ജയിംസ് അഗസ്റ്റിൻ
ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നമായ കായികവിഭാഗമാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അഥവാ ബി.സി.സി.ഐ. എന്നാൽ 1983-ൽ ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യൻ ടീമംഗങ്ങൾക്ക് പാരിതോഷികം കൊടുക്കാൻ പണമില്ലാതെ വിഷമിച്ച ഒരു കാലം ഇതേ ക്രിക്കറ്റ് ബോർഡിനുണ്ടായിരുന്നു. അന്ന് ഇന്ത്യൻ ക്രിക്കറ്റിന് താങ്ങായത് ഗായിക ലത മങ്കേഷ്കറും അവരുടെ പാട്ടുമായിരുന്നു.ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

രണ്ടു ലോകകപ്പുകൾ തുടർച്ചയായി നേടി മൂന്നാം ലോകകപ്പ് നേടാൻ വന്ന വെസ്റ്റ് ഇൻഡീസ്, കരുത്തരായ ഇംഗ്ലണ്ട്,ഓസ്ട്രേലിയ എന്നിവരിൽ ആരെങ്കിലും ലോകകപ്പ് നേടുമെന്നായിരുന്നു പ്രവചനങ്ങളും പത്രവാർത്തകളും. ഇന്ത്യ ആദ്യറൗണ്ടിൽ തന്നെ പുറത്താകുമെന്നു ഇന്ത്യൻ ക്രിക്കറ്റ് ബോർഡും കരുതി. പക്ഷെ ലോകക്രിക്കറ്റിൽ ഇന്ത്യ ഒരു വിസ്മയമായി അന്ന് ഉദിച്ചുയർന്നു. കപിൽദേവ് എന്ന യുവനായകൻ ക്രിക്കറ്റിന്റെ തറവാടായ ലോർഡ്സ് മൈതാനത്ത് കപ്പുയർത്തി ഇന്ത്യയുടെ വിജയപ്രയാണത്തിനു തുടക്കം കുറിച്ചു. ഈ വിജയത്തോടെ ഇന്ത്യയിൽ ക്രിക്കറ്റ് കൂടുതൽ പ്രചാരം നേടി. ഇന്ത്യ പിന്നീട് മൂന്നു ലോക കിരീടങ്ങൾ നേടി. യൂത്ത് ക്രിക്കറ്റിൽ ഇന്നും ഇന്ത്യയ്ക്കാണ് മേധാവിത്തം. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഇന്നത്തെ ആസ്തി 18,760 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ ആസ്തി 674 കോടി രുപ മാത്രമാണ്.1983 -ൽ ബി.സി.സി.ഐ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ഒരു സംഘടനയായിരുന്നു.
ലോകകപ്പ് ജേതാക്കളായ ടീമിന് നൽകാൻ ബോർഡിന്റെ കൈവശം വലിയ തുകയൊന്നും ഉണ്ടായിരുന്നില്ല; അന്ന് സമ്മാനത്തുകയായി ലഭിച്ചത് 20,000 പൗണ്ട് മാത്രമായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായഹസ്തവുമായി ഇന്ത്യയുടെ ഗായിക ലതാ മങ്കേഷ്കർ കടന്നുവന്നു. അന്നത്തെ ബിസിസിഐ പ്രസിഡന്റ് എൻ.കെ.പി. സാൽവെ സഹായത്തിനായി ലതാ മങ്കേഷ്കറെ സമീപിച്ചു. ബി.സി.സി.ഐ-യുടെ അഭ്യർത്ഥന മാനിച്ചു ഒരു ധനസമാഹരണ സംഗീത പരിപാടി സംഘടിപ്പിക്കാൻ ലതാ മങ്കേഷ്കർ തയ്യാറായി. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലൂടെ 20 ലക്ഷം രൂപ സമാഹരിക്കാൻ സാധിച്ചു. വിജയിച്ച ടീമിലെ ഓരോ അംഗത്തിനും ഇതിൽ നിന്ന് ഒരു ലക്ഷം രൂപ വീതം ലഭിച്ചു. 25000 രൂപ വീതം ഓരോ കളിക്കാരനും നൽകാൻ തീരുമാനിച്ചിരുന്ന ക്രിക്കറ്റ് ബോർഡിന് ഒരു ലക്ഷം വീതം നൽകാൻ കഴിഞ്ഞു. നാല് മണിക്കൂർ നീണ്ടുനിന്ന ആ സംഗീത പരിപാടിയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ‘ഭാരത് വിശ്വ വിജേത’ എന്ന ഗാനമായിരുന്നു. വിജയികളായ ഇന്ത്യൻ ടീമിനു ആദരവ് നല്കാൻ തയ്യാറാക്കിയ ഈ ഗാനം ചിട്ടപ്പെടുത്തിയത് ലതാ മങ്കേഷ്കറുടെ സഹോദരൻ ഹൃദയനാഥ് മങ്കേഷ്കറായിരുന്നു.
പ്രശസ്ത ഗാനരചയിതാവ് ഇന്ദീവർ വരികൾ എഴുതി. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ ഓരോ അംഗവും വേദിയിൽ ലതയോടൊപ്പം ഈ ഗാനം ആലപിച്ചു.ക്രിക്കറ്റിനെ ഏറെ സ്നേഹിച്ചിരുന്ന ലതാ മങ്കേഷ്കർ ലോർഡ്സിൽ നടന്ന ആ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. ഫൈനൽ മത്സരത്തിന് മുൻപ്, താൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് കപിൽ ദേവിനെയും ടീം അംഗങ്ങളെയും അവർ അത്താഴവിരുന്നിന് ക്ഷണിക്കുകയും ചെയ്തു.ലതാ മങ്കേഷ്കറുടെ ജീവിതത്തിൽ സംഗീതം കഴിഞ്ഞാൽ ഏറ്റവും പ്രിയപ്പെട്ട വികാരമായിരുന്നു ക്രിക്കറ്റ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ മുഹൂർത്തങ്ങളിൽ ഒരു ആരാധികയായും, രക്ഷാധികാരിയായും, അമ്മയായുമെല്ലാം അവർ നിറഞ്ഞുനിന്നിരുന്നു.

