ഫാ. അനു സി., നെയ്യാറ്റിൻകര രൂപത
ആഗമനകാലം കാത്തിരിപ്പിന്റെയും മാനസാന്തരത്തിന്റെയും പ്രത്യാശയുടെയും ഒരു സമയമാണ്:
കാത്തിരിപ്പ് (waiting)ആഗമനകാലത്തിൽ ക്രിസ്തുവിന്റെ രണ്ടു വരവുകളുടെ കാത്തിരിപ്പിനെ നാം അനുസ്മരിക്കുന്നു. ഒന്നാമതായി, നമ്മുടെ മർത്യശരീരത്തിൽ കർത്താവിന്റെ ആദ്യത്തേതും എളിമയുള്ളതുമായ വരവിന്റെ ഓർമയുടെ കാത്തിരിപ്പ്; രണ്ടാമതായി, ചരിത്രത്തിന്റെ നാഥനും സാർവത്രിക ന്യായാധിപനുമെന്ന നിലയിൽ അവന്റെ അന്തിമവും മഹത്ത്വപൂർണവുമായ വരവിനായുള്ള യാചനയുടെ കാത്തിരിപ്പ് (‘ഡയറക്ടറി ഓൺ പോപ്പുലർ പയറ്റി ആൻഡ് ലിറ്റർജി’ നം. 96)മാനസാന്തരം (conversion)ആഗമനകാലത്തിൽ മാനസാന്തരത്തിന് വലിയ പ്രാധാന്യം സഭ നല്കുന്നു. കാരണം, ദൈവം മനുഷ്യാവതാരം ചെയ്തതുതന്നെ പാപികളെ മാനസാന്തരത്തിലേക്ക് നയിക്കാനും അവരെ രക്ഷിക്കാനുമാണ് (മത്താ 9:13; മർക്കോ 2:17; ലൂക്ക 5:32). അതിനാൽ, ഈ സമയത്ത് ആരാധനക്രമം പലപ്പോഴും പ്രവാചകന്മാരെ, പ്രത്യേകിച്ച് സ്നാപക യോഹന്നാനെ ഉദ്ധരിക്കുന്നു. “മാനസാന്തരപ്പെടുവിൻ; എന്തെന്നാൽ സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” (മത്താ 3:2) എന്ന് പ്രവാചകന്മാരുടെ വാക്കുകൾ സഭ ഇന്നും ആവർത്തിക്കുന്നു (‘ഡയറക്ടറി ഓൺ പോപ്പുലർ പയറ്റി ആൻഡ് ലിറ്റർജി’ നം. 96).പ്രത്യാശക്രിസ്തു ഇതിനകം നിർവഹിച്ച രക്ഷയും (cf. റോമ 8:24-25) ലോകത്തിൽ കൃപയുടെ യാഥാർഥ്യവും പക്വത പ്രാപിക്കുകയും അവയുടെ പൂർണതയിലെത്തുകയും ചെയ്യുമെന്ന ആനന്ദകരമായ പ്രത്യാശ ആഗമനകാലത്തിൻ്റെ സവിശേഷതയാണ്. അതുവഴി, വിശ്വാസത്താൽ വാഗ്ദാനം ചെയ്യപ്പെട്ടത് നമുക്ക് നല്കുമെന്നും “അവിടന്ന് പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെയാകും. കാരണം, അവിടന്ന് ആയിരിക്കുന്നപോലെ നാം അവിടത്തെ കാണും” (1 യോഹ 3:2) എന്നുമുള്ള ആനന്ദപൂർണമായ പ്രത്യാശ ഈ ആഗമനകാലത്ത് നാം പ്രഖ്യാപിക്കുന്നു (‘ഡയറക്ടറി ഓൺ പോപ്പുലർ പയറ്റി ആൻഡ് ലിറ്റർജി’ നം. 96)അതിനാൽ, ‘ആഗമനകാലത്തിന് രണ്ടുവിധത്തിലുള്ള പ്രത്യേകതകളുണ്ട്. മനുഷ്യരുടെ ഇടയിലേക്ക് ദൈവപുത്രൻ ആദ്യമായി ഇറങ്ങിവന്ന സംഭവം അനുസ്മരിക്കുന്ന തിരുപ്പിറവിത്തിരുനാൾ ആചരിക്കുന്നതിന് ഒരുങ്ങാനുള്ള സമയമാണിത്. ഈ അനുസ്മരണംവഴി ലോകാവസാനത്തിൽ സംഭവിക്കാനിരിക്കുന്ന ക്രിസ്തുവിന്റെ ആഗമനത്തിലേക്ക് മനുഷ്യമനസ്സുകളുടെ ശ്രദ്ധയാകർഷിക്കുന്ന കാലം കൂടിയാണിത്. അതിനാൽ, ആഗമനകാലം ആനന്ദപൂർണവും ഭക്തിപൂർണവുമായ പ്രതീക്ഷയുടെ കാലമാണ്’ (ആരാധനക്രമവത്സരത്തിനും കലണ്ടറിനുമുള്ള പൊതുനിയമങ്ങൾ [LY] 39). ഈ കാലഘട്ടം ആഗമനകാലം ഒന്നാം ഞായറാഴ്ചയുടെ ഒന്നാം സായാഹ്നപ്രാർഥനയോടെ ആരംഭിക്കുകയും പിറവിത്തിരുനാളിന്റെ ഒന്നാം സായാഹ്നപ്രാർഥനയ്ക്കുമുമ്പായി സമാപിക്കുകയും ചെയ്യുന്നു (LY 40).ആഗമനകാലത്തെ ഉള്ളടക്കംനാലു ഞായറാഴ്ചകൾ ഉൾക്കൊള്ളുന്ന ആഗമനകാലം രണ്ടായി വിഭജിക്കാം: ആഗമനകാലം ഒന്നാമത്തെ ഞായറാഴ്ച മുതൽ ഡിസംബർ 16 വരെ ഒന്നാം ഭാഗവും 17 മുതൽ 24- ആം തീയതി വരെ രണ്ടാം ഭാഗവും. ആദ്യഭാഗത്ത് കൂടുതലും ക്രിസ്തുവിന്റെ രണ്ടാംവരവാണ് വിചിന്തനം ചെയ്യുന്നത്. 17 മുതൽ 24 വരെയുള്ള ദിനങ്ങളിൽ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെപ്പറ്റിയും ഏറ്റവുമടുത്ത ഒരുക്കത്തെപ്പറ്റിയും ചിന്തിക്കുന്നു. ഈ ദിനങ്ങളിൽ ക്രിസ്തുവിന്റെ ജനനത്തിനുമുമ്പുള്ള സംഭവങ്ങൾ വിവരിക്കുന്ന സുവിശേഷ ഭാഗങ്ങളാണ് ക്രമവത്കരിച്ചിരിക്കുന്നത്.
