കോരുവഞ്ചികളില് പത്തും പതിനഞ്ചും തുഴക്കാരുമായി ഒരു കുടം കുടിവെള്ളവുമായി പുലര്‍ച്ചെ പുറപ്പെടും. പത്തിരുപത്തഞ്ച് ഭാഗം (കടലിലെ ദൂരക്കണക്ക്) വരെ കടലിലേക്കു പോകും. പൊലപ്പ് (മീന്‍കൂട്ടം) കാണുന്നതുവരെ യാത്ര. ചാക്കുവല ഉപയോഗിച്ച് മീനുകളെ വഞ്ചിയില്‍ വലിച്ചുകയറ്റും. ചിലപ്പോള്‍ ഒരുമീനുമില്ലാതെ മടങ്ങേണ്ടിയും വരും. യാത്രക്കിടയില്‍ പാട്ടുകള്‍ പാടും. സിനിമാപാട്ടും ചവിട്ടുനാടക, നാടക ഗാനങ്ങളും രചയിതാവ് ആരെന്നറിയാത്ത വഞ്ചിപാട്ടുകളുമുണ്ടാകും. അതിലൊന്നിന്റെ ഏതാനും വരികള്‍ കുഞ്ഞപ്പന് കുമ്പാരി പാടികേള്‍പ്പിക്കുന്നു,
”ആറ്റിങ്കര നല്ലൊരു ഇളതെങ്ങുമ്മേല്
തകതിമിതൈ
കുരുത്തോല തുഞ്ചത്ത് ഇരിക്കും തത്ത
തകതിമിതൈ
എന്തു നിറം തത്തയുടെ ചുണ്ടു രണ്ടിനും
തകതിമിതൈ
ചുവപ്പുനിറം തത്തയുടെ ചുണ്ടു രണ്ടിനും
തകതിമിതൈ”
തീരദേശത്തെ ലത്തീന്‍ പൈതൃകത്തിന്റെ സുദൃഢമായ സാമൂഹികബന്ധങ്ങളില്‍ ആഴമേറിയ അടുപ്പവും ഉടപ്പവും നിര്‍വചിക്കുന്ന ആത്മബന്ധത്തിന്റെ, ആധ്യാത്മിക രക്ഷാകര്‍തൃത്വ ഉടമ്പടിയുടെ, അളവറ്റ സ്നേഹവാത്സല്യാദരങ്ങളുടെ സവിശേഷ സംജ്ഞയാണ് കുമ്പാരി എന്നത്.
കൊച്ചിയിലെ ഒരു കുമ്പാരിക്കൂട്ടം കുടുംബചാര്ച്ചകള്ക്കപ്പുറം, കടലോര്മകളുടെയും തീരസംസ്കാരത്തിന്റെയും അതിഗാഢമായ അനുഭവങ്ങളുടെ സംഘാത ഈടുവെപ്പും മധുരതരമായ വീണ്ടെടുപ്പുമാകുന്നു.
ഒരു കാലത്തിന്റെയും ദേശത്തിന്റെയും ചരിത്രം അവരുടെ മനസ്സുകളില്‍ ഉറങ്ങിക്കിടക്കുന്നു. അതില്‍ കടലിന്റെ വറ്റാത്ത കനിവുണ്ട്.
