ജെയിംസ് അഗസ്റ്റിൻ
പാപബോധവും പശ്ചാത്താപവും
കർത്താവേ എനിക്കേകണേ
കണ്ണീരോടും വിലാപത്തോടുമെൻ
പാപം ഞാനേറ്റു ചൊല്ലിടാം
നീതിമന്യനായ് അന്യരെ താഴ്ത്തി
ദുർവിധികൾ ഞാൻ ചെയ്യില്ല
പാപകാരണം അന്യരാണെന്ന
ന്യായവാദവും ചെയ്യില്ല
ആത്മവഞ്ചന ചെയ്തു ഞാനെന്റെ
പാപത്തെ പൂഴ്ത്തി വയ്ക്കില്ല
പാപമേതുമേ എന്നിലില്ലെന്നു
ചൊല്ലും വിഡ്ഢി ഞാനാകില്ല
മലയാള ക്രിസ്തീയഭക്തിഗാനചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ അനുതാപസങ്കീര്ത്തന ഗാനമാണിത്. നാല്‍പ്പതു വര്‍ഷത്തിലധികമായി ഈ ഗാനം നാം ആലപിക്കുന്നു. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച മഞ്ഞുമ്മല്‍ കര്‍മ്മലീത്താ വൈദികരുടെ പോപ്പുലര്‍ മിഷന് ധ്യാനങ്ങളിലും ബൈബിള്‍ കണ്‍വെന്‍ഷനുകളിലും പതിനായിരങ്ങളെ കുമ്പസാരത്തിനൊരു ക്കിയ ഗാനമാണിത്.
സുവിശേഷഭജനകള് എന്ന പേരില്‍ കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ (സി.ആര്.സി.) മഞ്ഞുമ്മല്‍ പ്രകാശനം ചെയ്ത കസെറ്റിലേതാണ് ഈ ഗാനം. പതിനെട്ടു പാട്ടുകളാണ് കസെറ്റില്‍ ചേര്‍ത്തിരുന്നത്. ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി ഒ.സി.ഡി. എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ജോബ് മാസ്റ്റര്‍ ആയിരു ന്നു. ധ്യാനങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും പാടാന്‍ കഴിയുന്ന തരത്തിലാണ് ജോബ് മാസ്റ്റര്‍ ഈ ഗാനങ്ങള്‍ക്കു സംഗീതം നല്‍കിയത്.
ജോബ് മാസ്റ്റര്‍ ജോര്‍ജ് മാസ്റ്ററുമായി ചേര്‍ന്നാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരുന്നതെങ്കിലും കുറെ ആല്‍ബങ്ങള്‍ക്ക് തനിച്ചും സംഗീതം നല്‍കിയിട്ടുണ്ട്.
മുണ്ടഞ്ചേരി അച്ചനുമായി ചേര്‍ന്ന് പുറത്തിറക്കിയ ഗാനങ്ങള്‍ക്കെല്ലാം ജോബ് മാസ്റ്റര്‍ തനിച്ചാണ് സംഗീതം നല്‍കിയത്. ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ വിജയപുരം രൂപതാ ധ്യക്ഷനായി സേവനം ചെയ്ത നാളുകളില്‍ കോട്ടയത്തു നിന്നും കുറെ അധികം ഭക്തിഗാന കസെറ്റുകള്‍ ഇറങ്ങിയിട്ടുണ്ട്. അവയിലും സംഗീതം കെ.വി. ജോബ് എന്നാണ് രേഖപ്പെടു ത്തിയിട്ടുള്ളത്.