ആനന്ദ ഞായർ (Gaudete Sunday)ആഗമന കാലത്തിലെ മൂന്നാമത്തെ ഞായറാഴ്ച ആനന്ദഞായർ അഥവാ ‘ഗൗദെത്തെ ഞായർ’ എന്നാണ് അറിയപ്പെടുന്നത്. ഈ ദിനത്തിന്റെ ദിവപൂജയിലെ ‘കർത്താവിൽ എല്ലായ്പ്പോഴും ആനന്ദിക്കുക. കർത്താവ് സമീപസ്ഥനാണ്’ (ഫിലി 4:4) എന്ന പ്രവേശകപ്രഭണിതത്തിൽ നിന്നാണ് ഈ വാക്ക് രൂപപ്പെടുന്നത്. കർത്താവിന്റെ ജനനത്തിലുള്ള ആനന്ദം മുൻകൂട്ടി ആസ്വദിക്കുന്നതിനാണ് ഈ ക്രമവത്കരണം. അതുകൊണ്ട്, ഈദിനത്തിൽ ധൂമ്രവസ്ത്രം മാറ്റി റോസ് നിറത്തിലുള്ള തിരുവസ്ത്രങ്ങൾ ദിവ്യപൂജയ്ക്ക് ഉപയോഗിക്കുന്നു.ആഗമനകാലം പ്രായശ്ചിത്തത്തിന്റെ കാലഘട്ടമാണോ?ഒറ്റവാക്കിൽ പറഞ്ഞാൽ അല്ല. റോമൻ (ലത്തീൻ) കത്തോലിക്കാ സഭയുടെ കാനോൻ നിയമം 1250 -ൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: സാർവത്രിക സഭയിലെ പ്രായശ്ചിത്തത്തിന്റെ ദിനങ്ങളും കാലങ്ങളും വർഷത്തിലെ എല്ലാ വെള്ളിയാഴ്ചയും തപസ്സുകാലവും ആണ്. അതായത്, ഈ ദിവസങ്ങളിലാണ് വിലക്കപ്പെട്ട ഭക്ഷണപദാർഥങ്ങൾ വർജിക്കണമെന്ന് തിരുസഭ ആവശ്യപ്പെട്ടിരിക്കുന്നതും അങ്ങനെ ചെയ്യാൻ വിശ്വാസികൾ കടപ്പെട്ടിരിക്കുന്നതും. അതിനാൽ, റോമൻ (ലത്തീൻ) കത്തോലിക്കാ സഭയിൽ ആഗമനകാലത്ത് 25 നോമ്പോ ഉപവാസമോ സഭ ഔദ്യോഗികമായി നിർദേശിച്ചിട്ടില്ല. എന്നാൽ, വ്യക്തിപരമായ ഒരുക്കത്തിന്റെ അടയാളമായി ഏതുതരത്തിലുമുള്ള പ്രായശ്ചിത്ത പ്രവർത്തികൾ ചെയ്യാൻ വിശ്വാസികൾക്ക് സാധിക്കും.
അൾത്താരയിൽ പുഷ്പാലങ്കാരം നടത്താമോ?നടത്താം. എന്നാൽ, ആഗമനകാലത്തിന്റെ സ്വഭാവത്തിന് അനുയുക്തമായി ഈ കാലയളവിൽ പൂക്കളുടെ അലങ്കരണത്തിൽ ‘മിതത്വം’ പാലിക്കേണ്ടതാണ്. കർത്താവിന്റെ പിറവിയുടെ പൂർണസന്തോഷം മുൻകൂട്ടി പ്രകടിപ്പിക്കാത്തവിധത്തിൽ ആയിരിക്കണം ഇങ്ങനെ ചെയ്യേണ്ടത് (GIRM 305). അതിനാൽ, മിതമായ രീതിയിൽ പൂക്കൾ വയ്ക്കാവുന്നതാണ്. ദേവാലയ സംഗീതത്തിലെ ഗാനങ്ങൾആഗമനകാലത്ത് ദിവ്യബലിയിൽ ആലപിക്കുന്ന ഗാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഈ കാലഘട്ടത്തിലെ മൂന്ന് പ്രത്യേകതകൾ കണക്കിലെടുക്കണം. അതായത്, യേശുവിൻ്റെ മനുഷ്യാവതാരത്തിനുവേണ്ടിയും അവിടത്തെ രണ്ടാം വരവിനുവേണ്ടിയുമുള്ള കാത്തിരിപ്പ്, മാനസാന്തരം, ആനന്ദപൂർണമായ പ്രത്യാശ എന്നിവ ആശയങ്ങളായി വരുന്നതും ഇവയുമായി ബന്ധപ്പെട്ട ദൈവവചനവും സഭയുടെ പ്രബോധനവും നിറഞ്ഞ വരികളുമുള്ള ഗാനങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ കാലഘട്ടത്തിലെ ആരാധനക്രമ ആഘോഷങ്ങളിൽ ആഗമനകാലത്തിൻ്റെ അർഥവും ലക്ഷ്യവും പ്രകടിപ്പിക്കുകയും വിശ്വാസികളുടെ ചിന്തകളെ തിരുപിറവിയുടെ ഒരുക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഗാനങ്ങൾ തിരഞ്ഞെടുക്കണം. യേശുവിൻ്റെ വരവിനായി കാത്തിരിക്കാനും യേശുവിൻ്റെ വരവിനെ സ്വാഗതം ചെയ്യാനും അതിനായി ഒരുങ്ങാനും വിശ്വാസികളെ പ്രേരിപ്പിക്കുന്നതാകണം ഗാനങ്ങൾ. പ്രവേശകഗാനവും കാഴ്ചവയ്പുഗാനവും ദിവ്യകാരുണ്യസ്വീകരണഗാനവും സാധിക്കുന്നിടത്തോളം സമാപനഗാനവും ആഗമനകാലത്തിൻ്റെ ചൈതന്യം പ്രകടിപ്പിക്കുന്നതായിരിക്കണം.
