ജെക്കോബി
ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷയുടെയും സൈനിക പ്രതിരോധത്തിന്റെയും ഇന്റലിജന്‍സ് ശൃംഖലകളുടെയും അജയ്യതയുടെ ഐതിഹാസിക സങ്കല്പമെല്ലാം തകര്‍ന്നടിഞ്ഞ 2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികാനുസ്മരണം കഴിഞ്ഞ് പത്താം നാള്, ആ കൂട്ടക്കുരുതിയുടെ മുഖ്യസൂത്രധാരനായ പലസ്തീനിയന്‍ ഹമാസ് തീവ്രവാദി നേതാവ് യഹ്യ സിന്‍വറിനെ (61) തെക്കന്‍ ഗാസയിലെ റഫായില്‍ താല് അല്‍ സുല്‍ത്താന്‍ ഭാഗത്ത് പട്രോളിങ്ങിനു പോയ ഇസ്രയേല്‍ സൈന്യത്തിന്റെ 828-ാം ബിസ് ലമാക്ക് ബ്രിഗേഡ് യൂണിറ്റിലെ യുവസൈനികര്‍ ടാങ്ക് ഷെല്‍ ആക്രമണത്തില്‍ കൊന്നത് അപ്രതീക്ഷിതമായാണ്.
അതിനു മുന്‍പ്, സെപ്റ്റംബര്‍ 27ന് ലെബനനിലെ ബെയ്റൂട്ടിന്റെ തെക്കുഭാഗത്തെ ഷിയാ മുസ് ലിം മേഖലയായ ദഹിയേയിലെ അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങള്‍ക്കു താഴെയായുള്ള ഭൂഗര്‍ഭ കമാന്‍ഡ് സെന്ററില്‍ ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ സയ്യിദ് ഹസന് നസ്റല്ലയെ (64) ‘ഉന്മൂലനം ചെയ്യാന്‍’ ഇസ്രയേലി വ്യോമസേനയുടെ എഫ്-15ഐ പോര്‍വിമാനങ്ങള്‍ 2,000 പൗണ്ടിന്റെ ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യുനീഷനുള്ള 80 യുഎസ് നിര്‍മിത ബിഎല്‍യു-109 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വിക്ഷേപിക്കുകയായിരുന്നു. ഇസ്രയേലിനെ തൊട്ടുകളിക്കുന്നവര് എവിടെ പോയി ഒളിച്ചാലും അവരുടെ കഥ കഴിച്ചിരിക്കും എന്ന് ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞുതീരും മുന്‍പാണ്, ലെബനനില്‍ ഹിസ്ബുല്ല ശ്രേണിയുടെ പ്രധാന കമ്യൂണിക്കേഷന്‍ ഡിവൈസുകളായ പേജറുകളും വോക്കി-ടോക്കിയും ദേശവ്യാപകമായി ഒരേസമയത്ത് പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തില്‍ വിറങ്ങലിച്ചിരുന്ന ഷിയാ തീവ്രവാദി കമാന്‍ഡര്‍മാരുടെ സമുന്നത വ്യൂഹം നസ്റല്ലയ്ക്കൊപ്പം ബങ്കര്‍ ബസ്റ്റര്‍ സ്ഫോടനങ്ങളില്‍ മണ്ണടിഞ്ഞത്. നസ്റല്ലയുടെ പിന്‍ഗാമിയായി അവരോധിക്കപ്പെടാനിരുന്ന അദ്ദേഹത്തോടു രൂപസാദൃശ്യമുള്ള കസിന് – പ്രവാചകന്റെ പിന്തുടര്‍ച്ചക്കാരെന്ന പാരമ്പര്യത്തിന്റെ അടയാളമായി കറുത്ത തലേക്കെട്ടാണ് ഇരുവരും ധരിച്ചിരുന്നത് – ഹിസ്ബുല്ല എക്സിക്യുട്ടീവ് കൗണ്‍സില്‍ തലവന്‍ ഹാഷിം സഫിയുദ്ദീനും സമാനരീതിയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസം സ്ഥിരീകരിക്കപ്പെട്ടു.