കൊച്ചിയിലുണ്ടൊരു സൗദി
എറണാകുളം ജില്ലയില്‍ ഫോര്ട്ടുകൊച്ചിക്കു സമീപം സൗദി എന്നൊരു സ്ഥലമുണ്ട്. (പേരു കേള്‍ക്കുമ്പോള്‍ പലരും അറേബ്യന്‍ ഗള്‍ഫിലെ സൗദി അറേബ്യ എന്നു തെറ്റിദ്ധരിക്കാറുണ്ട്. നോസ സിഞ്ഞ്യോര ദെ സൗദ് എന്ന് പോര്‍ച്ചുഗീസ് ഭാഷയില്‍ വിളിക്കുന്ന ആരോഗ്യമാതാവിന്റെ ദേവാലയവുമായി ബന്ധപ്പെട്ടാണ് ഈ തീരദേശത്തിന് സൗദി – ടമൗറല എന്ന പേരു കിട്ടിയത്). ആലപ്പുഴ രൂപതയുടെ ഭാഗമാണിത്. മത്സ്യത്തൊഴിലാളികളായിരുന്നു ഒരുകാലത്ത് ഇവിടെ ബഹുഭൂരിപക്ഷവും. മത്സ്യത്തൊഴിലിന്റെ ബുദ്ധിമുട്ടും കഷ്ടപ്പാടും മൂലം പുതിയ തലമുറക്കാര്‍ പലരും നവീന തൊഴില്‍ രംഗങ്ങളിലേക്കു കുടിയേറാനുള്ള ശ്രമത്തിലാണ്. അപ്പോഴിതാ, പഴയ തലമുറയിലെ മത്സ്യത്തൊഴിലാളികളുടെ ഒരു കൂട്ടായ്മ സൗദി ആരോഗ്യമാതാ പള്ളിക്കു സമീപം പിറക്കുകയും പച്ചപിടിക്കുകയും ചെയ്യുന്നു.
അറുപതും അതിനുംമേലും പ്രായമുള്ള മത്സ്യത്തൊഴിലാളികളാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. പ്രായം കൂടിയ അംഗത്തിന് 82 വയസ്സുണ്ട്. കുമ്പാരിക്കൂട്ടം എന്ന വളരെ അര്‍ത്ഥവത്തായ പേര് കൂട്ടായ്മയ്ക്കു സമ്മാനിച്ചത് കൂട്ടായ്മയിലെ അംഗവും ചവിട്ടുനാടക കലാകാരനും നാടക രചയിതാവുമായ പൊന്നന് കട്ടിക്കാട്ട്. പള്ളിയുടെ പാരിഷ് ഹാളില്‍ എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് കുമ്പാരിമാര് ഒത്തുകൂടിയിരുന്നത്. പാരിഷ് ഹാള്‍ പുതുക്കിപ്പണിയാന്‍ പൊളിച്ചതോടെ പൊള്ളയില് പീറ്ററിന്റെ വീട്ടുമുറ്റത്തേക്കു മാറ്റിയിരിക്കുകയാണ് കൂട്ടായ്മ സംഗമം.
ഒരുവര്‍ഷം മുന്‍പാണ് അറുപതോളം പേര് ചേര്‍ന്ന് കൂട്ടായ്മയ്ക്കു രൂപം നല്‍കിയത്. തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മസംഘം ആക്ടനുസരിച്ച് കുമ്പാരിക്കൂട്ടം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുമ്പാരിയെന്നാല്
”കുമ്പാരി കുമ്പനാണെടീ, കൊമ്പു കുത്താത്ത വമ്പനാണെടീ” – ഗിരീഷ് പുത്തഞ്ചേരി ‘കളേഴ്സ്’ എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ പാട്ടിന്റെ വരിയാണിത്. ലത്തീന്‍കാരാണ് കുമ്പാരി സ്ഥാനത്തിന്റെ നേരവകാശികള്‍. കുമ്പാരി വിളിയില്‍ സ്നേഹവും ബഹുമാനവും കലര്‍ന്നിരിക്കുന്നു, പ്രത്യേകിച്ച് തീരദേശത്ത്. സുഹൃത്തുക്കളെ അഭിസംബോധന ചെയ്യാന്‍ ഇപ്പോള്‍ വ്യാപകമായി കുമ്പാരി നാടന്പ്രയോഗത്തിലുണ്ട്. പഴയ ബഹുമാനവും സ്ഥാനവും അല്പം കുറഞ്ഞിട്ടുമുണ്ട്. സിനിമകളിലും കുമ്പാരി പ്രയോഗങ്ങളുണ്ട്. ഒരു സിനിമ തന്നെ ഈ പേരില്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്. പക്ഷേ, ലത്തീന്‍ സമുദായത്തിനു പുറത്ത് പലര്‍ക്കും കുമ്പാരിയുടെ ശരിയായ അര്‍ത്ഥമറിയില്ല.
