ന്യൂ ഡൽഹി: ഇന്ത്യ ഒരു റിപ്പബ്ലിക് രാഷ്ട്രമായി മാറിയതിൻ്റെ ഓർമ പുതുക്കി റിപ്പബ്ലിക് ദിനാ ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിൻ്റെ 76-ാമത് റിപ്പബ്ലിക് ദിനം വർണാഭമായി രാജ്യതലസ്ഥാനം കൊണ്ടാടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിച്ചു.
രാവിലെ 10.30ന് രാഷ്ട്രപതി ദ്രൗപതി മുർമു കർത്തവ്യപഥിൽ എത്തിയതോടെ പരേഡിന് തുടക്കമായി. റിപ്പബ്ലിക് ദിന പരേഡുകളും വ്യോമ, സാംസ്കാരിക പ്രദർശനങ്ങളും പ്രത്യേക കാഴ്ചയൊരുക്കും. രാജ്യത്തിന്റെ പൈതൃകത്തെയും സംസ്കാരത്തെയും ഉയര്‍ത്തുന്ന 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡ് ഉണ്ടാകും.
ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രവോബോ സുബിയാന്തോ മുഖ്യാതിഥിയാകും. പരേഡിൽ ഇൻഡോനേഷ്യയെ പ്രതിനിധീകരിക്കുന്ന ബാന്റുസംഘവും മാർച്ചുചെയ്യും. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ് സുബിയാന്തോ. വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം അയ്യായിരം ആദിവാസികൾ അണിനിരക്കുന്ന കലാരൂപങ്ങളും പരേഡിൽ അണിനിരക്കും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരമേഖല കനത്ത സുരക്ഷാ വലയത്തിലാണ്.
പരേഡുകൾക്ക് പുറമേ, സാംസ്കാരിക പ്രദർശനങ്ങളും ടാബ്ലോകളും ചടങ്ങിന് മാറ്റുകൂട്ടുന്നവയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 16 ടാബ്ലോകളും കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ എന്നിവയിൽ നിന്നുള്ള 15 ടാബ്ലോകളും പരേഡിൽ പങ്കെടുക്കും. ബ്രഹ്മോസ്, പിനാക, ആകാശ് എന്നിവയുൾപ്പെടെയുള്ള ചില അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ സൈനികര്‍ പ്രദര്‍ശിപ്പിക്കും. പരേഡിന് സാക്ഷ്യം വഹിക്കാൻ ഏകദേശം 10,000 വിശിഷ്ടാതിഥികള്‍ എത്തിയിട്ടുണ്ട്.