ഫത്താ നിയന്ത്രണത്തിലുള്ള പലസ്തീന് അതോറിറ്റിയെ ഗാസാ മുനമ്പില്‍ നിന്ന് തുരത്തി അധികാരം പിടിച്ചെടുത്ത ഹമാസ് തീവ്രവാദികള്‍ പത്തുവര്‍ഷത്തെ തദ്ദേശഭരണത്തില്‍ ‘ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെ’ പിടിച്ചടക്കാനുള്ള സൈനികതന്ത്രത്തിന്റെ ഭാഗമായി ഗാസയിലെ ജനങ്ങളെയും സിവില്സമൂഹപ്രസ്ഥാനങ്ങളെയും മറയാക്കി 350 മൈല്‍ ദൈര്‍ഘ്യമുള്ള ടണലുകളും ഒളിസങ്കേതങ്ങളും തീര്‍ത്ത്, 40,000 സായുധപോരാളികളുടെ 24 ബറ്റാലിയനുകള്‍ക്കു രൂപം നല്കി 15,000 റോക്കറ്റുകളും ആയുധപ്പുരകളും ഒരുക്കിയാണ് ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന്റെ ഹൈടെക് സുരക്ഷാവേലി ഭേദിച്ച് തെക്കന്‍ ഇസ്രയേലിലെ കിബുത് സുകളിലും പട്ടണങ്ങളിലും ഭീകരാക്രമണം നടത്തി 1,200 പേരെ കൊന്നൊടുക്കിയത്.
പെണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും പുരുഷന്മാരും അതിക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളായി, പിഞ്ചുകുഞ്ഞുങ്ങളുടെ തലയറുത്തു, കുടുംബങ്ങളെ ജീവനോടെ ചുട്ടുകൊന്നു. ഗാസ അതിര്‍ത്തിക്കടുത്ത് നെഗേവ് റയിം മരുഭൂമിയില്‍ സൂപ്പര്‍നോവ സുക്കോത്ത് സംഗീതോത്സവത്തില്‍ പങ്കെടുത്ത 364 യുവജനങ്ങളെയും കശാപ്പുചെയ്തു. ഗാസാ തുരങ്കങ്ങളിലേക്കു തട്ടിക്കൊണ്ടുപോയ 251 ബന്ദികളില്‍ 117 പേരെ ഖത്തറും ഈജിപ്തും യുഎസും ചേര്‍ന്ന് നടത്തിയ മധ്യസ്ഥശ്രമങ്ങളിലൂടെ ജീവനോടെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു; 37 മൃതദേഹങ്ങള്‍ വീണ്ടെടുത്തു. ഒരുവര്‍ഷത്തിലേറെയായി രാജ്യാന്തര നിയമപ്രകാരം റെഡ് ക്രോസ് പോലുള്ള ഒരു ഏജന്‍സിക്കും ബന്ധപ്പെടാനാകാതെ, മെഡിക്കല്‍ സഹായം പോലും ലഭ്യമാക്കാതെ ഭൂഗര്‍ഭ തടങ്കല്‍പാളയത്തില്‍ കഴിയുന്ന 101 ബന്ദികളെ മോചിപ്പിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എത്രപേര്‍ ജീവനോടെ അവശേഷിക്കുന്നു എന്നു വ്യക്തമല്ല. 2023 ഒക്ടോബര്‍ ഏഴിന് മരിച്ചവരുടേത് അടക്കം 29 മൃതദേഹങ്ങള്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. തായ്ലന്ഡുകാരായ എട്ടുപേരും ഒരു നേപ്പാളിയും ഒരു ഫ്രഞ്ച്-മെക്സിക്കനും കൂട്ടത്തിലുണ്ടായിരുന്നു. 18-19 വയസുള്ള അഞ്ച് ഇസ്രയേലി വനിതാ സൈനികര്‍ അടക്കം 14 വനിതകളെക്കുറിച്ച് വിവരമൊന്നുമില്ല.
ഗാസയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തെ ഇസ്രയേലി സൈനിക നടപടികള്‍ക്കിടെ 42,800 പേര് കൊല്ലപ്പെടുകയും 100,400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസ് കണക്കുകളില്‍ പറയുന്നു. വടക്കന്‍ ഗാസയിലെ ബെയ്ത് ഹാനൂന്‍, ബെയ്ത് ലാഹിയ, ജബാലിയ അഭയാര്‍ഥി ക്യാമ്പ്, ജബാലിയ പട്ടണം എന്നിവിടങ്ങളില്‍ നിന്ന് ഇസ്രയേലി സൈന്യം പലസ്തീന്‍കാരെ ഒഴിപ്പിക്കുകയാണ്. യുദ്ധാനന്തരം ഗാസാ നഗരത്തിനുമേല്‍ പിടിമുറുക്കാനുള്ള ഇസ്രയേലിന്റെ ജനറല്‍ പ്ലാനിന്റെ ഭാഗമായി ഈ നീക്കം വിലയിരുത്തപ്പെടുന്നുണ്ട്.
തെക്കന്‍ ലെബനനില്‍ നിന്ന് 2023 ഒക്ടോബര്‍ എട്ടു മുതല്‍ തുടര്‍ച്ചയായി ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിവന്ന ഹിസ്ബുല്ലയുടെ നേതൃനിരയെ ഒന്നൊന്നായി ഇസ്രയേല്‍ വ്യോമാക്രമണങ്ങളിലൂടെ ചുട്ടുകൊല്ലുകയാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആയുധബലമുള്ള രാഷ്ട്രേതര സൈനികശക്തിയാണ് ഹിസ്ബുല്ല. ഇസ്രയേലിനെതിരെ ഇറാനിലെ ഷിയാ ഇസ്ലാമിക പൗരോഹിത്യം മധ്യപൂര്‍വേഷ്യയില്‍ സൃഷ്ടിച്ചിട്ടുള്ള ‘ചെറുത്തുനില്പിന്റെ അച്ചുതണ്ടിന്റെ’ ആധാരബിന്ദു. ലെബനീസ് സൈന്യത്തെക്കാള്‍ വിപുലമായ സംവിധാനവും ആയുധശേഖരവുമുണ്ട് ഹിസ്ബുല്ലയ്ക്ക്. അറബ് രാജ്യമല്ലെങ്കിലും അറബ്-ഇസ്രയേലി സംഘര്‍ഷത്തില്‍ ഇടപെടുന്ന ഇറാന്റെ ചട്ടുകം എന്ന നിലയ്ക്ക് ലബനനില്‍ ഭരണഘടനാബാഹ്യശക്തിയായി സമാന്തര ഭരണം നടത്തുകയും ബോര്‍ഡര്‍ ക്രോസിങ് നിയന്ത്രിക്കുകയും ചെയ്യുന്ന ഹിസ്ബുല്ല, ലെബനനിലെ ജനങ്ങളുടെയോ ഭരണകൂടത്തിന്റെയോ അനുമതി തേടിയിട്ടല്ല ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്. സിറിയയില്‍ ബഷാര്‍ അല്‍ അസദിനെതിരെ ഉയര്‍ന്ന ആഭ്യന്തര കലാപത്തില്‍ ബഷാറിനെ രക്ഷിക്കാന്‍ ലബനനില്‍ നിന്ന് ഹിസ്ബുല്ല പോരാളികളും ആയുധങ്ങളും വിന്യസിക്കപ്പെട്ടത് ഭരണകൂടം അറിഞ്ഞുകൊണ്ടല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 15 ലക്ഷം സിറിയന്‍ അഭയാര്‍ഥികളുടെ ഭാരം ലെബനന് താങ്ങേണ്ടിവന്നു.
പലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷനെ ബെയ്റൂട്ടില്‍ നിന്നു നാടുകടത്താനുള്ള ഇസ്രയേലിന്റെ സൈനിക ഇടപെടല്‍ 18 വര്‍ഷം നീണ്ട അധിനിവേശത്തിലേക്കു നയിച്ചപ്പോള്‍, അതിനെ ചെറുക്കാന്‍ ജനവികാരം ഉണര്‍ത്തി രംഗത്തുവന്ന ഹസന് നസ്റല്ല ലെബനനിലെ രാഷ് ട്രീയ, സൈനിക, സാമ്പത്തിക, സാമൂഹിക മണ്ഡലങ്ങളിലെ നിര്‍ണായകശക്തിയാക്കി ഹിസ്ബുല്ലയെ രൂപാന്തരപ്പെടുത്തുകയായിരുന്നു.
2006-ല്‍ തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങിയപ്പോള്‍, ഇസ്രയേലി അതിര്‍ത്തിയിലെ ബ്ലൂലൈനില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെ ലിത്താനി നദി വരെയുള്ള ബഫര്‍ സോണില്‍ ലെബനീസ് സൈന്യവും ഐക്യരാഷ്ട്ര സമാധാന സേനയായ യൂണിഫിലും ഒഴികെ മറ്റേതെങ്കിലും സൈനിക സാന്നിധ്യമോ സായുധ സന്നാഹമോ ഉണ്ടാകരുതെന്ന് യുഎന്‍ രക്ഷാസമിതിയുടെ 1701-ാം പ്രമേയത്തില്‍ നിഷ്കര്‍ഷിച്ചിരുന്നു.
എന്നാല്‍ യൂണിഫിലിന്റെ കണ്വെട്ടത്തുതന്നെയാണ് തെക്കന്‍ ലെബനനിലെ വീടുകളില്‍ വരെ ഹിസ്ബുള്ള ഇറാനില്‍ നിന്നുള്ള റോക്കറ്റ് ലോഞ്ചറുകളും ക്രൂസ് മിസൈലുകളും മറ്റും ശേഖരിച്ചുവയ്ക്കുകയും ഇസ്രയേല്‍ അതിര്‍ത്തിക്ക് അടുത്തുവരെ ഭൂഗര്‍ഭ ടണലുകളുടെ ശൃംഖലയും ആയുധപ്പുരകളും ഒരുക്കി വടക്കന്‍ ഇസ്രയേലിലേക്കും ടെല്‍ അവീവിലേക്കും ഹൈഫയിലേക്കും റോക്കറ്റുകളും ഡ്രോണുകളും വിടുന്നത്. ഇസ്രയേലിലെ അപ്പര്‍ ഗലീലിയ മേഖലയില്‍ നിന്ന് 80,000 പേരെ കുടിയൊഴിപ്പിക്കേണ്ടിവന്നു.
മാരോണീത്ത, ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍, സുന്നി, ഷിയാ മുസ് ലിംകള്‍, ഡ്രൂസ്, അര്‍മീനിയന്‍, അലാവികള് തുടങ്ങി 18 മതവിഭാഗങ്ങള്‍ക്ക് ലെബനനിലെ ഭരണഘടന ഭരണകൂടത്തിലും സൈന്യത്തിലും സിവില്‍ സര്‍വീസിലും പ്രാതിനിധ്യം ഉറപ്പുനല്‍കുന്നുണ്ട്. റോമിലെ പരിശുദ്ധ സിംഹാസനത്തോട് കൂറുള്ള മാരോണീത്താ പൗരസ്ത്യ കത്തോലിക്കാസഭയ്ക്കാണ് ക്രൈസ്തവരില്‍ പ്രാമുഖ്യം. പ്രസിഡന്റ് മാരോണീത്തക്കാരനും പ്രധാനമന്ത്രി സുന്നി മുസ് ലിമും പാര്‍ലമെന്റ് സ്പീക്കര്‍ ഷിയാ മുസ് ലിമും ആയിരിക്കണം എന്നാണു വ്യവസ്ഥ. 