ഒരാളുടെ മകന്റെയോ മകളുടെയോ തലതൊട്ടപ്പന് (ജ്ഞാനസ്നാന പിതാവ്) അയാളുടെ കുമ്പാരി ആകുന്നു. കൊംപാദ്രേ (രീാുമറൃല) എന്ന പോര്‍ത്തുഗീസ് പ്രയോഗത്തില്‍ നിന്നാണ് കൊംപാദ്രിയും കുമ്പാരിയും രൂപംകൊള്ളുന്നത്. സഹപിതാവ് എന്നാണ് അര്‍ത്ഥം. മാമ്മോദീസ മുങ്ങുന്ന കുട്ടിയുടെ പിതൃസ്ഥാനത്ത് ആധ്യാത്മികമായി പങ്കുപറ്റുന്നയാള് എന്നാണ് വിവക്ഷ. തലതൊട്ടമ്മയെ കുമ്പാരിച്ചി (കൊംമാദ്രി) എന്നും വിളിക്കുന്നു. മാമ്മോദീസയില്‍ കുട്ടിയെ തലതൊടുന്ന പുരുഷനെ പതിരിഞ്ഞപ്പന്‍ (പദ്രിഞ്ഞു അഥവ പദ്രീഞ്ഞ്യോ) എന്നു വിളിക്കുന്നത് പിതാവിന്റെ സ്ഥാനം ഏറ്റെടുക്കുന്നയാള്‍ എന്ന അര്‍ത്ഥത്തിലാണ്. തലതൊട്ടമ്മയെ പതിരിഞ്ഞമ്മ എന്നും വിളിക്കുന്നു. ഭാവിയില്‍ ഈ കുട്ടിയുടെ ആദ്യകുര്‍ബാന, സ്ഥൈര്യലേപനം, മനസ്സമ്മതം, വിവാഹം തുടങ്ങിയ എല്ലാ പ്രധാന ചടങ്ങുകളിലും മാതാപിതാക്കള്‍ക്കൊപ്പം കുമ്പാരിക്കും (പതിരിഞ്ഞപ്പന്‍) കുമ്പാരിച്ചിക്കും (പതിരിഞ്ഞമ്മ) പ്രമുഖ സ്ഥാനമുണ്ടായിരിക്കും.
കൊറോണ കാരണക്കാരനായി
2019ല്‍ കൊറോണ പടര്‍ന്നുപിടിച്ച് നാടുമുഴുവന്‍ അടച്ചുപൂട്ടപ്പെടുകയും വീടുകളില്‍ ഒറ്റപ്പെടുകയും ചെയ്തപ്പോഴാണ് പൊന്നന് കുമ്പാരിയുടെ മനസില്‍ കൂട്ടായ്മ എന്ന ആശയത്തിന്റെ വിത്തുവിതക്കപ്പെട്ടത്. സമാനഹൃദയരുമായി ഇക്കാര്യം പങ്കുവച്ചപ്പോള്‍ എല്ലാവര്ക്കും സന്തോഷം, സമ്മതം. ലോക്ക്ഡൗണ്‍ നീക്കിയാലും വാര്‍ധക്യത്തിന്റെ ഒറ്റപ്പെടല്‍ വീണ്ടും അനുഭവിക്കേണ്ടിവരുമെന്ന ചിന്ത എല്ലാവരിലുമുണ്ടായിരുന്നു. മിക്കവാറും എല്ലാവരും രോഗികളാണ്. സര്‍ക്കാരില്‍ നിന്നുളള പെന്ഷന് മാത്രമാണ് വരുമാനമാര്‍ഗം. അതാകട്ടെ കൃത്യമായി ലഭിക്കാറുമില്ല. തങ്ങളുടെ ദുഃഖങ്ങള്‍ പങ്കുവയ്ക്കാനും പഴയ ഓര്‍മകള്‍ അയവിറക്കാനും മാസത്തില്‍ ഒരു ദിവസമെങ്കിലും ലഭിക്കുമല്ലോ എന്ന സന്തോഷമാണ് ഇപ്പോള്‍ എല്ലാവര്ക്കും. കൊറോണ ഭീതി അടങ്ങിയതോടെ 2022 ഏപ്രില്‍ 10ന് കുമ്പാരിക്കൂട്ടം യാഥാര്‍ത്ഥ്യമായി. വള്ളത്തില്‍ അമരക്കാരനായിരുന്ന കെ.