ലാഹോർ: പാക്കിസ്ഥാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ചമൻ നഗരത്തിൽനിന്നുള്ള ആദ്യ കത്തോലിക്ക വൈദികനായി സലേഷ്യൻ സമൂഹാംഗമായ ഫാ. ഫറാസ് ദർശൻ. 29കാരനായ ഫറാസ് സെപ്റ്റംബർ 19ന് ലാഹോറിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ നടന്ന തിരുപ്പട്ട ശുശ്രൂഷയിലാണ് പൗരോഹിത്യം സ്വീകരിച്ചത്.
ആർച്ച് ബിഷപ്പ് ഖാലിദ് റഹ്മത്തായിരുന്നു തിരുപ്പട്ട ശുശ്രൂഷയുടെ കാർമികൻ. സെപ്റ്റംബർ 21ന് ലാഹോറിലെ ഡോൺ ബോസ്കോ ടെക്നിക്കൽ ആൻഡ് യൂത്ത് സെന്ററിൽ ഫാ. ഫറാസ് ദർശൻ പ്രഥമബലി അർപ്പിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്–അഫ്ഗാൻ അതിർത്തിയോട് ചേർന്ന തന്ത്രപ്രധാന നഗരമായ ചമനിൽനിന്ന് ആദ്യമായാണ് ഒരാൾ കത്തോലിക്ക വൈദികനാകുന്നത്.പൗരോഹിത്യ ശുശ്രൂഷ ദേവാലയത്തിന്റെ ചുവരുകൾക്കുള്ളിൽ മാത്രം പരിമിതപ്പെടേണ്ടതല്ലെന്നും സാധാരണ ജനങ്ങളുടെ ജീവിതവും അവർ നേരിടുന്ന പ്രതിസന്ധികളും വൈദികശുശ്രൂഷയുടെ പരിധിയിൽ ഉൾപ്പെടണമെന്നും ആർച്ച് ബിഷപ്പ് ഖാലിദ് റഹ്മത്ത് സന്ദേശത്തിൽ ഓർമിപ്പിച്ചു.ഡോൺ ബോസ്കോ സ്കൂളിലെ പൂർവ്വവിദ്യാർഥിയായ ഫാ. ഫറാസ്, കൗമാരകാലത്ത് പങ്കെടുത്ത യൂത്ത് സെമിനാറിലെ ആത്മീയ അനുഭവങ്ങളിലൂടെയാണ് തന്റെ ദൈവവിളി തിരിച്ചറിഞ്ഞത്. തുടർന്ന് സലേഷ്യൻ സന്യാസ സമൂഹത്തിൽ ചേർന്ന് പൗരോഹിത്യ പരിശീലനം പൂർത്തിയാക്കുകയായിരുന്നു.