2022 ഒക് ടോബറില്‍ പ്രസിഡന്റ് മിഷേല്‍ ഔണ് സ്ഥാനമൊഴിഞ്ഞതിനുശേഷം ഇതുവരെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പാര്‍ലമെന്റിനു കഴിഞ്ഞിട്ടില്ല. വടക്കന്‍ ലെബനനിലെ സിറിയന്‍ പക്ഷക്കാരായ ക്രൈസ്തവരില്‍ സ്വാധീനമുള്ള മറാദ പാര്‍ട്ടി നേതാവ് സുലൈമാന്‍ ഫ്രാഞ്ചിയെ പ്രസിഡന്റാകണം എന്ന ഹിസ്ബുല്ലയുടെയും അമല്‍ എന്ന മറ്റൊരു ഷിയാ മുസ് ലിം പാര്‍ട്ടിയുടെയും കടുംപിടുത്തമാണ് രാജ്യത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 2022-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹിസ്ബുല്ല നേടിയത് 13 സീറ്റു മാത്രമാണെങ്കിലും 128 അംഗ സഭയില്‍ 62 എംപിമാരുടെ രാഷ്ട്രീയ പിന്തുണയുണ്ട് അവരുടെ ബ്ലോക്കിന്. രാജ്യത്തെ സൈനിക മേധാവി ജോസഫ് ഔണിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള പാശ്ചാത്യശക്തികള്‍ക്ക് താല്പര്യം.
ലെബനനിലെ ഏറ്റവും സമ്പന്നനായ മനുഷ്യനാണ് ഇടക്കാല പ്രധാനമന്ത്രി നജീബ് മികാത്തി. സാമ്പത്തിക തകര്‍ച്ചയ്ക്കിടെ കൊവിഡ് മഹാമാരിയും 2020 ഓഗസ്റ്റില്‍ ബെയ്റൂട്ട് തുറമുഖത്തുണ്ടായ വന്‍ കെമിക്കല്‍ സ്ഫോടനവും സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കരകയറാനാകെ വലഞ്ഞ രാജ്യത്ത് ഭരണത്തകര്‍ച്ച ഒഴിവാക്കാന്‍ സൗദി അറേബ്യ, ഈജിപ്ത്, ഖത്തര്‍, ഫ്രാന്‍സ്, യുഎസ് എന്നിവ നടത്തിയ മാധ്യസ്ഥശ്രമങ്ങള്‍ക്ക് ഹിസ്ബുല്ല തടസം നില്‍ക്കുകയായിരുന്നു. മുന്‍ പ്രസിഡന്റ് മിഷേല്‍ ഔണിന്റെ ഫ്രീ പേട്രിയോട്ടിക് മൂവ്മെന്റ് പാര്‍ട്ടി ഹിസ്ബുല്ലാ പക്ഷത്താണ്.
ഒരു പ്രകോപനവുമില്ലാതെ ഇസ്രയേലിനോട് ഏറ്റുമുട്ടാന്‍ പോയ ഹിസ്ബുല്ല രാജ്യത്തെ ജനങ്ങളെ യുദ്ധക്കെടുതികളിലേക്ക് തള്ളിവിട്ടതിനെ അന്ത്യോക്യയിലെ മാരോണീത്താ കത്തോലിക്കാ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ബെഷാറ ബൂത്രോസ് അല്‍ റായി പരസ്യമായി വിമര്‍ശിക്കുന്നുണ്ട്. ”ഈ രാജ്യത്തേക്ക് അതിക്രമിച്ചുകടന്നുവന്നവര്ക്ക് ഇത് മാതൃരാജ്യമല്ല, കൊള്ളയടിക്കാനുള്ള റിയല്‍ എസ്റ്റേറ്റ് മാത്രമാണ് അവര്‍ക്ക് ലെബനന്. ഇത് അവര്‍ക്കു സ്വന്തമല്ല.