ഡി. കുഞ്ഞപ്പനാണ് നേതൃത്വം (പ്രസിഡന്റ്). ആശയം രൂപീകരിക്കുകയും സംഘടനയ്ക്ക് ചട്ടക്കൂട് നിര്‍മിക്കുകയും ചെയ്ത പൊന്നന് കുമ്പാരിയെ കൂട്ടായ്മയുടെ സെക്രട്ടറിയാക്കി. കൃത്യം കണക്കുകാരനായ ജോബ് കുരിശുങ്കല്‍ ഖജാന്‍ജിയും. ബീച്ച് റോഡു മുതല്‍ (പപ്പങ്ങ മുക്ക്) മാനാശേരി വരെയുള്ളവരാണ് അംഗങ്ങള്‍.
പ്രവര്‍ത്തനം
50 രൂപയാണ് മാസവരി. കൂട്ടത്തില്‍ ആരെങ്കിലും രോഗിയായി കിടപ്പായാല്‍ രണ്ടായിരം രൂപ നല്കി സഹായിക്കും. മറ്റു ചെറിയ സഹായങ്ങളും ചെയ്യും. മാസത്തിലെ കൂടിച്ചേരലിന്റെ അവസാനം ഒരു ചായയും കടിയും. എണ്‍പത്തിരണ്ടുകാരനായ സാമുവലാണ് ഏറ്റവും പ്രായംചെന്ന അംഗം. 60 വയസു കഴിയണമെന്നതാണ് കൂട്ടായ്മയില്‍ ചേരാനുള്ള യോഗ്യത. അതുകൊണ്ടുതന്നെ 60 കഴിഞ്ഞ് പെന്ഷന് ലഭിച്ചുതുടങ്ങിയ പലരും കുമ്പാരികളായി തുടങ്ങിയിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനത്തിന് പണമാവശ്യമുണ്ടെങ്കിലും കുമ്പാരികള്‍ ആരുടെയും സഹായം അഭ്യര്‍ത്ഥിച്ച് പോകാറില്ല.
കടലറിവുകളുടെ മങ്ങാത്ത ഓര്‍മകള്‍
കൂട്ടായ്മയില്‍ പ്രധാന വിഷയം പഴയ കാര്യങ്ങളുടെ സ്മരണ പുതുക്കലാണ്. ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ കുമ്പാരിമാര് മത്സരിക്കും. അതില്‍ പ്രധാനമാണ് കടലറിവുകള്‍. 1950കളിലാണ് കുമ്പാരിക്കൂട്ടത്തിലെ അംഗങ്ങള്‍ വള്ളം പണിക്കിറങ്ങുന്നത്. സൗദി ചന്തക്കടവ്, ബീച്ച് റോഡ് ചന്തക്കടവ്, പള്ളിത്തോട് ചന്തക്കടവ്, ആലപ്പുഴ കാട്ടൂര്‍ ചന്തക്കടവ് എന്നിങ്ങനെ കടപ്പുറങ്ങളുണ്ടായിരുന്നു. പഞ്ചാരമണല്‍ നിറഞ്ഞിടം. ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ നിന്ന് തെക്കോട്ട് നടന്നാല്‍ അര്‍ത്തുങ്കല്‍ പള്ളി വരെ പോകാം. കൊച്ചമ്മ ജോസി, ചാരങ്ങാടന് വിന്‍സെന്റ്, പൈലി ആന്റണി, ജോസി തുടങ്ങിയവരൊന്നിച്ച് ബീച്ച് റോഡ് കടപ്പുറത്തു നിന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് യാത്ര പുറപ്പെട്ട് അര്ത്തുങ്കലെത്തിയ കഥ പൊന്നന് ഇന്നും നന്നായി ഓര്‍ക്കുന്നു.
