പ്രൊഫ. എസ്. വർഗ്ഗിസ്
പുരാതനമായ കൊല്ലം രൂപതയുടെ ചരിത്രം ആഗോള കത്തോലിക്കാ സഭാ ചരിത്രത്തോളം പാരമ്പര്യം ഉള്ളതാണ്. എഡി 52ല്‍ കേരളത്തിലെത്തിയ ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമ ഏഴു പ്രധാന സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിച്ചതായി കണക്കാക്കപ്പെടുന്നു. കൊല്ലം നഗരത്തിലെ പോര്ട്ടുകൊല്ലം പള്ളിയുടെ സ്ഥാപകന്‍ വിശുദ്ധ തോമയാണ് എന്നാണ് വിശ്വാസം. വിശുദ്ധ തോമയില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചവരാണ് കൊല്ലം ക്രിസ്ത്യാനികളുടെ പൂര്‍വ്വീകര്‍.
ആദ്യ നൂറ്റാണ്ടുകളില്‍ ജറുസലേം, അന്ത്യോക്യ, കോസ്റ്റാന്റ്നോപ്പിള്, അലക്സാണ്ട്രിയ, പേര്‍ഷ്യ, റോം തുടങ്ങയ രാജ്യങ്ങളില്‍ നിന്നു കടല്‍ മാര്‍ഗ്ഗമായും കരമാര്‍ഗ്ഗമായും ക്രിസ്തുവിന്റെ അനുയായികള്‍ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേകിച്ച് കൊല്ലത്ത് എത്തിയിരുന്നു. ചരിത്രത്തില്‍ കത്തോലിക്കരെ റോമന്‍ കത്തോലിക്കര്‍ എന്നറിയപ്പെടുതുപോലെ ഭാരതത്തിലെ മുഴുവന്‍ ക്രിസ്ത്യാനികളെയും വിദേശ രാജ്യങ്ങളില്‍ ഒരു കാലയളവില്‍ കൊല്ലം ക്രിസ്ത്യാനികള്‍ എന്നറിയപ്പെട്ടിരുന്നു.പില്ക്കാലത്തു ഭാരതത്തിന്റെ വിവധ ഭാഗങ്ങളില്‍ രൂപംകൊണ്ട ക്രൈസ്തവ വിശ്വാസികളുടെ കൂട്ടായ്മകള്‍ വ്യത്യസ്ത സഭകളായി വളര്‍ന്നത് ഏതാണ്ട് 15 -ാം നൂറ്റാണ്ടിനു ശേഷമാണ്.
വിശുദ്ധ തോമയുടെ കാലത്ത് കേരളം ഭരിച്ചിരുത് ഒന്നാം ചേരവംശരാജാക്കന്മാരായിരുന്നു. ചേര രാജ്യവംശത്തിന്റെ തലസ്ഥാനമായിരുന്നു കൊല്ലം. അന്ന് ദക്ഷിണേന്ത്യന്‍ സംസ്കാരത്തിന്റെ അറിയപ്പെടുന്ന കേന്ദ്രമായിരുന്നു കൊല്ലം. പ്രശസ്ത വ്യാപാര കേന്ദ്രമായിരുന്ന കൊല്ലത്തുനിന്നും കുരുമുളകും സുഗന്ധദ്രവ്യങ്ങളും ധാരാളമായി കയറ്റുമതി ചെയ്തിരുന്നു. കൊല്ലം ആസ്ഥാനമായി ഭരണം നടത്തുകയും പള്ളികള്‍ സ്ഥാപിക്കുകയും ക്രൈസ്തവാദര്ശ പ്രകാരമുള്ള ബലികള്‍ അര്‍പ്പിക്കുകയും ചെയ്ത ചേരരാജാക്കന്മാരും കൊല്ലം ജനതയും ക്രിസ്ത്യാനികളാണെന്ന് കരുതുന്ന ചരിത്രകാരന്മാരുമുണ്ട്. കൊല്ലം തലസ്ഥാനമായി വാണിരുന്ന ചേരരാജാക്കന്മാര് നിര്‍മ്മിച്ച പള്ളികള്‍ ജൈന-ബുദ്ധ വിഹാരങ്ങളായിരുന്നില്ല. കേരളത്തില്‍ വിശുദ്ധ തോമയും, പില്ക്കാലത്ത് പേര്‍ഷ്യന്‍ ഭാഗത്തുനിന്ന് അദ്ദേഹത്തെ തുടര്‍ന്നുവന്ന ക്രിസ്ത്യാനികളും പള്ളികള്‍ സ്ഥാപിച്ചു എന്ന പാരമ്പര്യത്തിന്റെ പ്രസക്തി മനസ്സിലാകുന്നത്.