രാഷ്ട്രമോ ഭരണഘടനയോ നിയമമോ ബാധകമല്ലാത്ത അവര്‍ ജനങ്ങളെ കൊടുംദുരിതത്തിലേക്കാണ് വലിച്ചിഴയ്ക്കുന്നത്,” ഇസ്രയേലി കടന്നാക്രമണത്തെ അപലപിക്കുമ്പോഴും ഹിസ്ബുല്ലയുടെ പ്രകോപനത്തെ തുറന്നുകാട്ടുകയാണ് കര്‍ദിനാള്‍ ബെഷാറ.
തെക്കന്‍ ലെബനനില്‍ യുഎന്‍ രക്ഷാസമിതി പ്രമേയം നടപ്പാക്കുന്നതു സംബന്ധിച്ച് തങ്ങള്‍ ഫ്രാന്‍സുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന ഇറാന് പാര്‍ലമെന്റ് സ്പീക്കറുടെ പ്രസ്താവന ലെബനനിലെ സുന്നി പ്രധാനമന്ത്രി മകാത്തിയെയും ചൊടിപ്പിച്ചിട്ടുണ്ട്: ”ലെബനന്റെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്താനുള്ള ഇത്തരം ഹീനശ്രമങ്ങളെ അംഗീകരിക്കാനാവില്ല,” ഹിസ്ബുല്ലയുടെയും ഇറാന്റെയും അതിരുവിട്ട ഇടപെടലുകളോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് മകാത്തി പ്രതികരിച്ചു.
ഹിസ്ബുല്ലയുടെ സാമ്പത്തിക സ്രോതസായ അല്‍ ക്വാര്ദ് അല്‍ ഹസന് സ്വര്‍ണപ്പണയ ഇടപാടുകേന്ദ്രങ്ങളിലും ഇറാന്റെ എണ്ണപ്പണം ഇസ്രയേലിനെതിരായ ആയുധ ഇടപാടുകള്‍ക്കായി കൈമാറ്റം ചെയ്യുന്ന സിറിയയിലെ യൂണിറ്റ് 4400 എന്ന കേന്ദ്രത്തിലും ലെബനനിലെ ഹിസ്ബുല്ലയുടെ പ്രധാന തുറമുഖമായ ടയറിലും ബെയ്റൂട്ടിലെ ഷിയാ കേന്ദ്രങ്ങളിലും അതിശക്തമായ വ്യോമാക്രമണം തുടരുന്നതോടൊപ്പം തെക്കന്‍ ലെബനനില്‍ ഈമാസം ഇസ്രയേല്‍ ആരംഭിച്ച കരസേനാ മുന്നേറ്റം ആ മേഖലയെ മറ്റൊരു ഗാസയാക്കി മാറ്റുമെന്ന് ലോകരാഷ് ട്രങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ”നരകം ഇളകിമറിഞ്ഞുവരികയാണ്” എന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടേറസ് മുന്നറിയിപ്പു നല്‍കിയത്.
”ജീവനും മരണവും തമ്മിലുള്ള അതിഭയങ്കര പോരാട്ടത്തില്‍ ദൈവം ജീവന്റെ പക്ഷത്താണ്” – അമേരിക്കന്‍ റബ്ബി യിറ്റ്സ് ഗ്രീന്‍ബര്‍ഗ് ‘ദ് ട്രയംഫ് ഓഫ് ലൈഫ്: എ നരേറ്റീവ് തിയോളജി ഓഫ് ജുഡേയിസം’ എന്ന പുസ്തകത്തില്‍ നന്മതിന്മകളുടെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്നു. പശ്ചിമേഷ്യയില്‍ നിന്ന് ഇറാന്റെ പ്രോക്സി പോരാളികളെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞാലേ ജീവന്റെ സത്യം കണ്ടെത്താന്‍ ജനപദങ്ങള്ക്ക് ‘ദൈവത്തിന്റെ പ്രകാശം’ ലഭിക്കൂ. അപ്പോള്‍ ഏശയ്യാ പ്രവാചകന്റെ വചനം സാര്‍ഥകമാകും: അവരുടെ വാള് കൊഴുവും അവരുടെ കുന്തം വാക്കത്തിയുമായി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരെ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയില്ല.