അക്കാലത്ത് തീരം മുഴുവന്‍ മുക്കുവകുടിലുകളായിരുന്നു. അവിടെയാണ് വള്ളങ്ങള്‍ കയറ്റിവയ്ക്കാറ്. മീന്‍ പിടിക്കാന്‍ പോകുന്നതും തിരിച്ചുവരുന്നതും ഇതേ കടപ്പുറത്തേക്ക്. മത്സ്യബന്ധനം ഉപജീവനമാര്ഗമായിരുന്നെങ്കിലും അത് ആസ്വദിച്ചാണ് ചെയ്തിരുന്നത്. മറ്റൊരു പണിക്കും പോകില്ല.
അഞ്ചു മുതല്‍ പതിനഞ്ചു പേര് വരെ പോകുന്ന വള്ളങ്ങളിലാണ് മീന്‍പിടുത്തം. ഒരു വള്ളവും വലയുമുണ്ടെങ്കില് അയാള്‍ മുതലാളിയാണ്. ചിലര്‍ റിസര്വിലുണ്ടാകും. അവരെ കരനെലക്കാരെന്നാണ് പറഞ്ഞിരുന്നത്. ആര്‍ക്കെങ്കിലും അസുഖമോ മറ്റും വന്ന് കടലില്‍ പോകാന്‍ കഴിയാതെ വന്നാല്‍ കരനെലക്കാര് പകരം കയറും. 12 പേരുള്ള വള്ളമാണെങ്കില്‍ 10 പേര് തുഴച്ചില്ക്കാരായിരിക്കും. ഒരാള്‍ അമരക്കാരനും (സ്രാങ്ക്) ഒരാള്‍ ഇടപ്പടിക്കാരനും. അമരക്കാരനാണ് സര്‍വാധിപതി. അയാള്‍ പറയുന്നത് മറ്റുള്ളവര്‍ അനുസരിക്കണം. രണ്ടാം സ്ഥാനം ഇടപ്പടിക്കാരന്. വള്ളങ്ങളെല്ലാം കാട്ടുതമ്പകത്തിന്റെ ഒറ്റത്തടിയില്‍ തീര്‍ത്തവയായിരുന്നു. പന്ത്രണ്ടുമുതല്‍ പതിനഞ്ചു പേര് വരെ പോകുന്ന വലിയ വള്ളങ്ങളിലെ വലകളായിരുന്നു കോരുവലകള്‍. ചെറുവഞ്ചികളില്‍ ഉപയോഗിച്ചിരുന്നത് നീട്ടുവലകളും. ചാളയെ പിടിക്കാന്‍ കോരുവലയും അയലയെ പിടിക്കാന്‍ നീട്ടുവലയുമായിരുന്നു നല്ലത്. കൊഴുവ വീഴുന്ന വലകള്‍ക്ക് നോനാവല (അടക്കംകൊല്ലി) എന്നാണു പറഞ്ഞിരുന്നത്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിച്ചിരുന്ന ചുറകുവല, കരവല, കമ്പാവല, വീശുവല, ലൂപ്പുവല എന്നീ വലകളും കുമ്പാരികള്‍ ഉപയോഗിച്ചിരുന്നു.
