന്നു.
മെനസിസ് മെത്രാൻ്റെ സംഭാവനകൾ
ഗോവയുടെ ചരിത്രത്തിൽ ഫ്രാൻസിസ് സേവ്യർ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് ഗോവ ആർച്ച് ബിഷപ്പും എസ്റ്റാദോ ദ ഇന്ത്യയുടെ ഗവർണറുമായിരുന്ന ദോം ഫ്രേ അലക്സോ ദെ മെനസിസ്. തന്റെ പ്രവാചക ധർമ്മം നിറവേറ്റുന്നതിൽ അങ്ങേയറ്റം ഉത്സുകനായിരുന്ന അദ്ദേഹം പഴയ ഗോവയിലെ സേ കത്തീഡ്രലിലും മറ്റ് പള്ളികളിലും പ്രസംഗിക്കാനുള്ള ഒരവസരവും പാഴാക്കിയിരുന്നില്ല. വചനത്താൽ രൂപീകൃതമാകുന്ന വിശ്വാസീസമൂഹങ്ങളെ ഇടവകക്കുടുംബങ്ങളായി വളർത്തുന്നതിൽ ദത്തശ്രദ്ധനായിരുന്ന അദ്ദേഹം ഗോവയിൽ 113-ലധികം ഇടവകകൾ സ്ഥാപിച്ചു.
അധാർമ്മികത, അക്രമം, സാമൂഹിക വിവേചനം, ബഹുഭാര്യാത്വം, സ്വവർഗ്ഗരതി, പൊതുവായ ധാർമ്മിക അധഃപതനം എന്നിവയാൽ നിറഞ്ഞതായിരുന്നു അന്നത്തെ ഗോവൻ സമൂഹം. ധാർമ്മികാധഃപതനം, സ്വത്ത് വകകൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തൽ, വാടക തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾക്കായി അക്കാലത്ത് നിരവധി പുരോഹിതന്മാർ ജയിലിലായിരുന്നു. അദ്ദേഹം ഈ സാഹചര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചു. തകർന്നടിഞ്ഞ സാമൂഹിക-സഭാ അന്തരീക്ഷം പുനരുദ്ധരിക്കാൻ അദ്ദേഹം കഠിനപ്രയത്നം ചെയ്തു. ഗോവ രൂപതയെ നവീകരിക്കുകയും പുരോഹിതർക്കും മതവിശ്വാസികൾക്കും കർശനമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. രൂപതയുടെ ഭരണപരമായ കാര്യങ്ങളിൽ അദ്ദേഹം ധീരമായ അനേകം മാറ്റങ്ങൾ കൊണ്ടുവന്നു.
എല്ലാ സന്ന്യാസസമൂഹങ്ങളെയും, വിശേഷിച്ച് അഗസ്റ്റീനിയൻ സമൂഹങ്ങളെ, അദ്ദേഹം പിന്തുണച്ചിരുന്നു. ഇതിന്റെ ഭാഗമായി പഴയ ഗോവയിൽ കോളേജ് ഓഫ് അവർ ലേഡി ഓഫ് പോപ്പുലോ (1602), മസ്കറ്റിൽ കോൺവെന്റ് ആൻഡ് ചർച്ച് ഓഫ് അവർ ലേഡി ഓഫ് ഗ്രേസ് (1597), ദാമനിൽ കോൺവെന്റും പള്ളിയും, കൂടാതെ മൊംബാസ, മെലിൻഡെ, സാൻസിബാർ എന്നിവിടങ്ങളിൽ പള്ളികളും അദ്ദേഹം സ്ഥാപിച്ചു.
ഏഷ്യയിലെ തന്നെ ആദ്യ സന്ന്യാസിനീ സമൂഹമായ അഗസ്റ്റീനിയൻ സമൂഹം മദർ ഫിലിപ്പയുടെ നേതൃത്വത്തിൽ ആരംഭിച്ചത് അദ്ദേഹത്തിൻ്റെ സർവതോമുഖമായ സഹകരണവും നേതൃത്വവും കൊണ്ടാണ്. അവർക്കു വേണ്ടി 1606-ൽ ഗോവയിലെ ‘റെയാൽ മോസ്തെയ്രോ ദെ സാന്ത മോണിക്ക’ നിർമിക്കാൻ ആരംഭിച്ചതും ഇദ്ദേഹമാണ്. 1627ൽ നിർമാണം പൂത്തിയായ ഈ ഭീമൻ കെട്ടിടം 400 വർഷം പൂർത്തിയാക്കുമ്പോഴും സമ്പൂർണമായും ആവാസയോഗ്യമാണ്. ഭാരത കത്തോലിക്കാ സന്ന്യാസിനീ കൂട്ടായ്മയുടെ (CRWI) പരിശീലനകേന്ദ്രമായ മാതെർ ദേയീ ഇൻസ്റ്റിറ്റ്യൂട്ട് അവിടെ കഴിഞ്ഞ അറുപത്തി രണ്ടു വർഷമായി പ്രവർത്തനനിരതമാണ്! ഇതിനകം അയ്യായിരത്തിലേറെ സന്യസ്തർ അവിടെ ദൈവശാസ്ത്ര പരിശീലനം നേടിക്കഴിഞ്ഞു.
