കൊച്ചി: ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിൽ വധുവിന്റെ അച്ഛനായി ക്രിസ്ത്യൻ പുരോഹിതൻ നിൽക്കുന്നത് അപൂർവമായ സംഭവമാണ്. ബെത്ലഹേം ആശ്രമത്തിലെ പാര്വതിയുടെവിവാഹം നടന്നത് ഹൈന്ദവാചാരപ്രകാരമായിരുന്നു. വധുവിന്റെ പിതാവിന്റെ സ്ഥാനത്തുനിന്ന് കൈപിടിച്ചു കൊടുത്തത് കത്തോലിക്ക വൈദികനായ ഫാ. റോയി മാത്യു വടക്കേലായിരുന്നു.
കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്ടന്‍പതാല്‍ ബെത്ലഹേം ആശ്രമത്തില്‍ ഒരു വയസുള്ളപ്പോഴാണ് പാര്‍വതി എത്തുന്നത്. അന്ന് മുതല്‍ അവള്‍ക്ക് പിതാവിന്റെ സ്ഥാനത്ത് തണലായി നിന്നത് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് അംഗം കൂടിയായ ഫാ. റോയി മാത്യുവാണ്.
വിവാഹത്തിനുള്ള ചെലവുകള്‍ വഹിച്ചതും ആശ്രമമായിരുന്നു. ജാതി-മതഭേദമന്യേ അനേകര്‍ സഹായിച്ചു. 25 വര്‍ഷമായി ബെത്ലഹേം ആശ്രമത്തിന്റെ ഡയറക്ടറാണ് ഫാ. റോയി വടക്കേല്‍. എസ്.എച്ച് സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്സാണ് അവിടുത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