മത്സ്യക്കൂട്ടം വരുന്നതു കാണാന്‍ പ്രത്യേക കഴിവുള്ളവരുണ്ടായിരുന്നു. കടലിലൂടെ ഒരു വലിയ നിഴല്‍ നീങ്ങിപ്പോകുന്നതു പോലെയാണ് അതു തോന്നുക. പൊലപ്പ് വരുന്നുണ്ടെന്ന് അവര്‍ മുന്നറിയിപ്പു കൊടുക്കും. പൊലപ്പ് വരുന്നതിന്റെ എതിര്‍വശത്തുകൂടി വള്ളം തുഴഞ്ഞെത്തി ഒരാള്‍ കടലിലിറങ്ങും. ഇയാളെ ഇറങ്ങുകാരന് എന്നു പറയും. അയാളുടെ കയ്യില്‍ വലയുടെ ഒരറ്റമുണ്ടാകും. വഞ്ചി വട്ടത്തില്‍ കറങ്ങി വരുമ്പോഴേക്ക് വല മുഴുവനായും ഇറക്കിയിട്ടുണ്ടാകും. വെള്ളത്തില്‍ ഇറങ്ങിയയാള് വലയുടെ അറ്റം വള്ളത്തിലേക്ക് കൈമാറുമ്പോള്‍ എല്ലാവരും ചേര്‍ന്ന് രണ്ടറ്റവും വലിച്ച് വഞ്ചിയില്‍ കയറ്റും. ചിലപ്പോഴൊക്കെ വഞ്ചി നിറയാന്‍ പാകത്തില്‍ മത്സ്യം കിട്ടും. മീന്‍ കിട്ടിയാല്‍ എല്ലാവരും ഉത്സാഹത്തോടെ തണ്ടുവലിച്ച് വേഗം കരയിലേക്കു തിരിച്ചുപോരും. അമരക്കാരനും ഇടപ്പടിക്കാരനും അവരുടെ കയ്യിലിരിക്കുന്ന നയമ്പ് (പങ്കായം) പൊക്കി കറക്കികുത്തും. കരയില്‍ നില്‍ക്കുന്നവര്‍ക്കുള്ള അടയാളമാണീ കറക്കികുത്ത്. മത്സ്യം കിട്ടിയിട്ടുണ്ടെന്ന സൂചന. കടലിലൂടെ തിരുതയും മറ്റും വരുന്നതു കണ്ടെത്തുന്നതും പ്രത്യേക കഴിവായിരുന്നു.
അന്ന് ഒരു കുട്ട ചാള 25 പൈസയ്ക്ക് വരെ വിറ്റിരുന്നതായി കുമ്പാരികള്‍ ഓര്‍ക്കുന്നു.
ആദ്യമെത്തുന്ന കുറച്ചു വള്ളങ്ങളിലെ മീനുകള്‍ മാത്രമേ നല്ല വിലയ്ക്ക് വിറ്റുപോകുകയുളളൂ. ശേഷമുള്ളവ കടലിലേക്കു തന്നെ കോരിക്കളയുന്ന വേദനാജനകമായ ഓര്‍മകളുമുണ്ട്. എല്ലാവരും തികഞ്ഞ ഈശ്വരവിശ്വാസികളായിരുന്നു. ആണുങ്ങള് കടലില്‍ പോകുന്ന ദിവസം വീട്ടിലെ പെണ്ണുങ്ങള് പള്ളിയില്‍ പ്രാര്ഥനയിലായിരിക്കും. എല്ലാവരും ഞായറാഴ്ച മുടങ്ങാതെ പളളിയില്‍ പോകും. പള്ളിക്കു വേണ്ടുന്ന കാര്യങ്ങള്‍ തങ്ങളുടെ കഴിവുകള്‍ക്കനുസരിച്ച് ചെയ്തുകൊടുക്കും. മുടങ്ങാതെ വല്ലാര്‍പാടത്തമ്മയുടെ പെരുന്നാളിനു പോകും.
മത്സ്യബന്ധനം കഴിഞ്ഞ് കരയിലെത്തിയാല്‍ വല കടലിലിട്ടുതന്നെ നന്നായി കഴുകിയെടുത്ത് മണപ്പുറത്തിട്ട് ഉണക്കിയെടുക്കും. കേടുകളുണ്ടെങ്കില്‍ അന്നുതന്നെ തീര്‍ക്കും. ആഴ്ചയിലൊരിക്കല്‍ മുഞ്ച എന്ന ചെടിയുടെ ഇല പറിച്ച് വലിയ ചെമ്പുപാത്രത്തിലിട്ട് തിളപ്പിച്ച് ആ വെളളത്തില്‍ വലമുക്കി ഒരു ദിവസം വയ്ക്കും. പിറ്റേദിവസം വലയെടുത്ത് കടപ്പുറത്ത് കൊണ്ടുപോയി വിരിച്ചിടും. കാലാവസ്ഥയും ചാകരക്കോളും അന്നത്തെ മത്സ്യത്തൊഴിലാളികള്‍ കൃത്യമായി പറയുമായിരുന്നു. ചാകര തീരത്തിന്റെ ഉത്സവമായിരുന്നു. മുക്കുവ കുടിലുകളില്‍ സ്വര്‍ണം വരെ ചാകരക്കാലത്ത് വാങ്ങും. ഞായറാഴ്ചകളില്‍ വള്ളങ്ങള്‍ കടലില്‍ പോകാറില്ല. പക്ഷേ കടല്‍ത്തീരത്ത് വീശല്വലക്കാര് ഉണ്ടാകും. മഴക്കാലത്ത് അന്ധകാരനഴിയില്‍ കൂടി തിരുതയും കണമ്പും നച്ചക്കയും കൊഴുവയും പ്രാഞ്ഞിലും കതിരാനും മാന്തളും കടലില്‍ നിന്ന് കയറിവരും. അവയെ വീശുവലകൊണ്ടു പിടിക്കും.
ഇന്നിപ്പോള്‍ കടല്ഭിത്തിക്കപ്പുറത്ത് മണലിന്റെ ചെറിയൊരു രാശി മാത്രം. കടപ്പുറം ഇല്ലാതായി.
മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും ഫോര്‍ട്ടുകൊച്ചിയിലേക്കും ചെല്ലാനത്തേക്കും കുടിയേറി. സീസണല്ലാത്ത സമയത്ത് തൊഴിലാളികള്‍ മറ്റു പണികള്‍ക്കു പോയിത്തുടങ്ങി. കടലേറ്റമുണ്ടാകുന്ന സമയമെല്ലാം നേരത്തെ എല്ലാവര്ക്കും അറിയാമായിരുന്നു. വാവും സംക്രാന്തിയുമടുക്കുമ്പോള് എല്ലാവരും വീടൊഴിഞ്ഞുപോക്കിന് തയ്യാറാകും. മേയ് മാസം പകുതിയോടെ മഴക്കോളു തുടങ്ങിയാല്‍ ചിങ്ങം പിറക്കുന്നതുവരെ നല്ല മഴയായിരിക്കും. കടലിളകി വെള്ളം വീടുകളില്‍ കയറുമ്പോഴേക്ക് ബന്ധു വീടുകളിലേക്കോ മറ്റ് അഭയസ്ഥാനങ്ങളിലേക്കോ മാറിയിട്ടുണ്ടാകും.
