പ്രഫ. ഷാജി ജോസഫ്
സംവിധാനം: ഫ്രാന്‍സെസ്കോ റോസി
മാര്‍ക്വേസിന്റെ ഈ രചനയെ ആസ്പദമാക്കി പ്രശസ്ത നാടക സംവിധായകന് ദീപന് ശിവരാമന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സ്പൈനല്‍ കോഡ്’ (ഓക്സിജന്‍ തീയേറ്റര്‍ കമ്പനി) എന്ന നാടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ 1981-ല്‍ പ്രസിദ്ധീകരിച്ച നോവലയെ ആസ്പദമാക്കി, പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന് ഫ്രാന്‍സെസ്കോ റോസി അതേ പേരില്‍ പുറത്തിറക്കിയ ചലച്ചിത്രമാണ് ‘ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ്’. ഒരു കൊലപാതകത്തോടുകൂടിയാണ് സിനിമ ആരംഭിക്കുന്നത്. കൊലപാതകത്തിന്റെ നിഗൂഢതകള്‍ ഒന്നൊന്നായി അഴിച്ചെടുക്കുന്ന ആകര്‍ഷകമായ മിസ്റ്ററി-ഡ്രാമ ശൈലിയിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആരാണ് കൊല്ലപ്പെടുന്നത്, ആരാണ് കൊല്ലുന്നത് എന്നത് സിനിമയുടെ തുടക്കത്തില്‍ തന്നെ പ്രേക്ഷകന് അറിയാം. ആരാണ് കൊലപാതകി എന്ന ആകാംക്ഷയ്ക്ക് പകരം, ‘എല്ലാവര്ക്കും അറിയാമായിരുന്നിട്ടും ഈ കൊലപാതകം എന്തുകൊണ്ട് തടയാന്‍ കഴിഞ്ഞില്ല’ എന്ന ചോദ്യമാണ് ഈ സിനിമ ഉയര്‍ത്തുന്നത്.
ഒരു ചെറിയ കൊളംബിയന്‍ ഗ്രാമം. ഗ്രാമത്തിലെ എല്ലാവരും അന്യോന്യം പരിചയക്കാരാണ്. ബയാര്ദോ സാന്റോ മാന്‍ എന്ന സമ്പന്നനായ ചെറുപ്പക്കാരനും ആഞ്ചല വികാരിയോ എന്ന പെണ്‍കുട്ടിയും തമ്മില്‍ വലിയ ആഘോഷത്തോടെ വിവാഹം നടക്കുന്നു. വിവാഹരാത്രിയില്‍ ആഞ്ചല കന്യകയല്ലെന്ന് ബയാര്ദോ മനസ്സിലാക്കിയതിനാല്‍ ദേഷ്യവും നിരാശയും നിറഞ്ഞ അയാള്‍ അവളെ സ്വന്തം വീട്ടിലേക്ക് തിരികെ അയക്കുന്നു. ആഞ്ചലയുടെ പ്രവൃത്തിയില്‍ അപമാനിതരായ കുടുംബം അവളെ ക്രൂരമായി മര്‍ദ്ദിക്കുകയും, ഈ അവസ്ഥയ്ക്ക് കാരണക്കാരനായ വ്യക്തി ആരാണെന്ന് ചോദിക്കുകയും ചെയ്യുന്നു. സാന്ത്യാഗോ നാസര്‍ എന്ന യുവാവിന്റെ പേര് അവള് വെളിപ്പെടുത്തുന്നു. കുടുംബത്തിന്റെ മാനത്തിന്മേല് ഏറ്റ കളങ്കം തീര്‍ക്കാന്‍ ആഞ്ചലയുടെ ഇരട്ടസഹോദരന്മാരായ പെഡ്രോയും പാബ്ലോയും സാന്ത്യാഗോ നാസറിനെ വധിക്കാന്‍ (ദുരഭിമാനക്കൊല) തീരുമാനിക്കുന്നു. നാസര്‍ കൊല്ലപ്പെടാന്‍ പോകുന്നു എന്ന കാര്യം സഹോദരങ്ങള്‍ നാടൊട്ടുക്കും വിളിച്ചുപറയുന്നുണ്ട്. ചിലരെങ്കിലും കൊലപാതകം തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ശരിയായ സമയത്ത് സാന്ത്യാഗോയുടെ ചെവിയില്‍ എത്തുന്നില്ല.
