തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കേൾവി-സംസാര പരിമിതരുടെ കൂട്ടായ്മയും പരിശീലന പരിപാടികളും പുല്ലുവിള ഫെറോന ദേവാലയത്തിൽ നടന്നു.
അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി നൂറിലധികം പേർ സംഗമത്തിൽ പങ്കെടുത്തു. കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.പുല്ലുവിള ഫെറോന വികാരി ഡോ. ഡൈസൻ മുഖ്യകാർമികത്വം വഹിച്ച ദിവ്യബലിയോടെയാണ് സംഗമത്തിന് തുടക്കമായത്. നെയ്യാറ്റിൻകര രൂപത കുടുംബശുശ്രൂഷ ഡയറക്ടർ ഫാ. ജോസഫ് രാജേഷ് വചനവിചിന്തനം നടത്തി. ഫാ. ജൻസിറ്റൻ ആംഗ്യഭാഷയിലൂടെ സന്ദേശം വിവർത്തനം ചെയ്തു. സ്നേഹവിരുന്നിനു ശേഷം കേൾവി-സംസാര പരിമിതർക്കായി തൊഴിൽ പരിശീലനവും വിവിധ ഫെറോനകളുടെ നേതൃത്വത്തിൽ കലാപരിപാടികളും സംഘടിപ്പിച്ചു. ഉച്ചയ്ക്കുശേഷം നടന്ന പൊതുസമ്മേളനം പുല്ലുവിള ഇടവക വികാരി ഫാ. ആന്റണി എസ്.ബി.യുടെ അധ്യക്ഷതയിൽ നടന്നു. തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ. ഉദ്ഘാടനം ചെയ്തു. കോവളം എം.എൽ.എ അഡ്വ. വിൻസന്റ് മുഖ്യപ്രഭാഷണം നടത്തി. റവ. ഡോ. ഡൈസൻ അനുഗ്രഹപ്രഭാഷണം നടത്തി.വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച കേൾവി-സംസാര പരിമിതരെ ചടങ്ങിൽ ആദരിച്ചു. പുല്ലുവിള ഇടവക സഹവികാരി ഫാ. ഐഷൻ, ഇടവക കൗൺസിൽ സെക്രട്ടറി സ്റ്റെല്ലസ് ഫ്രാൻസിസ്, കുടുംബശുശ്രൂഷ കൺവീനർ ബിജു സ്റ്റീഫൻ എന്നിവർ ആശംസകൾ നേർന്നു.അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലീൻ എം. കൃതജ്ഞതയും രേഖപ്പെടുത്തി.കേൾവി-സംസാര പരിമിതരുടെ ആത്മീയ അജപാലനവും ജീവിതാന്തസ്സും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കുടുംബശുശ്രൂഷയുടെ കീഴിൽ പ്രവർത്തിക്കുന്ന എഫ്ഫാത്ത ഫോറമാണ് സംഗമത്തിന് നേതൃത്വം നൽകിയത്.