ചവിട്ടുനാടകക്കാലം
തീരത്തിന്റെ കലയായ ചവിട്ടുനാടകം കുമ്പാരിമാരുടെയെല്ലാം ഹരമായിരുന്നു. തലമുറ തലമുറയായി ചവിട്ടുനാടകം കടപ്പുറത്ത് മങ്ങാതെ, മറയാതെ നിലനിന്നു. ചെറുപ്രായത്തിലേ ചവിട്ടുനാടകം പഠിച്ചുതുടങ്ങും. കഴിവുള്ളവര്‍ തട്ടിലേക്ക് കയറിപ്പോകും. ശേഷമുള്ളവര്‍ അണിയറയില്‍ സഹായികളായും ആസ്വാദകരായും ചവിട്ടുനാടകത്തെ വിടാതെ പിന്‍ചെന്നു. കെ.ഡി കുഞ്ഞപ്പനും കെ.വി പൊന്നനും നല്ല ചവിട്ടുനാടക കലാകാരന്മാരായിരുന്നു. സാധാരണ അമച്വര്‍ നാടകത്തിനും അന്ന് കടപ്പുറത്ത് ഡിമാന്‍ഡ് ഉണ്ടായിരുന്നു. ജോബ് കുരിശുങ്കല്‍ നാടകക്കാരനായിരുന്നു. എ.ആര്. ഏണസ്റ്റ് എന്ന എ.ആര് ആശാന് ചവിട്ടുനാടകം കളിക്കുകയും പഠിപ്പിക്കുകയും ചെയ്തുവന്നു. കടപ്പുറത്തെ ആദ്യത്തെ സ്ത്രീപാട്ടുകാരനാണ് ഏണസ്റ്റ്. ടി.എ മൈക്കിള്‍, എം.എസ് ജേക്കബ് എന്നിവരും പാട്ടുകാരാണ്. ജ്ഞാനസുന്ദരി, കാറല്സ്മാന് തുടങ്ങിയവയാണ് അന്നത്തെ ഹിറ്റ് ചവിട്ടുനാടകങ്ങള്‍. റിസബാവ, മച്ചാന് വര്‍ഗീസ് തുടങ്ങിയവരൊന്നിച്ച് പൊന്നന് നാടകങ്ങളും കളിച്ചിട്ടുണ്ട്.
രാഷ്ട്രീയമില്ല, മതമില്ല
കുമ്പാരികളില് സ്മാര്‍ട്ട്ഫോണ്‍ ഉളളവരും അതുപയോഗിക്കാന്‍ അറിയുന്നവരും കുറവ്. അതുകൊണ്ടുതന്നെ വാട്സാപ്പ് കൂട്ടായ്മക്കോ സന്ദേശങ്ങള്‍ കൈമാറുന്നതിനോ മാര്‍ഗമില്ല. പരസ്പരം കണ്ട് സംസാരിച്ച് വിവരങ്ങള്‍ കൈമാറുന്നതാണ് രീതി. മാസത്തിലൊരിക്കലുള്ള കൂട്ടായ്മയ്ക്കും പ്രത്യേക അറിയിപ്പൊന്നുമില്ല. അതെല്ലാവരും ഓര്‍ത്തുവയ്ക്കുന്നു, മുടങ്ങാതെ പങ്കെടുക്കുന്നു. ഒരു നിവൃത്തിയുമില്ലാത്ത സാഹചര്യമുണ്ടായാലേ കൂട്ടായ്മയില്‍ പങ്കെടുക്കാതിരിക്കൂ. ചര്‍ച്ചകളില്‍ രണ്ടു കാര്യങ്ങള്‍ക്കു വിലക്കുണ്ട്: രാഷ്ട്രീയത്തിനും മതത്തിനും. എല്ലാവര്ക്കും രാഷ്ട്രീയാഭിമുഖ്യങ്ങളുണ്ടെങ്കിലും കുമ്പാരിക്കൂട്ടായ്മയില് അതു വേണ്ടെന്നാണ് തീരുമാനം. മതത്തിന്റെ ചര്‍ച്ച വര്‍ഗീയതയിലേക്കു വഴിമാറിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ അതും നിരോധനത്തിലാണ്. കൂട്ടായ്മ തകര്‍ക്കാന്‍ കെല്‍പ്പുള്ള രണ്ടു ചര്‍ച്ചകളെയും കുമ്പാരിമാര് പൊള്ളയില് വീടിന്റെ പുറത്താണ് നിര്‍ത്തിയിരിക്കുന്നത്.