അനാഥരായ പെൺകുട്ടികളെയും വിധവകളെയും സംരക്ഷിക്കുന്നതിനായി അദ്ദേഹം റിക്കോൾഹിമെന്റോ ദെ നോസ സെഞ്ഞോറ ദ സെറ എന്ന സ്ഥാപനം ആരംഭിച്ചു. ഈ സംരക്ഷണ കേന്ദ്രത്തിലെ വിദ്യാഭ്യാസത്തിലൂടെ ലൈംഗികത്തൊഴിലാളികളെ പോലും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞു.
പാവപ്പെട്ടവരോട് അങ്ങേയറ്റം കരുണ കാണിച്ചിരുന്ന അദ്ദേഹം, ദിവസവും തന്റെ ഭവനത്തിൽ പന്ത്രണ്ട് ദരിദ്രർക്ക് ഭക്ഷണം നൽകുന്ന പതിവ് ആരംഭിച്ചു. ദരിദ്രരെ സഹായിക്കാനായി കടം വാങ്ങാൻ പോലും അദ്ദേഹം മടിച്ചില്ല. 1597-ൽ തന്റെ അമ്മാവനായ ഫ്രേ അഗസ്റ്റിന് എഴുതിയ കത്തിൽ അദ്ദേഹം തന്റെ അവസ്ഥ വിവരിക്കുന്നുണ്ട്. താൻ അതിദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും കടബാധ്യതകൾ ഉണ്ടെന്നും അദ്ദേഹം അതിൽ കുറിച്ചു. ഇവിടത്തെ ആവശ്യങ്ങൾ വളരെ വലുതും അടിയന്തിരവുമാണ്. പാവപ്പെട്ടവരെ സഹായിക്കുന്നതു നിർത്തുന്നതിനെക്കാൾ തനിക്ക് എളുപ്പം തന്നെത്തന്നെ വിൽക്കുന്നതാണെന്ന് വികാരാധീനനായി അദ്ദേഹം എഴുതി.
കേരള നവോത്ഥാനത്തിൻ്റെ പ്രഥമനായകൻ
മലങ്കര മെത്രാപ്പോലീത്തയായിരുന്ന
മാർ അബ്രാഹത്തിൻ്റെ മരണശേഷം സിംഹാസനം ഒഴിഞ്ഞുകിടന്നപ്പോൾ (sede vacante) പോപ്പ് ക്ലെമന്റ് എട്ടാമന്റെ പ്രതിനിധി എന്ന നിലയിൽ ‘കെഴക്കൊള്ള മെത്രാന്മാർക്ക് ഒക്കെക്കും തലവൻ’ ആയിരുന്ന അദ്ദേഹം കേരളത്തിൽ ആറുമാസത്തോളം താമസിച്ച് നസ്രാണി സമൂഹങ്ങളും ദേവാലയങ്ങളും സന്ദർശിച്ച് അവിടങ്ങളിലെ വിശ്വാസ ജീവിതവും മതാനുഷ്ഠാനങ്ങളും സാമൂഹിക-സാംസ്കാരികാവസ്ഥയും പഠിച്ച്, 1599 ജൂൺ 20 മുതൽ 26 വരെ പ്രശസ്തമായ ഉദയംപേരൂർ സൂനഹദോസ് വിളിച്ചുകൂട്ടി. ട്രെൻ്റു സൂനഹദോസിൻ്റെ (1546) വെളിച്ചത്തിൽ നസ്രാണികളുടെ സഭാജീവിതത്തിൽ വരുത്തേണ്ട സമൂല നവീകരണങ്ങളുടെ കരടുരൂപം പോർട്ടുഗീസ് ഭാഷയിൽ സ്വയം എഴുതി തയ്യാറാക്കിയത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ ഈശോ സഭാംഗമായ ഫ്രാൻസിസ് റോസ് എന്ന ബഹുഭാഷാ പണ്ഡിതനെയും പള്ളുരുത്തിക്കാരൻ ചാക്കോ വെളിപ്പറമ്പിൽ കത്തനാരെയും ഒരു സംഘം വൈദികരെയും അദ്ദേഹം ചുമതലയേല്പിച്ചു. അത് 1599 ജൂൺ 20 മുതൽ 26 വരെ നടന്ന സൂനഹദോസിലെ യോഗങ്ങളിൽ വായിച്ച് ചർച്ചയ്ക്കു വിധേയമാക്കുകയും ഏവരുടെയും അഭിപ്രായങ്ങൾ ശ്രവിച്ച് തിരുത്തൽ വരുത്തുകയും ചെയ്തു. അതിൽ പങ്കെടുത്ത എല്ലാവരുടെയും (150 വൈദികരും 650 അല്മായരും ഉൾപ്പെടെ എണ്ണൂറോളം പേർ) ഒപ്പു നേടുകയും ചെയ്തിരുന്നു. 1599 ജൂൺ 26-27 തീയതികളിൽ അതിൻ്റെ അന്തിമരൂപം തയ്യാറായി.
