വാർസോ: യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള പോളണ്ടിലെ യാരോസ്ലാവ് ബെനഡിക്ടൻ ആശ്രമത്തിലുണ്ടായ ആക്രമണത്തിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു.
മൂന്ന് വൈദികർ ഉൾപ്പെടെ അഞ്ചുപേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഫാ. സ്റ്റാനിസ്ലാവ് സ്ബോയ്നോവിച്ച് (67) ആണ് മരിച്ചത്.സെപ്റ്റംബർ 24 വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് ആക്രമണമുണ്ടായത്. സംഭവസ്ഥലത്തെത്തിയ യാരോസ്ലാവ് പോലീസ് 31കാരനായ യുക്രൈൻ പൗരനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.സംഭവത്തിൽ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അനുശോചനം രേഖപ്പെടുത്തി.
മരിച്ച വൈദികന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. കുറ്റവാളിക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും സമഗ്രമായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു.ആക്രമണത്തെ പോളിഷ് ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് തദേവൂസ് വോയ്ഡ അപലപിച്ചു. ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നതായും പരിക്കേറ്റവരോടും അവരുടെ കുടുംബങ്ങളോടും ആത്മീയ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രെസെമ്സ് ആർച്ച് ബിഷപ്പ് മോൺ. ആദം സാൽ സെപ്റ്റംബർ 26 ശനിയാഴ്ച എല്ലാ ഇടവകകളിലും പ്രത്യേക പ്രാർത്ഥനകൾ നടത്താൻ ആഹ്വാനം ചെയ്തു. ജപമാല, കരുണയുടെ കൊന്ത, ദിവ്യകാരുണ്യ ആരാധന, പ്രത്യേക പ്രാർത്ഥനാനിയോഗങ്ങളോടെയുള്ള വിശുദ്ധ കുർബാന എന്നിവയിലൂടെ വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.ഫാ. സ്റ്റാനിസ്ലാവ് സ്ബോയ്നോവിച്ചിന്റെ സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 28 തിങ്കളാഴ്ച വൈകുന്നേരം ആറിന് ബെനഡിക്ടൻ ആശ്രമത്തിൽ നടക്കും.