സച്ചിൻ ടെണ്ടുൽക്കർ ലതാജിയെ മറാത്തിയിൽ അമ്മ എന്നർത്ഥം വരുന്ന ‘ആയി’ എന്നാണ് വിളിച്ചിരുന്നത്. സച്ചിൻ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോഴെല്ലാം പ്രാർത്ഥനയോടെ ടിവിക്ക് മുന്നിലിരിക്കുന്ന ഒരു അമ്മയായിരുന്നു ലതാജി. സച്ചിൻ തന്റെ നൂറാമത്തെ അന്താരാഷ്ട്ര സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ മുംബൈയിൽ നടന്ന ആഘോഷച്ചടങ്ങിൽ സച്ചിന്റെ ആവശ്യപ്രകാരം 83-കാരിയായ ലതാ മങ്കേഷ്കർ ‘മേരാ സായാ സാഥ് ഹോഗാ’ എന്ന ഗാനം ആലപിച്ച് അദ്ദേഹത്തിന് സമർപ്പിച്ചു.ലതയുടെ ഈ വലിയ മനസ്സിനോടുള്ള ആദരസൂചകമായി ഇന്ത്യയിൽ നടക്കുന്ന എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും അവർക്കായി രണ്ട് വി.ഐ.പി. ടിക്കറ്റുകൾ ജീവിതകാലം മുഴുവൻ ബി.സി.സി.ഐ സൗജന്യമായി മാറ്റിവെച്ചു. വർഷങ്ങൾക്ക് ശേഷം 2003-ൽ പൂനെയിൽ ലത മങ്കേഷ്കർ നിർമിച്ച ആശുപത്രിയുടെ ധനസമാഹരണത്തിനായി ബി.സി.സി.ഐ ഒരു പ്രദർശന മത്സരം സംഘടിപ്പിച്ച് തങ്ങളുടെ കടപ്പാട് രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ താരങ്ങളായ സച്ചിനും സൗരവ് ഗാംഗുലിയും ഉൾപ്പെടെ എല്ലാ കളിക്കാരും ഉൾപ്പെട്ട ഇന്ത്യൻ ടീം ശ്രീലങ്കൻ ടീമിനെയാണ് നേരിട്ടത്. ഒരു കോടി രൂപ ലതാജിയുടെ ആശുപത്രി നിർമാണത്തിനു നല്കാൻ സാധിച്ചു.

2022-ൽ ലതാജി വിടവാങ്ങിയപ്പോൾ, വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ കറുത്ത ആംബാൻഡ് അണിഞ്ഞാണ് തങ്ങളുടെ പ്രിയപ്പെട്ട ഗായികയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. സംഗീതം കൊണ്ട് ഇന്ത്യയെ ഒന്നിപ്പിച്ച ലതാ മങ്കേഷ്കർ, ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയുടെ ഓരോ പടവിലും നിശബ്ദമായ ഒരു കരുത്തായി കൂടെയുണ്ടായിരുന്നു. ലതാജിയുടെ പാട്ടും ഇന്ത്യൻ ടീമിനോടൊപ്പമുണ്ടായിരുന്നു.