ഒമ്പതാം നൂറ്റാണ്ടില്‍ കൊല്ലത്തുണ്ടായ ഒരു മഹാ സംഭവത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താനാണ് കൊല്ലവര്‍ഷം ആരംഭിച്ചതൊണ് വിശ്വാസം. എഡി 825 ല്‍ ആണ് കൊല്ലവര്‍ഷം ആരംഭിക്കുന്നത്. ഈ വര്‍ഷം പേര്‍ഷ്യയില്‍ നിന്ന് വ്യാപാരത്തിനായി കൊല്ലത്തെത്തിയ മറുവന് സപ്പീര് ഈശോയും അദ്ദേഹത്തോടൊപ്പമെത്തിയ പേര്‍ഷ്യന്‍ മെത്രാന്മാരായ മര്സപോറും മാര്‍ പ്രോത്തും കൊല്ലത്തു തേവള്ളിയില്‍ അവരുടെ മെത്രാസന പള്ളിയായ തരീസ്സാപ്പള്ളി സ്ഥാപിച്ചതായി രേഖകളുണ്ട്. തരീസ്സാപ്പള്ളി ആരാധനാലയം മാത്രമായിരുന്നില്ല, മെത്രാസനപ്പള്ളി ആയിരുന്നു. അതിനാല്‍ മെത്രാസനത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുവാനാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്ന വാദത്തിനു പ്രസക്തിയേറുന്നു. കൊല്ലത്തും പരിസരപ്രദേശങ്ങളിലും ധാരാളം ദേവാലയങ്ങള്‍ ഇവര്‍ സ്ഥാപിച്ചു. കൊല്ലവര്ഷാരംഭദിനമായ ചിങ്ങം ഒന്നിന് സൂര്യന് കൊല്ലത്തിന് നേരേ കിഴക്ക് ഉദിക്കുന്നു എന്നാണ് കൊല്ലവര്ഷഗണനയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷത.
കൊല്ലം ക്രിസ്ത്യാനികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ചരിത്രരേഖയാണ് തെരീസാപ്പള്ളി കോപ്പര്‍ പ്ലേറ്റ്. എഡി 849 ല്‍ കൊല്ലത്തെ ക്രിസ്ത്യാനികള്‍ക്കും തെരേസാപ്പള്ളിക്കും സാമൂഹികവും രാഷ്ട്രീയവുമായ അവകാശം നല്‍കിക്കൊണ്ട് കൊല്ലം രാജാവ് അയ്യനടികള്‍ നല്‍കിയതാണ് തെരീസ്സാപ്പള്ളികോപ്പര് പ്ലേറ്റ് (ചെമ്പ്ശാസനം) അയ്യനടികള്‍ക്ക് തെരീസ്സാപ്പള്ളി സ്വാമിയോട് ഉണ്ടായിരുന്ന ആദരം ഈയേടില് പ്രകടമാണ്. കോപ്പര്പ്ലേറ്റിന്റെ ഒരു ഭാഗം ഇന്ന് കോട്ടയം ദേവലോകം അരമനയിലും മറ്റൊരു ഭാഗം തിരുവല്ല മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ചിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇത് കൊല്ലം ക്രിസ്ത്യാനികളുടെ ചരിത്രത്തിന്റെ ഭാഗമാണ്.
