ബുഡാപെസ്റ്റ്: ലോകമെമ്പാടും പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവരുടെ ക്ഷേമത്തിനായി ഹംഗേറിയൻ സർക്കാർ നടപ്പാക്കിയിരുന്ന പ്രത്യേക സംവിധാനം നിർത്തലാക്കിയെങ്കിലും സഹായ പ്രവർത്തനങ്ങൾ തുടരാൻ സംഘടനകളുടെ നേതൃത്വത്തിൽ പുതിയ സംരംഭം. മുൻ പ്രധാനമന്ത്രി വിക്ടർ ഓർബാന്റെ നിർദേശപ്രകാരം പ്രവർത്തിച്ചിരുന്ന പീഡിത ക്രൈസ്തവർക്കായുള്ള പ്രത്യേക സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഭരണമാറ്റത്തെ തുടർന്ന് നിർത്തലാക്കിയ സാഹചര്യത്തിലാണ് സിവിൽ സൊസൈറ്റി സംഘടനകളിലൂടെ പ്രവർത്തനങ്ങൾ തുടരുന്നത്. മുൻ സ്റ്റേറ്റ് സെക്രട്ടറിയും പീഡിത ക്രൈസ്തവർക്കായുള്ള ഹംഗറിയുടെ ദൗത്യത്തിന് നേതൃത്വം നൽകിയിരുന്ന ട്രിസ്റ്റൻ അസ്ബെജ് ആണ് സഹായ പ്രവർത്തനങ്ങൾ തുടരുമെന്ന് അറിയിച്ചത്. ‘ആക്സിയോമ സെന്റർ ഫോർ പെർസിക്യൂട്ടഡ് ക്രിസ്ത്യൻസ്’ എന്ന പുതിയ സിവിൽ സൊസൈറ്റി സംരംഭത്തിലൂടെയും വിവിധ സന്നദ്ധ സംഘടനകളിലൂടെയും പീഡിത ക്രൈസ്തവർക്കുള്ള സഹായ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് സഹായമെത്തിക്കുന്നത് മുൻ സർക്കാരിന്റെ പാരമ്പര്യം നിലനിർത്തുന്നതിനുവേണ്ടി മാത്രമല്ലെന്നും, അത് ധാർമിക ഉത്തരവാദിത്തമായാണ് കാണുന്നതെന്നും അസ്ബെജ് വ്യക്തമാക്കി.
ഹംഗേറിയൻ സർക്കാരിന്റെ പ്രത്യേക വകുപ്പ് നിർത്തലാക്കിയത് യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ നിരവധി സംഘടനകൾ വലിയ നഷ്ടമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സന്നദ്ധ സഹകരണത്തിലൂടെ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വിവിധ സംഘടനകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം നേരിടുന്ന ക്രൈസ്തവർക്കായി മുൻ വിക്ടർ ഓർബാൻ ഭരണകൂടത്തിന്റെ കാലത്ത് ഹംഗറി നിരവധി സഹായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. സർക്കാർ സംവിധാനത്തിന് പകരം സിവിൽ സൊസൈറ്റി സംഘടനകളുടെ സഹകരണത്തോടെ ഈ ദൗത്യം തുടരാനാണ് പുതിയ നീക്കം.