കൊലപാതകപദ്ധതിയില് നിന്നും സത്യത്തില്‍, ആരെങ്കിലും തങ്ങളെ തടയുമെന്നും, ആ കൊലപാതകബാധ്യതയില് നിന്ന് തങ്ങള്‍ക്ക് ഒഴിവാകാന്‍ കഴിയുമെന്നും അവര്‍ ഉള്ളാലെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഗ്രാമവാസികളില്‍ ഭൂരിഭാഗവും ഇതൊരു നിസ്സാരകാര്യമായി തള്ളിക്കളയുകയോ, ‘മറ്റാരെങ്കിലും സാന്ത്യാഗോയോട് പറയും’ എന്ന് കരുതി മാറിനില്‍ക്കുകയോ ചെയ്തു. ഒടുവില്‍, സൂര്യോദയത്തോടെ സ്വന്തം വീടിന്റെ പടികളില്‍ വെച്ച്, ഗ്രാമവാസികള്‍ നോക്കിനില്‍ക്കെ സാന്ത്യാഗോ അതിദാരുണമായി കൊല്ലപ്പെടുന്നു.
മാജിക്കല്‍ റിയലിസം നിറഞ്ഞ നോവലില്‍ നിന്ന് സിനിമയിലേക്കുള്ള മാറ്റം വലിയൊരു വെല്ലുവിളിയാണ്. പ്രത്യേകിച്ചും മാര്ക്വേസിനെപ്പോലൊരു എഴുത്തുകാരന്റെ കൃതിയാകുമ്പോള്‍ അത് വളരെ സങ്കീര്‍ണ്ണമായ ഒരു ദൗത്യമായിരുന്നു. നോവല്‍ വര്‍ത്തമാനകാലത്തില്‍ നിന്നും ഭൂതകാലത്തിലേക്ക് മാറിമാറി സഞ്ചരിക്കുന്ന, ഓര്‍മ്മക്കുറിപ്പുകളുടെയും അഭിമുഖങ്ങളുടെയും ഒരു സങ്കീര്‍ണ്ണ ഘടനയാണ്. എന്നാല്‍ സാധാരണ പ്രേക്ഷകന് മനസ്സിലാകുന്ന രീതിയില്‍, കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തതയോടെ ക്രമാനുഗതമായി (ലീനിയര്‍ ഫോര്‍മാറ്റ്) സിനിമയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് ശ്രദ്ധിച്ചിട്ടുണ്ട്. നാടോടിക്കഥകളിലെപോലെ അതിശയോക്തി നിറഞ്ഞ വിവരണങ്ങള്‍ വിടാതെ സംവിധായകന് സിനിമയില്‍ കൊണ്ടുവരുന്നുണ്ട്.
നോവലില്‍ വാക്കുകളിലൂടെ സൃഷ്ടിച്ച സ്വപ്നസമാനമായ അന്തരീക്ഷവും രൂപകങ്ങളും, ഗ്രാമവാസികളുടെ നിസ്സംഗതയും കുറ്റബോധവും, ഫ്രാന്‍സെസ്കോ റോസി തന്റെ ക്യാമറാ ദൃശ്യങ്ങളിലൂടെയും അഭിനേതാക്കളുടെ ഭാവങ്ങളിലൂടെയും സ്ക്രീനില്‍ പ്രതിഫലിപ്പിച്ചു. ‘ഞാന്‍ വിചാരിച്ചു മറ്റാരെങ്കിലും സാന്ത്യാഗോയോട് പറയും’ എന്ന ഓരോ ഗ്രാമവാസിയുടെയും ചിന്ത എത്രത്തോളം വിനാശകരമാണെന്ന് സിനിമ കാണിച്ചുതരുന്നു.
സാഹിത്യത്തിലെ രൂപകങ്ങളെ (മെറ്റഫറുകള്‍) അതേപടി സിനിമയിലേക്ക് മാറ്റുക പ്രയാസമാണ്. എങ്കിലും കൊളംബിയന്‍ ഗ്രാമത്തിന്റെ അന്തരീക്ഷവും, കഥാപാത്രങ്ങളുടെ വൈകാരിക പ്രകടനങ്ങളും മാര്‍ക്വേസ് സൃഷ്ടിച്ച അതേ പശ്ചാത്തലം സ്ക്രീനിലും കൊണ്ടുവരാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
സാന്ത്യാഗോ നാസറായി എത്തിയ ആന്തണി ഡെലണ്, ബയാര്ദോയായി എത്തിയ റൂപെര്‍ട്ട് എവററ്റ് എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ദുരഭിമാനം, ലിംഗവിവേചനം, സാമൂഹിക നിസ്സംഗത എന്നീ മൂന്ന് ഘടകങ്ങളാണ് കൊലപാതകത്തിന് വഴിവെച്ചതെന്ന് സംവിധായകന് വ്യക്തമായി വരച്ചുകാട്ടുന്നു. മാര്‍ക്വേസിന്റെ പുസ്തകം വായിക്കാത്തവര്‍ക്കും വളരെ എളുപ്പത്തില്‍ ആസ്വദിക്കാനും ചിന്തിക്കാനും കഴിയുന്ന തരത്തിലുള്ള മികച്ചൊരു ചലച്ചിത്രാവിഷ്കാരമാണിത്.
