കോട്ടപ്പുറം: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നതായി കോട്ടപ്പുറം ബിഷപ്പ് ഡോ. അം ബ്രോസ് പുത്തൻവീട്ടിൽ . ഒരു വർഷമായി മുനമ്പം ജനത നടത്തുന്ന നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്കും സമരങ്ങൾക്കും ദൈവം നല്കിയ സമ്മാനമാണ് ഈ വിധി.
ന്യായമായ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ജനങ്ങൾക്ക് ഈ വിധി പ്രത്യാശ നൽകുന്നു. പൊതുജനത്തിന് നീതിപീഠത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഈ വിധി.
മുനമ്പം ജനതയുടെ റവന്യൂ അവകാശം സംരക്ഷിക്കാനും അവർക്ക് നീതി ലഭ്യമാക്കാനും സർക്കാർ നിയമിച്ച സി.എൻ രാമചന്ദ്രൻ നായർ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്ത സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ച് മുനമ്പം ജനത ആഗ്രഹിച്ച ന്യായമായ വിധി സമ്പാദിക്കാൻ സംസ്ഥാന സർക്കാർ എടുത്ത അവസരോചിതമായ നടപടികളെ ബിഷപ്പ് അഭിനന്ദിച്ചു.
ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ പാവപ്പെട്ട 610 കുടുംബങ്ങളുടെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനും വില കൊടുത്തു വാങ്ങിയ ഭൂമിയുടെ ഉടമസ്ഥതയും അതിൻമേലുള്ള റവന്യൂ അവകാശങ്ങളും തിരികെ നൽകാനും സംസ്ഥാന സർക്കാർ സത്വരം നടപടികൾ സ്വീകരിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