13-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് കേരളത്തിലെ ക്രൈസ്തവര്‍ പാപ്പ നയിക്കുന്ന കത്തോലിക്കാ സഭ (പാശ്ചാത്യ സഭ) യുമായി ബന്ധം ആരംഭിക്കുന്നത്. പാപ്പ ഏഷ്യയിലേക്ക് അയക്കുന്ന ആദ്യത്തെ മിഷനറിയാണ് മോണ്ഡി കോര്വിനോയിലെ ജോ. 13 മാസത്തോളം കൊല്ലത്ത് താമസിച്ച് നിരവധി പേര്‍ക്ക് മാമോദീസ നല്കിയ അദ്ദേഹത്തെ പില്ക്കാലത്ത് പാപ്പ ചൈനയിലെ പീക്കിംഗിലെ ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തി. 1292 ല്‍ വെനീസില്‍ നിന്നുള്ള യാത്രക്കാരനായ മാര്‍ക്കോപോളോ ഇന്ത്യയില്‍ എത്തുകയും കൊല്ലം പ്രദേശത്ത് ധാരാളം ക്രൈസ്തവര്‍ തിങ്ങിപാര്ക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രകാരം 1329 ആഗസ്റ്റ് 9 ന് ROMANUS PONTIFEF തിരുവെഴുത്തുവഴി ജോണ്‍ ഇരുപത്തിരണ്ടാമന്‍ പാപ്പ കൊല്ലത്തെ ഭരതത്തിലെ പ്രഥമ കത്തോലിക്കാ രൂപതയായി ഉയര്‍ത്തി. പേര്‍ഷ്യയിലെ സുല്‍ത്താനിയ അതിരൂപതയുടെ സാമന്ത രൂപതയായിട്ടാണ് കൊല്ലം രൂപത സ്ഥാപിച്ചത്. അക്കാലത്ത് ലത്തീന്‍ രൂപതകള്‍ മാത്രമായിരുന്നു കത്തോലിക്കാ സഭയില്‍ ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് 1329 ഓഗസ്റ്റ് 21 ലെ തിരുവെഴുത്തുവഴി ജോര്ദ്ദാനസ്സ് കത്തലാനിയെ കൊല്ലം രൂപതയുടെ പ്രഥമ മെത്രാനായി പാപ്പ നിയമിച്ചു.
ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനകാലത്ത് ‘മിറാബിലിയഡിസ്ക്രിപ്ത’ എന്ന പ്രസിദ്ധമായ ഗ്രന്ഥം അദ്ദേഹമാണ് തയ്യാറാക്കിയത്.ആറു വര്‍ഷക്കാലം കൊല്ലം മെത്രാനായി പ്രവര്‍ത്തിയെടുത്ത ശേഷം റോമിലേക്കുള്ള യാത്രാ മധ്യേ 1336 ല്‍ ബോംബെയിലെ താനയില്‍ വച്ച് മുസ്ലീം തീവ്രവാദികളാല്‍ അദ്ദേഹം കൊല്ലപ്പെട്ടു. ആദ്യത്തെ മെത്രാന് രക്തസാക്ഷിയായതിനെതുടര്ന്ന് 1348 ല്‍ പാപയുടെ പ്രതിനിധിയായി ജോണ്‍ ഡി മരിഞ്ഞോളി കൊല്ലം സന്ദര്‍ശിച്ചതായി രേഖകള്‍ ഉണ്ട്. ഈ കാലയളവില്‍ കൊല്ലത്ത് മൂതാക്കരയില്‍ ഉള്ള സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ആയിരുന്നു ഏതാണ്ട് 16 മാസക്കാലം അദ്ദേഹം താമസിച്ചത്.