കരിസ്മാറ്റിക് ധ്യാനങ്ങളില്‍ ഗാനശുശ്രൂഷയ്ക്ക് സവിശേഷമായ പ്രാധാന്യമുണ്ടെന്ന് അറിയാമായി രുന്ന ഫാ.സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി ലളിതമായ പദപ്രയോഗങ്ങളിലൂടെയാണ് ഗാനരചന നിര്‍വഹിച്ചിരുന്നത്. ധ്യാനങ്ങളില്‍ പങ്കെടുക്കാന്‍ വരുന്ന എല്ലാവര്ക്കും ഗ്രാഹ്യമാകുന്നതാകണം പാട്ടുകളും പ്രാര്ഥനകളുമെന്നു മുണ്ടഞ്ചേരിയച്ചന് ആഗ്രഹിച്ചിരുന്നു. ഓരോ ഗാനങ്ങളെഴുതും മുന്‍പ് അള്‍ത്താരയ്ക്കു മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ച ശേഷമായിരുന്നു അദ്ദേഹം പേന കയ്യിലെടുത്തിരുന്നത്.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കരിസ്മാറ്റിക് ധ്യാനത്തിലെ അനുതാപത്തിന്റെ ദിനത്തിനായി വിശ്വാസികളെ ഒരുക്കുന്നതിനാണ് ഈ ഗാനം പഠിപ്പിക്കുകയും പാടുകയും ചെയ്തിരുന്നത്.
പാപബോധം നല്‍കണമെന്ന പ്രാര്‍ഥനയും ഇനി മറ്റുള്ളവരെ വിധിക്കുകയോ പാപം മറച്ചു വയ്ക്കുകയോ ചെയ്യില്ലെന്ന വാഗ്ദാനവും വരികളില്‍ നമുക്ക് വായിക്കാം. എന്റെ പാപങ്ങള്‍ക്ക് കാരണം അന്യരാണെന്ന് ന്യായീകരിക്കില്ലെന്ന പ്രതിജ്ഞയും എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇന്നും നമ്മുടെ ദേവാലയങ്ങളില്‍ ഏറ്റുപറച്ചിലിന്റെ ഗീതമായി ഈ ഗാനം ആലപിക്കപ്പെടുന്നു.
മാതൃകരങ്ങളില്‍, സുവിശേഷ സൗഖ്യം, ജനതകള്‍ക്ക് പ്രകാശം, സുവിശേഷശാന്തി, ധ്യാനഗീതങ്ങള് എന്നീ കസെറ്റുകളിലെ ഗാനങ്ങളും മുണ്ടഞ്ചേരി അച്ചന് എഴുതിയതാണ്. ഫ്രഡി പള്ളന്‍, വിന്‍സെന്റ് മൂഷശ്ശേരി, സേവ്യര്‍ വല്ലാര്‍പാടം, റീനി, ജാസ്മിന്, ജോണ്സണ്, ഷേര്‍ളി എന്നിവരായിരുന്നു ഗായകര്‍.
ജോബ് മാസ്റ്ററുകളുടെ പാട്ടുകള്‍ അദ്ദേഹത്തിന്റെ മകന് അജയ് ജോസഫ് പുതിയ തലമുറക്കായി റെക്കോര്‍ഡ് ചെയ്തു പുനരവതരിപ്പിക്കുന്ന പദ്ധതിയില്‍ ഈ പാട്ടും ഒരുക്കിയിട്ടുണ്ട്. കെസ്റ്ററിന്റെ സ്വരത്തില്‍ അജയ് ജോസഫ് ഡിജിറ്റല്‍ മീഡിയയുടെ യൂട്യൂബ് ചാനലില്‍ ഈ ഗാനം കേള്‍ക്കാം. ജോബ് മാസ്റ്ററുടെ ജന്മദിനമായ ജൂണ്‍ 16നു ഇതേ ഗാനം ഗായത്രി ആലപിച്ചത് പ്രകാശനം ചെയ്യും.
മുണ്ടഞ്ചേരി അച്ചനും ജോബ് മാസ്റ്ററും കടന്നുപോയെങ്കിലും നമ്മെ അനുതാപത്തിലേക്കു കൈപിടിച്ചു നടത്താന്‍ സ്വരസാന്നിധ്യമായി ഈ ഗാനം ഇവിടെയുണ്ട്.