ഒരു കാല്പന്തിന്മേല് ഒരു തലയുടെയോ ഒരു കാല്പാദത്തിന്റെയോ സ്പര്‍ശം ഒരു ജനതയുടെ വിധിയെ മാറ്റിമറിക്കും
ശരത് വെണ്‍പാല
മുന്മൊഴി
മനുഷ്യചരിത്രത്തെ മാറ്റിമറിച്ച വിപ്ലവങ്ങള്‍ പലതും ജനിച്ചത് തെരുവുകളിലും പാര്ലമെന്റുകളിലുമാണ്. എന്നാല്‍, അതിനെയെല്ലാം ജനകീയവല്‍ക്കരിക്കുകയും സാധാരണക്കാരന്റെ ഹൃദയമിടിപ്പായി മാറ്റുകയും ചെയ്ത മറ്റൊരു വേദി പച്ചപ്പുല്ല് വിരിച്ച കളിമൈതാനങ്ങളാണ്. ഫുട്ബോള്‍ എന്നത് ഇരുപത്തിരണ്ട് പേര് ഒരു പന്തിനായി ഓടുന്ന വെറുമൊരു കായിക വിനോദമല്ല; അത് വംശീയതയ്ക്കെതിരെയുള്ള പ്രതിരോധമാണ്, സാമ്രാജ്യത്വത്തോടുള്ള യുദ്ധമാണ്, കുടിയേറ്റക്കാരന്റെ അതിജീവനമാണ്, ലളിതമായി പറഞ്ഞാല്‍ അത് പൗരന്റെ പരമാധികാര പ്രഖ്യാപനമാണ് കാല്‍പ്പന്ത്കളി എന്ന റിപ്പബ്ലിക്കിലെ വിപ്ലവ പ്രഖ്യാപനം.
ലോകകപ്പ് ആവേശം ലോകമെമ്പാടും ഉയരുകയാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം പാരീസ് സെന്റ് ജെര്മെയ്ന് ക്ലബ്ബ് സ്വന്തമാക്കി. ഇനിയുള്ള രാവുകള്‍ ലോകം ഭൂഖണ്ഡങ്ങളായി തിരിഞ്ഞ് തങ്ങളുടെ രാജ്യത്തിന്റെ നിറവും പതാകയും പേറി ആര്‍പ്പു വിളിക്കും. ഭൂമിശാസ്ത്രപരമായ അക്ഷാംശ-രേഖാംശരേഖകള്ക്കപ്പുറം തങ്ങളുടെ ഇഷ്ടടീമിന്റെ ആരാധകര്‍ എന്ന ലേബലില്‍ രാജ്യാന്തര-ഭൂഖണ്ഡാന്തര പൗരന്മാരായി അവര്‍ മാറും.അവരുടെ ദൈവങ്ങള്‍ നടനമാടുന്ന കളിക്കളങ്ങള്‍ അവര്‍ക്ക് കോവിലുകളാകും.
അവിടെ അവരുടെ രക്ഷകന്മാര് ഗോള്‍ നേടുമ്പോള്‍ അവര്‍ നൃത്തം ചെയ്യും ;പിന്നെ അവര്‍ നിലംപതിക്കുമ്പോള്‍ അവര്‍ പൊട്ടിക്കരയും. ഇനി ഉന്മാദത്തിന്റെ നാളുകള്‍ … ഈ കല്പന്തു കളിയുടെ തറവാട്ടുമുറ്റങ്ങള്‍ ക്ലബുകളാണ്.അവയുടെ രാ ഷ്ട്രിയബോധം ചരിത്രത്തിന്റെ അലങ്കാരങ്ങളാണ്.
1857: ചരിത്രത്തിന്റെ കവലകള്‍
ചരിത്രം എത്ര വിചിത്രവും മനോഹരവുമായാണ് അതിന്റെ കരുക്കള്‍ നീക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് 1857 എന്ന വര്‍ഷം. ഭാരതീയ പൗരന്മാര് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധിനിവേശത്തിനും തോക്കിന്‍മുനകള്‍ക്കും നേരെ ഒന്നാം സ്വാതന്ത്ര്യ സമരം ശിപായി ലഹള എന്ന് ബ്രിട്ടീഷുകാര്‍ വിളിക്കുന്ന) നയിക്കുമ്പോള്‍, കടലിനക്കരെ ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു.