കൊല്ലത്ത് ലത്തീന്‍ റീത്തിലും കല്‍ദായ റീത്തിലുമുള്ള ക്രിസ്ത്യാനികളെ കണ്ടുവെന്നും, ലോകത്തിലെ മുഴുവന്‍ കുരുമുളകും ഉല്പാദിപ്പിക്കുന്നത് ഈ നഗരത്തിലാണെന്നും, ഇവിടത്തെ വ്യാപാരം നിയന്ത്രിക്കുന്നത് വിശുദ്ധ തോമാ ക്രിസ്ത്യാനികളാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ കാലയളവില്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് നിരന്തരമായി വിശ്വാസ പരിശീലനമോ കൂദാശ സ്വീകരണമോ ലഭിച്ചിരുന്നില്ല. പോര്ച്ചുഗീസ്കാരുടെ വരവോടെയാണ് വിശ്വാസത്തിലും ആചാരത്തിലുമുള്ള പൊരുത്തക്കേടുകള്‍ തിരിച്ചറിയുകയും നവീകരണത്തിനുള്ള പരിശ്രമങ്ങള്‍ തുടങ്ങിയതും. മാര്‍ത്തോമ ക്രിസ്ത്യാനികളുടെ നവീകരണത്തിനായി പാപ്പയുടെ അനുമതിയോടെ ഗോവ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായ അലക്സിസ് മെനസിസ് 1599ല്‍ ഉദയംപേരൂര്‍ സൂനഹദോസ് വിളിച്ചു ചേര്‍ത്തു. സാമൂഹ്യ അനാചാരങ്ങള്‍ക്ക് എതിരെയുള്ള സൂനഹദോസിന്റെ തീരുമാനങ്ങള്‍ മാര്‍ത്തോമ ക്രിസ്ത്യാനികളെ രണ്ടായി വിഭജിച്ചു. പില്ക്കാലത്ത് ഈ സൂനഹദോസ് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. പാപ്പയെ അംഗീകരിക്കുന്നവരും അംഗീകരിക്കാത്തവരും രണ്ട് ചേരിയായി. സുറിയാനി ഭാഷ ഉപയോഗിക്കുന്നവരും ലത്തീന്‍ ഭാഷ ഉപയോഗിക്കുന്നവരും രണ്ട് തട്ടിലായി. ചുരുക്കത്തില്‍ സുറിയാനി കത്തോലിക്കാ സഭയും ഓര്‍ത്തഡോക്സ് യാക്കോബായ സഭകളും ജന്മം എടുക്കുന്നത് ഉദയംപേരൂര്‍ സൂനഹദോസിന് ശേഷമാണ്.
കൊല്ലം പ്രദേശത്തെ ആദിമ തോമാ ക്രിസ്ത്യാനികളില്‍ നിന്നാണ് ഇന്നത്തെ വിവിധ ക്രൈസ്തവ സഭകള്‍ ജന്മമെടുത്തത്. 1498ല്‍ പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെയാണ് രാഷ്ട്രീയമായ അധികാരം സ്ഥാപിക്കുന്നതോടൊപ്പം ക്രിസ്തുമതം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിന് ആരംഭം കുറിച്ചത്. കത്തോലിക്കാ സഭയുടെ സുവിശേഷ വല്‍ക്കരണത്തിന് പോര്‍ച്ചുഗല്‍ നല്കുന്ന സേവനങ്ങളെ പരിഗണിച്ച് ചില പ്രത്യേക അധികാരങ്ങള്‍ പാപ്പ പോര്‍ച്ചുഗല്‍ രാജാവിന് നല്കി. പുതുതായി കണ്ടുപിടിക്കപ്പെടുന്ന രാജ്യങ്ങളില്‍ സുവിശേഷ പ്രചരണത്തിനുള്ള അവകാശം പാപ്പ പോര്‍ച്ചുഗലിനും സ്പെയിനിനും വീതിച്ചു നല്കി. അങ്ങനെ ഭാരതം സഭാപരമായി പോര്‍ച്ചുഗലിന്റെ അധികാര പരിധിയില്‍ എത്തി. പാപ്പായും പോര്‍ച്ചുഗല്‍ രാജാവും തമ്മിലുള്ള ഈ ഉടമ്പടി പാദ്രുവാദോ ഉടമ്പടി എറിയപ്പെടുന്നു. പോര്ച്ചുഗീസുകാര്ക്കൊപ്പമാണ് ഈശോസഭാ വൈദീകരും പില്ക്കാലത്ത് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറും കേരളത്തില്‍ വരുന്നത്. കൊല്ലം, കൊച്ചി, കൊടുങ്ങല്ലൂര്‍, തിരുവനന്തപുരം, കോട്ടാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരുന്നു ഇവരുടെ പ്രവര്‍ത്തന മേഖല. പോര്‍ച്ചുഗീസ് ഭരണത്തിന്റെ സിരാ കേന്ദ്രമായ ഗോവാ നഗരത്തെ 1533 ല്‍ പാപ്പ ഒരു രൂപതയായി ഉയര്‍ത്തി . ഇങ്ങനെ ഇന്ത്യയിലെ പ്രേഷിത പ്രവര്‍ത്തനത്തിന്റെ കടിഞ്ഞാണ്‍ പോര്‍ച്ചുഗലിന് ലഭിച്ചു. 1557 ല്‍ ഗോവയെ അതിരൂപതയായി ഉയര്‍ത്തുകയും കൊച്ചി കേന്ദ്രമായി പുതിയ സാമന്ത രൂപത സ്ഥാപിക്കുകയും ചെയ്തു. മംഗലാപുരം മുതല്‍ കന്യാകുമാരി വരെ ഉള്ള പ്രദേശങ്ങള്‍ കൊച്ചി രൂപതയുടെ അധീനതയിലായി.