സിനിമ കേവലം ഒരു കൊലപാതകകഥയല്ല, മറിച്ച് അന്നത്തെ ലാറ്റിന്‍ അമേരിക്കന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളുടെയും മാനദണ്ഡങ്ങളുടെയും നേര്‍ക്കാഴ്ചയാണ്. സിനിമയുടെ വേഗത മനഃപൂര്‍വം മന്ദഗതിയിലാണ്. അതുകൊണ്ട് ഒരു സാധാരണ പ്രേക്ഷകന് ചിലപ്പോള്‍ സിനിമ പതുക്കെയാണെന്ന് തോന്നാം. എന്നാല്‍ ആ മന്ദഗതി തന്നെയാണ് മരണത്തിലേക്കുള്ള അനിവാര്യമായ യാത്രയുടെ അനുഭവം സൃഷ്ടിക്കുന്നത്. മരണം നടക്കുമെന്ന് അറിയാം, പക്ഷേ അതിലേക്ക് എത്തുന്ന ഓരോ നിമിഷവും നീളുന്നു. ഈ സിനിമ ഒരു കൊലപാതകത്തിന്റെ കഥയല്ല; കൊലപാതകം നടക്കാന്‍ ഒരു സമൂഹം എങ്ങനെ സാഹചര്യം ഒരുക്കുന്നു എന്നതിന്റെ കഥയാണിത്.
സ്ത്രീയുടെ കന്യകാത്വം കുടുംബത്തിന്റെ ‘മാനമായി’ കാണുന്നതും, അത് നഷ്ടപ്പെട്ടാല്‍ അതിന് പകരം ചോദിക്കാന്‍ കൊലപാതകം പോലും ന്യായമാണെന്ന് കരുതുന്നതുമായ മനോഭാവത്തെ ചിത്രം രൂക്ഷമായി വിമര്‍ശിക്കുന്നു. സാന്ത്യാഗോ കൊല്ലപ്പെടാന്‍ പോകുന്നു എന്ന് ഗ്രാമത്തിലെ എല്ലാവര്ക്കും അറിയാമായിരുന്നു. എന്നാല്‍ മേയറും പുരോഹിതനും ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടി. ‘ഞാന്‍ വിചാരിച്ചു മറ്റാരെങ്കിലും തടയുമെന്ന്’ എന്ന മനോഭാവമാണ് ഒരു നിരപരാധിയുടെ ജീവനെടുത്തത്. ഒരു അനീതി നടക്കുമ്പോള്‍ ഗ്രാമം പുലര്‍ത്തുന്ന മൗനവും നിസ്സംഗതയും ആ അനീതിക്ക് തുല്യമാണ്. സാന്ത്യാഗോ നാസറിനെ കൊന്നത് ആ രണ്ട് സഹോദരന്മാര് മാത്രമല്ല, മറിച്ച് ആ കൊലപാതകം തടയാന്‍ ശ്രമിക്കാതിരുന്ന ഗ്രാമത്തിലെ ഓരോ മനുഷ്യരുമാണ്.
മാര്‍ക്വേസിന്റെ സാഹിത്യത്തോടും കഥയുടെ ആത്മാവിനോടും തികച്ചും നീതിപുലര്‍ത്തിയ മികച്ചൊരു സിനിമാനുഭവമാണിത്. സംവിധായകനും തിരക്കഥാകൃത്ത് ടോണിനോഗ്വേരയും കഥയെ കൂടുതല്‍ ദൃശ്യവും നാടകീയവുമായ രീതിയിലേക്ക് മാറ്റുന്നതില്‍ വിജയിച്ചിട്ടുണ്ട്. മാര്‍ക്വേസിന്റെ ഈ രചനയെ ആസ്പദമാക്കി പ്രശസ്ത നാടക സംവിധായകന് ദീപന് ശിവരാമന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സ്പൈനല്‍ കോഡ്’ (ഓക്സിജന്‍ തീയേറ്റര്‍ കമ്പനി) എന്ന നാടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