1857 ഒക്ടോബര്‍ 24-ന് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോള്‍ ക്ലബ്ബായ ഷെഫീല്‍ഡ് F.C (A.) രൂപീകൃതമായി. കളിക്ക് കൃത്യമായ നിയമങ്ങളുണ്ടാക്കി ഫുട്ബോളിനെ ഒരു സംഘടിത പൗരസമൂഹത്തിന്റെ സംസ്കാരമായി മാറ്റിയത് അവരാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം, ആയുധം കൊണ്ടുള്ള പോരാട്ടവും പന്തുകൊണ്ടുള്ള പോരാട്ടവും ഒരേ പൗരബോധത്തിന്റെ രണ്ട് അടയാളങ്ങളായി ചരിത്രത്തില്‍ സന്ധിക്കുന്ന കാഴ്ചയ്ക്ക് ലോകം സാക്ഷ്യം വഹിച്ചു.
ലോകത്തിലെ ആദ്യത്തെ അന്തര്‍-ക്ലബ്ബ് ഫുട്ബോള്‍ മത്സരം (interclub match) നടന്നത് 1860-ല്‍ ഷെഫീല്‍ഡ് എഫ്.സിയും ഹാളം എഫ്.സിയും (hallam FC) തമ്മിലായിരുന്നു. ഇതിനെ ‘ഷെഫീല്‍ഡ് ഡെര്‍ബി’ എന്ന് വിളിക്കുന്നു.
യൂറോപ്യന്‍ ക്ലബുകളുടെ പൗരബോധം
യൂറോപ്പില്‍ ഫുട്ബോള്‍ വളര്‍ന്നത് വ്യവസായവല്‍ക്കരണത്തോടും പ്രാദേശിക സ്വത്വങ്ങളോടും ചേര്‍ന്നാണ്. അവിടത്തെ ക്ലബ്ബുകള്‍ പൗരന്മാര്ക്ക് കൃത്യമായ നിയമവ്യവസ്ഥയും സാമൂഹിക സുരക്ഷിതത്വവും നല്കുന്ന പ്രതീകങ്ങളായി മാറി.
എഫ്.സി ബാഴ്സലോണ (1899): ജനറല്‍ ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണകാലത്ത് നിശബ്ദമാക്കപ്പെട്ട കാറ്റലന്‍ ജനതയുടെ ഏക ശബ്ദമായിരുന്നു അവരുടെ സ്റ്റേഡിയം. റയല്‍ മാഡ്രിഡിനെതിരെയുള്ള ‘എല്‍ ക്ലാസിക്കോ’ അവര്‍ക്ക് വെറുമൊരു മത്സരമല്ല, മറിച്ച് ‘MWps que un club’ (ഒരു ക്ലബ്ബിനേക്കാള്‍ ഉപരി) എന്ന ആദര്‍ശത്തില്‍ ഊന്നിയ രാഷ്ട്രീയ പ്രതിരോധമാണ്.
ബയേണ്‍ മ്യൂണിക്ക് (1900): നാസി ഭരണകാലത്ത് ഹിറ്റ്ലറുടെ ജനാധിപത്യ വിരുദ്ധതയ്ക്കെതിരെ നിലകൊണ്ടതിന് ‘ജൂത ക്ലബ്ബ്’ എന്ന് വിളിപ്പേരിട്ട് വേട്ടയാടപ്പെട്ട ചരിത്രമുണ്ട് ബയേണിന്. (യഹൂദ വംശജനായ പ്രസിഡന്റ് കുര്‍ട്ട് ലാന്ഡൗറുമായുള്ള ബന്ധം കാരണം നാസി ഭരണകാലത്ത് വിവേചനവും പീഡനവും ബയേണ്‍ മ്യൂണിക്ക് നേരിട്ടിരുന്നു) ‘Mia san Mia’ (ഞങ്ങള്‍ ഞങ്ങളാണ്) എന്ന മുദ്രാവാക്യത്തിലൂടെ അവര്‍ ഇന്നും വംശീയ വിരുദ്ധതയുടെ ആഗോള പൗരശബ്ദമായി നിലകൊള്ളുന്നു.
പി.എസ്.വി ഐന്തോവന് (1913): ഹോളണ്ടിലെ പ്രശസ്ത ഇലക്ട്രോണിക്സ് കമ്പനിയായ ‘ഫിലിപ്സിലെ’ തൊഴിലാളികള്‍ക്കായി രൂപീകരിച്ച ക്ലബ്ബ്. ഒരു വ്യവസായ നഗരത്തിലെ അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ വിനയവും കഠിനാധ്വാനവും എങ്ങനെ ഒരു നഗരത്തിന്റെ പൗരബോധമായി മാറുന്നു എന്ന് ഐന്തോവന് കാണിച്ചുതരുന്നു.