കൊച്ചി രൂപതയുടെ ആവിര്‍ഭാവത്തോടെ പഴയ കൊല്ലം രൂപത അപ്രത്യക്ഷമായി. 1336 ല്‍ മുംബൈയില്‍ വച്ച് കൊല്ലം രൂപതാ പ്രഥമ മെത്രാന് വധിക്കപ്പെട്ട ശേഷം ഏതാണ്ട് 500 വര്‍ഷക്കാലം കൊല്ലം രുപത കൊച്ചി രൂപതയുടെ ഭാഗമായും അതിനുശേഷം മലബാര്‍ വികാരിയേറ്റിന്റെ ഭാഗമായും പ്രവര്‍ത്തിച്ചു. 1845 ല്‍ പാപ്പ സ്വതന്ത്ര വികാരിയേറ്റ് പദവി നല്കി കൊല്ലത്തെ അനുഗ്രഹിച്ചു. 1886 സെപ്റ്റംബര്‍ ഒന്നിന് ലെയോ പന്ത്രണ്ടാമന് പാപ്പ കൊല്ലം രൂപതയെ വീണ്ടും പുനഃസ്ഥാപിച്ചു.
ആദിമ ക്രൈസ്തവര്‍ അനുഭവിച്ചതുപോലുള്ള ഭീകര മത പീഡനമാണ് 1808 ല്‍ കൊല്ലം ക്രൈസ്തവര്‍ക്കും നേരിടേണ്ടി വന്നത.് 1800 ല്‍ വേലുത്തമ്പി ദളവ തിരുവിതാംകൂറിന്റെ ദിവാനായി അധികാരമേറ്റു. ബ്രിട്ടീഷുകാരുമായി ഉടമ്പടിയുണ്ടാക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെ ഉപദേശിച്ചവരില്‍ പ്രധാനിയായിരുന്നു വേലുത്തമ്പിദളവ. ദളവയുടെ ഈ പ്രവര്‍ത്തനം രാജ്യസ്നേഹമല്ലായിരുന്നു. അന്ന് ബ്രിട്ടീഷ് റസിഡന്റ് കേണല്‍ മെക്കാളേയുടെ അനുവാദത്തോടും അനുഗ്രഹത്തോടുംകൂടിയാണ് രാജാവ് തമ്പിയെ ദളവ(ദിവാന്) ആയി നിയമിച്ചത്. ആദ്യകാലത്ത് ദളവ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉറ്റ സൗഹൃദത്തിലായിരുന്നു. ദളവയും ബ്രിട്ടീഷുകാരുമായി ഉണ്ടായിരുന്ന സൗഹൃദം അധികനാള്‍ നീണ്ടുനിന്നില്ല. വേലുത്തമ്പിയുടെ കാലത്ത് കൊല്ലമായിരുന്നു തിരുവിതാം കൂറിന്റെ ഭരണ കേന്ദ്രം. ബ്രിട്ടീഷ് റസിഡന്റും കൊല്ലത്തായിരുന്നു താമസം. 1809 ല്‍ കൊല്ലത്തെ ആശ്രാമത്ത് റസിഡന്റ് ബംഗ്ലാവില്‍ വസിച്ചിരുന്ന കേണല്‍ മറോ യുമായി പൊരുത്തപ്പെട്ടുപോകാന്‍ വേലുത്തമ്പിക്ക് കഴിഞ്ഞില്ല. സര്‍ക്കാരിനു നല്‍കേണ്ട നികുതികള്‍ വന്‍തോതില്‍ കുടിശ്ശിക വരുത്തിയ മാത്യു തരകന്റെ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ദളവകല്പ്പന പുറപ്പെടുവിച്ചു. ആ ഉത്തരവ് രാജാവിന്റെ സമ്മതത്തോടെ കേണല്‍ മറോ റദ്ദാക്കി. ഇതോടെ ദളവ ബ്രിട്ടീഷുകാര്‍ക്കെതിരെ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ ക്ഷേത്രങ്ങളില്‍ കുരിശും കൊടിയും കെട്ടി, ബ്രാഹ്മണസ്ത്രീകളെ സംസര്‍ഗ്ഗം ചെയ്ത്, അധര്‍മ്മങ്ങള്‍ ചട്ടങ്ങളാക്കി തീര്‍ത്തു എന്ന് പറഞ്ഞാണ് ദളവ ആളുകളെ ഇളക്കിയത്. ഈ എതിര്‍പ്പ് ക്രമേണ വര്‍ഗ്ഗീയ ലഹളയായി രൂപന്തരപ്പെട്ടു. ക്രിസ്ത്യാനികളുടെ തെരസ്സാപ്പള്ളിയും വാസസ്ഥലങ്ങളുമെല്ലാം അഗ്നിക്കിരയാക്കി. മൂവായിരത്തിലധികം ക്രിസ്ത്യാനികളും ഒന്‍പത് വൈദീകരും ഈ മര്‍ദ്ദനകാലത്ത് കൊല്ലപ്പെട്ടു. വെട്ടിക്കൊലപ്പട എന്ന അപരനാമത്തില്‍ അറിയപ്പെട്ട ദളവയുടെ പടയാളികളായിരുന്നു അതിന് നേതൃത്വം വഹിച്ചത്. മേല്‍ വിവരിച്ച മര്‍ദ്ദനകാലത്ത് ക്രൈസ്തവര്‍ കൊല്ലം വിട്ടോടി പ്രാണരക്ഷാര്‍ത്ഥം അയല്‍ പ്രദേശങ്ങളില്‍ അഭയം തേടി കായംകുളം പ്രദേശത്തും അഷ്ടമുടി കായലിന്റെ കിഴക്കേതീരങ്ങളിലും കുടിയേറിയതായി ചരിത്രം പറയുന്നു.
1809 ല്‍ കൊല്ലത്തുവച്ചു നട യുദ്ധത്തില്‍ ദളവയുടെ സൈന്യം ബ്രിട്ടീഷുകാരുടെ മുന്പില് പരാജയപ്പെട്ടു. അന്ന് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച അഞ്ച് പീരങ്കികളാണ് കൊല്ലത്ത് പീരങ്കി മൈതാനത്ത് നെഹ്റുപാര്ക്കില് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തകര്‍ന്നുപോയ തെരിസ്സപ്പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അഗ്നിക്ക് ഇരയാകാതെ കിടന്ന ചേപ്പേടുകള്‍ കണ്ടെത്തിയത് റസിഡന്റ് മരോയുടെ താല്പര്യത്തിലായിരുന്നു. അദ്ദേഹവും മാത്യു തരകനുമായുള്ള സൗഹാര്‍ദ്ദം നിമിത്തം തരിസ്സാപ്പള്ളി ചെപ്പേടുകള്‍ യാക്കേബായ സഭക്കാരുടെ കയ്യില്‍ കോട്ടയത്ത് എത്തിച്ചേര്‍ന്നു. വേലുത്തമ്പിയെപ്പോലെ നരനായാട്ടിനു നേതൃത്വം നല്കിയ വര്‍ഗ്ഗീയ വാദിയെ പില്ക്കാലത്ത് സ്വാതന്ത്ര്യ സേനാനി എന്നു വിശേഷിപ്പിച്ചത് വിരോധാഭാസമായിതോന്നാം.