കേരളത്തിലെ നസ്രാണികളുടെ ഇടയിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മാത്രമല്ല, വൈദികരുടെ താളം തെറ്റിയ ജീവിതങ്ങൾക്കും പരിശീലനത്തിൻ്റെ അപര്യാപ്തകൾക്കുമാണ് ഉദയംപേരൂർ സൂനഹദോസ് വിരാമമിട്ടത്. ഒപ്പം, കേരള സമൂഹത്തിൽ നിലനിന്നിരുന്ന ജാതിവിവേചനവും സ്ത്രീവിരുദ്ധതയും ശിശുഹത്യകളും എല്ലാം സൂനഹദോസ് അതിശക്തമായി വിമർശിക്കുകയും, അക്കാര്യങ്ങളിൽ തിരുത്തൽ ശക്തിയാകാനും ഇരകൾക്കു സഹായഹസ്തം നീട്ടാനും നസ്രാണി സഭയോട് ആവശ്യപ്പെടുകയും ചെയ്തു. സൂനഹദോസിൻ്റെ പുരോഗമനപരവും ധാർമികവുമായ കാഴ്ചപ്പാട് കാനോനകളിൽ സുവിദിതമാണ്. കേരള നവോത്ഥാനത്തിൽ ഉദയംപേരൂർ സൂനഹദോസ് എന്ന പ്രാദേശിക മലങ്കര സൂനഹദോസിൻ്റെ സ്ഥാനം വളരെ വലുതാണ്.
പ്രാർത്ഥനകൾ മലയാളത്തിൽ വേണമെന്നും മലയാളത്തിൽ പ്രാർത്ഥനകൾ പഠിക്കാത്തവർക്കു വൈദികപട്ടം നല്കരുതെന്നും നിഷ്കർഷിച്ച സൂനഹദോസ് അതിലൂടെ മലയാള ഭാഷയ്ക്കു ചെയ്ത സംഭാവന ചില്ലറയല്ല. “മലയാളത്തിന്റെ പ്രാധാന്യം എടുത്തുപറയുന്ന സൂനഹദോസ് കാനോനകളാണ് മലയാളത്തിൽ ഉണ്ടായ ആദ്യ ഗദ്യരചന എന്നത് സാഹിത്യചരിത്രപരമായി പ്രാധാന്യമുള്ള വസ്തുതയാണ്” എന്ന ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ പ്രസ്താവന (“കേരള ക്രൈസ്തവ സംസ്കാരത്തിൻ്റെ മാനിഫെസ്റ്റോ”, ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ – 1599, DCB, 2024, p. 21) തികച്ചും വാസ്തവമാണ്.
1599-ലെ ചരിത്രപ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസിനു ശേഷം, അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് അങ്കമാലി-കൊടുങ്ങല്ലൂർ (1600), മൈലാപ്പൂർ (1606) എന്നീ രൂപതകൾ സ്ഥാപിതമായത്.
അവസാന വർഷങ്ങൾ
1606-ൽ വൈസ്രോയി അഫോൻസോ ദെ കാസ്ട്രോയുടെ അഭാവത്തിൽ അദ്ദേഹം താൽക്കാലികമായി ഗവർണർ പദവി വഹിച്ചു. 1610-ൽ പോർച്ചുഗലിലേക്ക് മടങ്ങിയ അദ്ദേഹത്തെ ബ്രാഗയിലെ ആർച്ച് ബിഷപ്പായി നിയമിച്ചു. പിന്നീട് പോർച്ചുഗലിന്റെ വൈസ്രോയിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1617-ൽ മാഡ്രിഡിൽ വച്ച് അദ്ദേഹം അന്തരിച്ചു. 1621-ൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ബ്രാഗയിലെ പോപ്പുലോ പള്ളിയിലേക്ക് മാറ്റി സ്ഥാപിച്ചു.
ഭാരത സഭയുടെ പുരോഗതിക്കും ഗോവയിലെ പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും ഉന്നമനത്തിനുമായി ദോം ഫ്രേ അലക്സോ ദെ മെനസിസ് നൽകിയ സംഭാവനകൾ ചരിത്രത്തിൽ സ്വർണ്ണലിപികളാൽ രേഖപ്പെടുത്തേണ്ടവയാണ്.

