Djam (France/97’/2017)Director: Tony Gatlif
റോമ സംസ്കാരത്തിൻ്റെയും (Romani culture) നാടോടി സംഗീതത്തിന്റെയും തീവ്രമായ താളങ്ങൾ ചലച്ചിത്രഭാഷയിലേക്ക് ആവാഹിച്ച സംവിധായകനാണ് അൾജീരിയൻ-ഫ്രഞ്ച് ചലച്ചിത്രകാരനായ ടോണി ഗാറ്റ്ലിഫ്. ‘കൊർക്കോരോ’ (Korkoro), ‘ലാച്ചോ ഡ്രോം’ (Latcho Drom) ‘ട്രാൻസിൽവാനിയ’ (Transylvania) തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകസിനിമയിൽ തനതായ സൗന്ദര്യശാസ്ത്രം സൃഷ്ടിച്ച ഗാറ്റ്ലിഫ് 2017-ൽ പുറത്തിറക്കിയ ശ്രദ്ധേയമായ റോഡ് മൂവിയാണ് ‘ജാം’ (Djam). സംഗീതത്തെ വെറുമൊരു പശ്ചാത്തലമായി കാണാതെ, മനുഷ്യാവസ്ഥയുടെ ദുരന്തങ്ങളെയും രാഷ്ട്രീയ അശാന്തികളെയും അതിജീവിക്കാനുള്ള ഏറ്റവും ശക്തമായ മാധ്യമമായി പ്രതിഷ്ഠിക്കുന്ന ചിത്രമാണിത്.
ഗ്രീക്ക് നഗര-നാടോടി സംഗീത ശാഖയായ ‘റെബറ്റിക്കോ’യുടെ (Rebetiko) ആത്മാവ് തുടിക്കുന്ന ഈ ചിത്രം, സമകാലിക യൂറോപ്പ് അഭിമുഖീകരിക്കുന്ന സാമ്പത്തികത്തകർച്ചയുടെയും അഭയാർത്ഥി പ്രതിസന്ധിയുടെയും യാഥാർത്ഥ്യങ്ങളിലൂടെയുള്ള തീക്ഷ്ണമായ ഒരു പെൺയാത്രയാണ്.ഗ്രീസിലെ ലെസ്ബോസ് (Lesbos) ദ്വീപിലാണ് ചിത്രത്തിന്റെ ആരംഭം. ചിതറിപ്പോയ കുടുംബബന്ധങ്ങൾക്കിടയിലും സ്വന്തം സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന, അടങ്ങാത്ത ജീവിതോത്സുകതയുള്ള ‘ജാം’ (Daphne Patakia) എന്ന ഗ്രീക്ക് യുവതിയാണ് കേന്ദ്രകഥാപാത്രം. അവളുടെ വളർത്തച്ഛനും അമ്മാവനുമായ കാക്കൂർഗോസ് (Simon Abkarian) ഒരു പഴയ നാവികനാണ്; ഒപ്പം റെബറ്റിക്കോ സംഗീതത്തിൻ്റെ കടുത്ത ആരാധകനും. അവരുടെ ഉപജീവനമാർഗ്ഗമായ ചെറുബോട്ട് കേടായിക്കിടക്കുകയാണ്. അതിന്റെ എൻജിൻ പ്രവർത്തനക്ഷമമാക്കാൻ അത്യാവശ്യമായ ഒരു അപൂർവ്വ സ്പെയർ പാർട്ട് തേടി കാക്കൂർഗോസ്, ജാമിനെ ഇസ്താംബൂളിലേക്ക് അയക്കുന്നു. തുർക്കിയിലെ ബോസ്ഫറസിൻ്റെ തീരങ്ങളിൽ അവൾ കണ്ടുമുട്ടുന്നത് ആവ്രിൽ (Maryne Cayon) എന്ന പത്തൊൻപതുകാരിയായ ഫ്രഞ്ച് പെൺകുട്ടിയെയാണ്. സിറിയൻ അഭയാർത്ഥികൾക്കായി സന്നദ്ധസേവനം