ലിവര്‍പൂള്‍ എഫ്.സി (1892): ഇംഗ്ലണ്ടില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെയും സോഷ്യലിസ്റ്റ് ആശയങ്ങളുടെയും പ്രതീകം. ദുരന്തമുഖങ്ങളിലും അവകാശപ്പോരാട്ടങ്ങളിലും പൗരന്മാര് കാണിച്ച ഐക്യദാര്‍ഢ്യത്തിന്റെ അടയാളമാണ് അവരുടെ ‘You’ll Nev–er Walk Alone’ എന്ന ആദര്‍ശ ഗീതം.
ബെന്‍ഫിക്ക 1904 ഒരു ഫുട്ബോള്‍ ക്ലബ് മാത്രമല്ല,
ജനങ്ങളുടെ റിപ്പബ്ലിക്
പോര്‍ച്ചുഗലിലെ ലിസ്ബണില്‍ 1904-ല്‍ സ്ഥാപിതമായ ബെന്‍ഫിക്ക, യൂറോപ്പിലെ ഏറ്റവും ജനകീയ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നാണ്. സമ്പന്നരുടെയും ഭരണവര്‍ഗ്ഗത്തിന്റെയും ക്ലബ്ബുകളായി കണക്കാക്കപ്പെട്ടിരുന്ന എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി, ബെന്‍ഫിക്ക തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, സാധാരണ പൗരന്മാര് എന്നിവരുടെ ക്ലബ്ബായി വളര്‍ന്നു. പോര്‍ച്ചുഗലില്‍ ചില കാലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ ജനവിശ്വാസം നേടിയ സ്ഥാപനമായിരുന്നു ‘ബെന്‍ഫിക്ക ക്ലബ്ബ്’ എന്ന് ചരിത്രകാരന്മാര് വിലയിരുത്തിയിട്ടുണ്ട്.
ലാറ്റിന്‍ അമേരിക്കന്‍ മൈതാനങ്ങളിലെ വിപ്ലവങ്ങള്‍
യൂറോപ്പില്‍ ഫുട്ബോള്‍ ഒരു വ്യവസ്ഥാപിത സംസ്കാരമായിരുന്നെങ്കില്‍, ലാറ്റിന്‍ അമേരിക്കയില്‍ അത് വികാരവും വിപ്ലവവുമായിരുന്നു.
കൊറിന്ത്യന്‍സ് (ബ്രസീല്‍): 1980-കളില്‍ ബ്രസീലിലെ സൈനിക ഭരണകൂടത്തിനെതിരെ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സൂപ്പര്‍താരം സോക്രട്ടീസിന്റെ നേതൃത്വത്തില്‍ നടന്ന ‘കൊറിന്ത്യന്‍ ഡെമോക്രസി’ (Democracia corinthiana) ജേഴ്സിയിലൂടെയുള്ള പൗരന്റെ വിപ്ലവ പ്രഖ്യാപനമായിരുന്നു.
ബോക്ക ജൂനിയേഴ്സ് (അര്‍ജന്റീന): ബ്യൂണസ് ഐറിസിലെ തുറമുഖ തൊഴിലാളികള്‍ രൂപീകരിച്ച ക്ലബ്ബ്. ഉപരിവര്‍ഗ്ഗത്തിന്റെ ക്ലബ്ബായ റിവര്‍ പ്ലേറ്റിനെതിരെ സാധാരണക്കാരന്റെ അതിജീവനത്തിന്റെ പൗരതന്ത്രമാണ് ഓരോ ബോക്ക മത്സരവും.
പള്ളിമുറ്റമൈതാനങ്ങള്
കത്തോലിക്കാ സഭയും ഫുട്ബോളും തമ്മിലുള്ള ബന്ധം പൗരത്വത്തെ കൂടുതല്‍ ദൃഢമാക്കിയ മറ്റൊരു ഘടകമാണ്. ഇടവക മുറ്റങ്ങളും പള്ളി മൈതാനങ്ങളും യുവാക്കളെ അച്ചടക്കമുള്ള പൗരന്മാരാക്കി മാറ്റാനുള്ള വേദികളായി സഭ കണ്ടു.