സംഗീതോപകരണങ്ങൾ വായിക്കുന്നതിൽ നിയന്ത്രണം ഉണ്ടോ?ഉണ്ട്. ആരാധനക്രമ ആഘോഷങ്ങളിൽ ആഗമനകാലത്തിന്റെ സ്വഭാവത്തിന് അനുയുക്തമായി ഇക്കാലയളവിൽ ഓർഗന്റെയും മറ്റു സംഗീതോപകരണങ്ങളുടെയും ഉപയോഗത്തിൽ ‘മിതത്വം’ പാലിക്കണം. കർത്താവിന്റെ പിറവിയുടെ പൂർണസന്തോഷം മുൻകൂട്ടി പ്രകടിപ്പിക്കാത്തവിധം ആയിരിക്കണം ഇങ്ങനെ ചെയ്യേണ്ടത് (GIRM 313).’അല്ലേലൂയാ’
ആലപിക്കാമോ/ ചൊല്ലാമോ?ആലപിക്കുകയോ ചൊല്ലുകയോ ചെയ്യാം. അല്ലേലൂയാ ആലപിക്കുന്നതുമായി ബന്ധപ്പെട്ട് സഭ നല്കിയിരിക്കുന്ന നിർദശം ഇതാണ്. തപസ്സുകാലം ഒഴികെ മറ്റുകാലങ്ങളിൽ അല്ലേലൂയാ ആലപിക്കപ്പെടുന്നു (GIRM 62.a). സുവിശേഷത്തിലൂടെ സംസാരിക്കുന്ന കർത്താവിനെ സ്വാഗതം ചെയ്യുന്നതിനും അഭിവാദനം ചെയ്യുന്നതിനും അവിടന്നിലുള്ള വിശ്വാസം പ്രഖ്യാപിക്കുന്നതിനുംവേണ്ടി വിശ്വാസികളുടെ സമൂഹം നടത്തുന്നതാണ് ഈ ഗീതി (GIRM 62). ‘അത്യുന്നതങ്ങളിൽ’ ആലപിക്കാമോ/ ചൊല്ലാമോ?പൊതുവിൽ, ആലപിക്കുകയോ ചൊല്ലുകയോ ചെയ്യാൻ പാടില്ല. എന്നാൽ, ആഗമനകാലത്തിലെ തിരുനാളുകളിലും മഹോത്സവങ്ങളിലും ‘അത്യുന്നതങ്ങളിൽ’ ആലപിക്കുകയോ ചൊല്ലുകയോ ചെയ്യാവുന്നതാണ്. ആരാധനക്രമം ഇങ്ങനെ നിർദേശിക്കുന്നു: ആഗമനകാലത്തിനും തപസ്സുകാലത്തിനും പുറമേയുള്ള ഞായറാഴ്ചകളിലും മഹോത്സവങ്ങളിലും തിരുനാളുകളിലും വലിയ പ്രാദേശിക ആഘോഷദിവസങ്ങളിലും ‘അത്യുന്നതങ്ങളിൽ’ ആലപിക്കുകയോ ചൊല്ലുകയോ ചെയ്യുന്നു (GIRM 53).

