ബിജോ സില്‍വേരി
ഹാരപ്പന്‍ നാഗരികതയുടെ കാലഘട്ടത്തില്‍ തന്നെ മുസിരിസ് വടക്കേ ഇന്ത്യയുമായും മധ്യപൂര്‍വദേശങ്ങളും യൂറോപ്പുമായും വ്യാപാരബന്ധങ്ങളിലേര്പ്പെട്ടിരുന്നുവെന്നതിന് സംഘംകൃതികളിലടക്കം ധാരാളം തെളിവുകളുണ്ട്. റോമന്‍ സാമ്രാജ്യകാലത്തെ പ്രമുഖ റോഡ്മാപ്പായ പ്യൂട്ടിങ്ങര്‍ ഭൂപടത്തില്‍ (ദി പ്യൂട്ടിങ്ങര്‍ മാപ്പ്) ദക്ഷിണേന്ത്യയിലെ നഗരമായ മുസിരിസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെയാണ് അഗസ്റ്റസ് ചക്രവര്‍ത്തിയുടെ പേരില്‍ ഒരു ക്ഷേത്രവും ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രീക്കുകാരുടെയും റോമക്കാരുടെയും അറബികളുടെയും, യഹൂദരുടെയും മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും, സെറ്റില്‍മെന്റുകളും ഈ കാലഘട്ടങ്ങളില്‍ മുസിരിസ് മേഖലയിലുണ്ടായി. സുഗന്ധദ്രവ്യങ്ങളുടെയും ആനക്കൊമ്പിന്റെയും കച്ചവടം ലോകസാമ്പത്തിക മേഖലയില്‍ മുസിരിനെയും ചേര്‍ത്തുനിര്‍ത്തിയതോടൊപ്പം വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും കടന്നുവരവിന് വഴിയൊരുക്കുകയും ചെയ്തു.
എപ്പിഗ്രാഫിസ്റ്റും റോം യൂണിവേഴ്സിറ്റിയിലെ (ടോര്‍ വെര്‍ഗാത്ത) പ്രഫസറുമായ ഫെഡറികോ ഡി റൊമാനീസ്, (പ്രാചീനകാലത്തെ ഇന്ത്യന്‍ മഹാസമുദ്ര വ്യാപാരമാണ് പ്രഫ. ഡി റൊമാനീസിന്റെ പ്രധാന ഗവേഷണ മേഖല). മെഡിറ്ററേനിയന്‍ മേഖലയില്‍ പുരാതന റോം, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ കടല്‍വഴിയുള്ള വ്യാപാരബന്ധങ്ങളെകുറിച്ച് ഏറ്റവുമധികം ആര്‍ക്കിയോളജി ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള അമേരിക്കയിലെ ഡെല്‍വെയര്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ. സ്റ്റീവന്‍ ഇ. സൈഡ്ബോത്തം എന്നീ ലോകപ്രശസ്തരായ ചരിത്രഗവേഷകരെ പരിചയപ്പെടാനും അവരുമായി സംസാരിക്കാനും ലേഖകന്‍ ഭാഗ്യമുണ്ടായി. മുസിരിസ് ഗവേഷണ പദ്ധതിയോടുള്ള അവരുടെ താത്പര്യമാണ് കേരളത്തിലെത്തിയ ഇരുവരെയും അന്വേഷിച്ച് കണ്ടെത്താന്‍ പ്രേരിപ്പിച്ച ഘടകം. അവരില്‍ നിന്ന് അറിയുവാനുണ്ടായ പ്രധാന കാര്യങ്ങളിലൊന്ന് പ്യൂട്ടിങ്ങെര് ഭൂപടത്തിലെ അഗസ്റ്റസ് ടെംപിളിനെകുറിച്ചായിരുന്നു.
മുസിരിസിന്റെ ഭാഗമായിരുന്ന ഏതെങ്കിലും പ്രദേശത്ത് അത്തരമൊരു ക്ഷേത്രമുണ്ടായിരുന്നിരിക്കാന് സാധ്യതയുണ്ടോ? രണ്ടുപേരും പറഞ്ഞത് സാധ്യത തള്ളിക്കളയാനാകില്ലെന്നാണ്. നൂറ്റാണ്ടുകളിലൂടെ കുമിഞ്ഞുകൂടിയ മണ്ണടരുകള്‍ തെളിവുകള്‍ നശിപ്പിക്കുകയോ മൂടിവയ്ക്കുകയോ ചെയ്തിരിക്കാം. ആധുനിക രീതിയിലുള്ള ഗവേഷണങ്ങള്‍ ദീര്‍ഘകാലം വിസ്തൃതപ്രദേശങ്ങളില്‍ നടന്നാല്‍ മാത്രമേ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയൂ എന്നായിരുന്നു അവരുടെ മറുപടി. മുസിരിസ് എന്ന് അറിയപ്പെടുന്ന പ്രദേശം ആലപ്പുഴ മുതല്‍ ചേറ്റുവ വരെ വിസ്തൃതമായിരുന്നുവെന്ന പുതിയ അറിവുകളും വടക്കന്‍ പറവൂരിലെ പട്ടണത്തിലും കൊടുങ്ങല്ലൂരിലെ മതിലകത്തും നടന്നുവരുന്ന ഉത്ഖനനങ്ങളും ഈ അഭിപ്രായങ്ങളോട് കൂട്ടിവായിക്കേണ്ടതാണ്.
” ബുദ്ധ ജൈന ക്രൈസ്തവ ഇസ്ലാം പാരമ്പര്യങ്ങള്‍ ഒരുപോലെ പേറുന്ന സ്ഥലമാണ് മതിലകം. റോമിലെ അഗസ്റ്റസ് സീസര്‍ ചക്രവര്‍ത്തിയുടെ ഓര്‍മ്മക്കായി ബിസി 20 ല്‍ മുസിരിസിനടുത്തു സ്ഥാപിക്കപ്പെട്ടു എന്ന് കരുതുന്ന യഹൂദ ദേവാലയമാണ് കാലാന്തരത്തില്‍ മതിലകത്തെ ക്രൈസ്തവ ദൈവാലയമായി പരിണമിച്ചത് എന്നൊരു പാരമ്പര്യമുണ്ട്. 1599 നടന്ന ഉദയംപേരൂര്‍ സൂനഹദോസില്‍ മതിലകത്തുനിന്നും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു” (ലേഖനം – കോട്ടപ്പുറം രൂപതയുടെ ചരിത്രവും പൈതൃകവും: മോണ്‍. റോക്കി റോബി കളത്തില്‍).