സെല്‍റ്റിക് എഫ്.സി (1887): ഗ്ലാസ്ഗോയിലെ പാവപ്പെട്ട ഐറിഷ് കത്തോലിക്കാ കുടിയേറ്റക്കാര്‍ക്ക് ഭക്ഷണം നല്‍കാനുള്ള ധനസമാഹരണത്തിനായി ബ്രദര്‍ വാല്‍ഫ്രിഡ് എന്ന കത്തോലിക്കാ സന്ന്യാസി സ്ഥാപിച്ച ക്ലബ്ബ്. കാരുണ്യത്തിന്റെ പൗരതന്ത്രമായിരുന്നു അത്.
സാന്‍ ലോറെന്‍സോ (1908): തെരുവ് കുട്ടികളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഫാദര്‍ ലൊറന്‍സോ മാസ്സ
പള്ളിയങ്കണത്തില്‍ തുടങ്ങിയ ക്ലബ്ബ്. ഫ്രാന്‍സിസ് പാപ്പ ഈ ‘വിശുദ്ധ ക്ലബ്ബിന്റെ’ ആജീവനാന്ത അംഗമാണ്.
സതാംപ്ടണ് എഫ്.സി (1885): ഇംഗ്ലണ്ടിലെ ‘സെന്റ് മേരീസ്’ പള്ളിയിലെ യുവജന കൂട്ടായ്മയില്‍ നിന്ന് വളര്‍ന്ന് ഇന്നും ഇംഗ്ലീഷ് ലീഗില്‍ ‘The saints’ (വിശുദ്ധന്മാര്) എന്ന പേരില്അറിയപ്പെടുന്നക്ലബ്ബ്.
പാരീസ് സെന്റ് ജെര്മെയ്ന് (PSG), സെന്റ് എറ്റിയെന്‍ എന്നിവയും ഇത്തരത്തില്‍ വിശുദ്ധന്മാരുടെ കാവലില്‍ രൂപപ്പെട്ടവയാണ്.
ഡോണ്‍ ബോസ്കോയും യേശുസഭയും: സലേഷ്യന്‍ (Don Bosco), ജെസ്യൂട്ട് (Jesusti) സഭകള്‍ ലോകമെമ്പാടും ഫുട്ബോളിനെ യുവജനങ്ങളില്‍ പൗരബോധവും കായിക അച്ചടക്കവും വളര്‍ത്താനുള്ള വിദ്യാഭ്യാസ ഉപകരണമായി ഉപയോഗിക്കുന്നു.
ഇന്ത്യന്‍ നഗ്നപാദരുടെ ദേശീയബോധം
ഭാരതത്തിലെ ഫുട്ബോള്‍ ചരിത്രം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുമായി ഇഴപിരിഞ്ഞു കിടക്കുന്നു.
മോഹന്‍ ബഗാന് (1889): 1911 ജൂലൈ 29-ന് മോഹന്‍ ബഗാന് ബ്രിട്ടീഷ് ടീമായ ഈസ്റ്റ് യോര്‍ക്കര്‍ രജിമെന്റിനെ തോല്‍പ്പിച്ച് ഐ.എഫ്.എ ഷീല്‍ഡ് ഉയര്‍ത്തി. ബൂട്ടണിഞ്ഞു വന്ന സാമ്രാജ്യത്വത്തെ നഗ്നപാദരായി നേരിട്ട പൗരന്മാരുടെ ആത്മവീര്യമായിരുന്നു അത്. സ്വാതന്ത്ര്യ സമരത്തിന് അത് നല്കിയ ഊര്‍ജ്ജം കണക്കിലെടുത്ത് 1989-ല്‍ ഭാരത സര്‍ക്കാര്‍ ഇതിനെ ‘ദേശീയ ക്ലബ്ബ്’ ആയി പ്രഖ്യാപിച്ചു. പോസ്റ്റല്‍ സ്റ്റാമ്പില്‍ ഇടം പിടിച്ച ആദ്യ ഇന്ത്യന്‍ ക്ലബ്ബും മോഹന്‍ ബഗാനാണ്. ഈസ്റ്റ് ബംഗാള്‍ (1920): വിഭജനാനന്തരം കുടിയേറേണ്ടി വന്ന അഭയാര്‍ത്ഥി സമൂഹത്തിന്റെ അതിജീവനത്തിന്റെയും അസ്തിത്വത്തിന്റെയും പ്രതീകം.
കൈരളിയുടെ കേളിദാഹം
ബ്രിട്ടീഷ് പട്ടാളക്കാരില്‍ നിന്ന് പന്തുതട്ടാന്‍ പഠിച്ച മലയാളിക്ക് ഫുട്ബോള്‍ എന്നത് മതേതരത്വത്തിന്റെയും സാമൂഹിക പരിവര്‍ത്തനത്തിന്റെയും പാഠശാലയായിരുന്നു.
തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം, ഏലൂരിലെ ഫാക്ട് (FACT) ക്ലബ്ബ്, മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതത്തിന്റെ ഭാഗമായ ടാറ്റ ടീ ക്ലബ്ബ്, ഇതിഹാസങ്ങളെ വാര്‍ത്തെടുത്ത കേരള പോലീസ് എന്നിവയെല്ലാം കായികവിനോദത്തെ ഒരു പൗരന്റെ അതിജീവനമാര്ഗ്ഗവും സാമൂഹിക സ്വത്വവുമായി മാറ്റിയെടുത്തു. തൊഴിലിടങ്ങള്‍ സ്വത്വബോധനിര്‍മ്മിതി നടത്തിയത് തീ പാറുന്ന മൈതാനങ്ങളിലായിരുന്നു.
എഫ്.സി കൊച്ചിയും (1997) ഗോകുലം കേരളയും: കേരളത്തിന്റെ ഫുട്ബോള്‍ പ്രതാപത്തെ പ്രൊഫഷണല്‍ തലത്തിലേക്ക് ഉയര്‍ത്തിയ വിപ്ലവങ്ങള്‍. കേരള ബ്ലാസ്റ്റേഴ്സ് (2014): ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ലക്ഷക്കണക്കിന് മലയാളികളെ ഒന്നിപ്പിക്കുന്ന ‘മഞ്ഞപ്പട’ ആധുനിക കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക കൂട്ടായ്മയാണ്. ‘നമ്മുടെ നാട്, നമ്മുടെ ടീം’ എന്നത് ഓരോ മലയാളി പൗരന്റെയും സ്വത്വമാണ്.
ഊണിലും ഉറക്കത്തിലും ക്ലാസിലും പഠനഹാളിലും ചാപ്പലിലും കൊന്തചൊല്ലുന്ന പുന്തോട്ടത്തിലും കാല്‍പന്തുകളുടെ ഗോളാരവങ്ങള്‍ മനോരാജ്യം കാണുന്ന എനിക്ക് ഏറ്റവും ഇഷ്ട ടീം പെലെയുടെ, നെയ്മറിന്റെ ബ്രസീല്‍! പക്ഷേ ഇഷ്ട ക്ലബ് ബാര്‍സിലോണ! വേള്‍ഡ് യൂത്ത് ഡേയില്‍ പങ്കെടുക്കാന്‍ പോര്‍ട്ടുഗലിലെ ലിസ്ബണില്‍ പോയപ്പോള്‍ അവിടെ നിന്ന് ബസുകേറി ബാര്‍സിലോണയിലെത്തി എന്റെ ക്ലബിന്റെ സ്വന്തം മൈതാനമായ ന്യൂക്യാംപില് ”റാക്കുട്ടന് ‘ ജേഴ്സിയണിഞ്ഞ് നിന്നപ്പോള്‍ കിട്ടിയ ആവേശവും ആത്മ നിര്‍വൃതിയും മറക്കില്ലൊരിക്കലും!ജര്‍മ്മനിയിലെ ബ്യൂണ്ടസ് ലീഗില്‍ ബയേണ്‍ മ്യൂണിക്കും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അത് ലിവര്‍പൂളും ഫ്രഞ്ച് ലീഗില്‍ അത് പിഎസ്ജി യും ഡച്ച് ലീഗില്‍ അത് ഐന്തോവാനും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത് ബ്ലാസ്റ്റേഴ്സും അങ്ങനെ നീളുന്നു ക്ലബ്ലിഷ്ടങ്ങള് ഇതൊക്കെ തികച്ചും വ്യക്തിപരം.
ഫുട്ബോള്‍ ഒരു മതം:
ആരാണ് ദൈവം?
ഈ ചോദ്യം ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു സമസ്യയാണ്. ഫുട്ബോളിനെ ഒരു മതമായി കാണുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ രാഷ്ട്രീയത്തിനനുസരിച്ച് വ്യത്യസ്ത ദൈവങ്ങളുണ്ട്.
വിപ്ലവകാരികള്‍ക്ക് അത് ഡീഗോ മറഡോണയാണ്. അദ്ദേഹത്തിനായി ‘ഇഗ്ലേഷ്യ മരഡോണിയാന’ എന്നൊരു പള്ളി തന്നെയുണ്ട് അര്‍ജന്റീനയില്‍.