തകര്‍ന്നുപോയ തരിസ്സാപ്പള്ളി നിന്ന സ്ഥലത്താണ് ഇന്നു നാം കാണുന്ന തേവള്ളിക്കൊട്ടാരം ഉയര്‍ന്നുവന്നത്. പില്ക്കാലത്ത് അഗ്നിക്കിരയായ തരിസാപള്ളി പ്രശ്നം ഉയര്‍ന്നുവന്നു. അന്നത്തെ തിരുവിതാംകൂര്‍ രാജാവുമായി കൊല്ലം ബിഷപ്പ് ഫെര്‍ഡിനാന്റ് ഓസി നടത്തിയ ചര്‍ച്ചകളുടെ ഫലമായി അഗ്നിക്കിരയായ തരിസ്സാപ്പള്ളിക്കു പകരം രാജാവില്‍ നിന്നും ലഭിച്ച സ്ഥലമാണ് ഇന്ന് ബിഷപ്പ് ജറോം നഗര്‍ നില്ക്കുന്ന 2 ഏക്കര്‍ ഏഴ് സെന്റ് ഭൂമി.
ആദ്യ നൂറ്റാണ്ടുകളില്‍ കൊല്ലം ക്രിസ്ത്യാനികളും പാപ്പ തലവനായുള്ള ആഗോളകത്തോലിക്കാ സഭയും തിരുവിതാംകൂറില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളും സുവിശേഷ വല്‍ക്കരണ പ്രവര്‍ത്തനവുമാണ് മേല്‍ വിവരിച്ചത്. കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് ലത്തിന് കത്തോലിക്കാസഭയുടെ സംഭാവനകള്‍ പില്ക്കാല ചരിത്രകാരന്മാര് വിസ്മരിച്ചു എത് ഒരു യാഥാര്‍ത്ഥ്യമാണ്. പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യപരിപാലനം, ആതുര ശുശ്രൂഷ, അച്ചടി, മലയാള വ്യാകരണം, നിഘണ്ടു നിര്‍മ്മാണം, ഹിന്ദി അക്ഷരമാല തുടങ്ങിയ മണ്ഡലങ്ങളില്‍ പൊതു സമൂഹത്തിന് വഴികാട്ടാന്‍ ലത്തീന്‍ കത്തോലിക്ക സഭക്ക് സാധിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, സാമൂഹ്യതിന്മകള്, തീണ്ടല്, ജാതി വിവേചനം, സ്ത്രീ വിവേചനം, അയിത്തം, എന്നിവക്കെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയത് യൂറോപ്യന്‍ മിഷണറിമാരും ലത്തീന്‍ കത്തോലിക്കസഭയുമാണ്. 16-ാം നൂറ്റാണ്ടില്‍ തന്നെ കൊല്ലത്ത് ദിവ്യരക്ഷകന് കോളജ്,1570 ല്‍ അച്ചടിയന്ത്രങ്ങള്, എന്നിവ സ്ഥാപിച്ചു. ആദ്യമായി കേരളത്തില്‍ അച്ചടിക്കപ്പെട്ട മലയാള ഗ്രന്ഥങ്ങളാണ് തമ്പുരാന് വണക്കം (കൊല്ലം-1578), സംക്ഷേപവേദാര്‍ത്ഥം (കൊല്ലം-1772), സത്യനാദ കാഹളം മാഗസിന്. കേരള നവോത്ഥാനത്തിന് അടിത്തറ പാകാന്‍ പില്ക്കാല സാമൂഹ്യനവോദ്ധാന നായകന്മാര്ക്ക് ദിശാബോധം നല്കുവാനും ലത്തീന്‍ കത്തോലിക്കാ സഭക്കും കൊല്ലം ക്രിസ്ത്യാനികള്‍ക്കും സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം, ജേര്‍ണലിസം, ജനാധിപത്യ നീക്കം, സ്ഥിതി സമത്വം, സവര്‍ണര്‍ക്കെതിരെ സമരം, പിന്നാക്ക വിഭാഗങ്ങളുടെ ഐക്യം തുടങ്ങിയവ മാറ്റത്തിന്റെ കാഹളം മുഴക്കി. ബിഷപ് ബെന്സിംഗര് കൊല്ലത്തിന് ആഗോള സഭയില്‍ തന്നെ പ്രമുഖ സ്ഥാനം നേടിയെടുക്കുവാന്‍ ആ മഹായോഗിക്ക് കഴിഞ്ഞു.

