കൊച്ചി :പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംവേദക മേഖലകളുടെ (ESA) സംരക്ഷണവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പ്രാബല്യത്തിൽ വരുന്നതായുള്ള വാർത്തകൾ മുഖ്യധാരാമാധ്യമങ്ങൾ പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങൾ പാരിസ്ഥിതിക സംവേദക മേഖലകളായി പ്രഖ്യാപിച്ചാൽ അതിൽ ലക്ഷക്കണക്കിന് ഏക്കർ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടും. കേരളത്തിലെ കർഷകസമൂഹത്തിനും സാധാരണജനങ്ങൾക്കും താങ്ങാനാവാത്ത ദുരന്തം ആയിരിക്കും ഫലം. അതിനാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ സത്വരമായ ഇടപെടലുകൾ നടത്തുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയും വേണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ അഭ്യർത്ഥിച്ചു.
പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംവേദക മേഖലകൾ സംബന്ധിച്ച ആശങ്കകൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണം, എഫ് സി ആർ എ ഭേദഗതി: കേന്ദ്ര സർക്കാർ നീക്കത്തിലെ ആശങ്കകൾ പരിഹരിക്കപ്പെടണം, മദ്യ ഉപഭോഗം കുറയ്ക്കാനുള്ള ക്രിയാത്മക നടപടികൾക്ക് സർക്കാർ ഊന്നൽനൽകണം, കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കോണമി നയരേഖയുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട കരിമണൽ – കടൽ ഖനന ആശയങ്ങൾ കേരളത്തിലെ തീരദേശവാസികളെ വലിയ ആശങ്കയിൽ അകപ്പെടുത്തിയിട്ടുള്ളതാണ്. കരിമണൽ – കടൽ ഖനന നീക്കങ്ങൾ പുനഃപരിശോധിക്കണമെന്നും ഇത്തരം വിഷയങ്ങൾ സംബന്ധിച്ച് ഗൗരവകരമായ ശ്രദ്ധയും സത്വരമായ ഇടപെടലുകളും സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കെ സി ബി സി ജാഗ്രത കമ്മിഷൻ അഭ്യർത്ഥിച്ചു.