കാല്പന്തിന്റെ സൗന്ദര്യത്തെ പ്രണയിക്കുന്നവര്‍ക്ക് അത് പെലെയാണ്.
കളിയിലെ മാന്ത്രികത ഇഷ്ടപ്പെടുന്നവര്‍ക്ക് അത് ലയണല്‍ മെസ്സിയും, കഠിനാധ്വാനത്തിന്റെ കൊടുമുടി കീഴടക്കിയവര്‍ക്ക് അത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ്.
ഫുട്ബോളിലെ രക്തസാക്ഷിയായ ദൈവത്തെ തേടുന്നവര്‍ക്ക് അത് ഒരു സെല്‍ഫ് ഗോളില്‍ കൊളംബിയന്‍ സ്വപ്നങ്ങള്‍ തകര്‍ത്തതിന് വെടിവച്ചുകൊല്ലപ്പെട്ട ആന്‍ഡ്രെസ് എസ്കോബാര്‍. അങ്ങനെ മുപ്പത്തിമുക്കോടി ദൈവങ്ങള്‍ അരങ്ങുവാഴുന്ന മതമാണ് കാല്പന്തുകളി.
പിന്മൊഴി
‘ആകാശം മുട്ടുന്ന സ്റ്റേഡിയങ്ങളിലെ ആര്‍പ്പുവിളികള്‍ക്കിടയില്‍, മനുഷ്യന് തന്റെ ഏകാന്തത മറന്ന് ഒരു മഹാസമുദ്രമായി മാറുന്നു. അത് ഐക്യത്തിന്റെ കവിതയാണ്.’ ചിലിയുടെ മഹാകവി പാബ്ലോ നെരൂദയുടെ ഈ വരികള്‍ സത്യമാണ് .
ഫുട്ബോളിനെക്കുറിച്ച് ഏറ്റവും മനോഹരമായി എഡ്വേര്‍ഡോ ഗലീനോ എഴുതിയ ‘സൂര്യപ്രകാശത്തിലും നിഴലിലും ഫുട്ബോള്‍’ എന്ന പുസ്തകം വിശ്വപ്രസിദ്ധമാണ്. അതില്‍ പറയുന്ന പോലെ ”മൈതാനത്തിന്റെ പുല്ലുകളില്‍ പൗരന്മാര് അവരുടെ വിധി എഴുതുന്നു. കളിക്കാരന് തന്റെ കളിയിലൂടെ ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്കുന്നു. ഗോള്‍ എന്നത് ഫുട്ബോളിലെ രതിമൂര്‍ച്ഛയാണ്.”ബ്രസീലില്‍ സന്റോസ് ക്ലബില്‍ പെലെ എന്ന ഇതിഹാസം കളിച്ചിരുന്ന കാലത്ത്, നൈജീരിയയില്‍ ആഭ്യന്തരയുദ്ധം പോലും ഒരു ഫുട്ബോള്‍ മത്സരത്തിനായി 48 മണിക്കൂര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഒരു കായിക ക്ലബ്ബിന് എങ്ങനെ യുദ്ധം തടയാം എന്നതിനു ചരിത്രം സാക്ഷി.
മൈതാനത്തെ അവസാന വിസിലും മുഴങ്ങിക്കഴിഞ്ഞാല്‍ പച്ചപ്പുല്ലിലെ കളി അവസാനിച്ചേക്കാം, പക്ഷേ ആ പന്ത് ഉരുളുന്നത് ചരിത്രത്തിന്റെ ഹൃദയത്തിലൂടെയാണ്. ഫുട്ബോള്‍ ഒരു മതമാണെങ്കില് അതിന്റെ യഥാര്‍ത്ഥ ദൈവം ഒരു കളിക്കാരനല്ല; മറിച്ച് ‘ആവേശം’ (Passion) ആണ്. ജാതിയും മതവും രാഷ്ട്രീയവും അതിര്‍ത്തികളും മറന്ന് ലക്ഷക്കണക്കിന് പൗരന്മാര് ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിക്കുമ്പോള്‍ അവിടെ പ്രകടമാകുന്നത് മനുഷ്യത്വത്തിന്റെ ദൈവികതയാണ്. ഭൂപടങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും അപ്പുറം ജനതയെ കോര്‍ത്തിണക്കുന്ന ഒരു വിശ്വഭാഷയായി ഇന്നും വിരാമമില്ലാതെ തുടരുന്ന ഒന്നാണ് ഈ പച്ചപ്പുല്ലിലെ പൗരതന്ത്രം.