ചെയ്യാൻ തുർക്കിയിലെത്തിയ ആവിലിന്റെ പണവും രേഖകളും മോഷ്ടിക്കപ്പെടുകയും അവൾ അനാഥയായി തെരുവിൽ അകപ്പെടുകയും ചെയ്ത അവസ്ഥയിലായിരുന്നു. കാപട്യങ്ങളില്ലാത്ത ജാം, യാതൊരു മുൻവിധിയുമില്ലാതെ ആവ്രിലിനെ ഒപ്പം കൂട്ടുന്നു. തുടർന്ന് ഇസാംബൂളിൽ നിന്ന് അതിർത്തികൾ കടന്ന് ലെസ്ബോസിലേക്ക് അവർ നടത്തുന്ന മടക്കയാത്രയാണ് സിനിമയുടെ പ്രധാന പ്രമേയം.ഈ യാത്ര വെറുമൊരു കാഴ്ചക്കാഴ്ചയല്ല; സമകാലിക ഗ്രീസിന്റെയും തുർക്കിയുടെയും സാമൂഹിക-സാമ്പത്തിക മുറിവുകളിലൂടെയുള്ള സഞ്ചാരമാണ്. കടുത്ത സാമ്പത്തിക മാന്ദ്യവും പണിമുടക്കുകളും കാരണം ഗതാഗതസംവിധാനങ്ങൾ നിശ്ചലമായ വഴികളിലൂടെ, പണമില്ലാതെ, കാൽനടയായും ലിഫ്റ്റടിച്ചും അവർ മുന്നോട്ടുപോകുന്നു. യാത്രയിൽ അവർ കണ്ടുമുട്ടുന്ന മനുഷ്യരൊക്കെയും ജീവിതാഘാതങ്ങൾ ഏറ്റുവാങ്ങിയവരാണ് – ബാങ്ക് ജപ്തി കാരണം ആത്മഹത്യയുടെ വക്കിലെത്തിയ കർഷകൻ, തൊഴിലില്ലായ്മ മൂലം നാടുവിടാൻ നിർബന്ധിതരാകുന്ന ചെറുപ്പക്കാർ, ഒളിച്ചോടുന്ന അഭയാർത്ഥികൾ. യാത്രയുടെ ഒടുവിൽ അവർ ലെസ്ബോസ് ദ്വീപിൽ എത്തുമ്പോൾ അവരെ കാത്തിരിക്കുന്നത് മറ്റൊരു നടുക്കുന്ന കാഴ്ചയാണ്: ആയിരക്കണക്കിന് അഭയാർത്ഥികൾ ഏജിയൻ കടൽ കടന്നെത്തിയപ്പോൾ ഉപേക്ഷിച്ചുപോയതും, മരണപ്പെട്ടവരുടെതുമായ ഓറഞ്ച് ലൈഫ് ജാക്കറ്റുകളുടെ കൂറ്റൻ മല. ആ കാഴ്ച അവരുടെ ഉള്ളുലയ്ക്കുന്നു. ഒടുവിൽ കാക്കൂർഗോനിൻ എത്തുമ്പോഴേക്കും കടബാധ്യതകൾ മൂലം ബാങ്ക്സ്വത്തുക്കളും ജപ്തി ചെയ്തിരുന്നു. എന്നാൽ ഈ ദുരന്തങ്ങൾക്ക് മുന്നിലും അവർ തളർന്നുപോകുന്നില്ല. നന്നാക്കിയെടുത്ത ബോട്ടിലേക്ക് കയറി, റെബറ്റിക്കോ പാട്ടിന്റെ അലകളിൽ സ്വയം മറന്ന്, പ്രത്യാശയോടെ അവർ കടലിലേക്ക് തുഴഞ്ഞുനീങ്ങുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ‘ജാം’ എന്ന സിനിമയെ നിർവ്വചിക്കുന്നത് അതിലെ സംഗീതമാണ്, പ്രത്യേകിച്ചും ‘റെബറ്റിക്കോ (Rebetiko). ‘ഗ്രീക്ക് ബ്ലൂസ്’ (Greek Blues) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സംഗീതശാഖ 1920-കളിൽ ഏഷ്യാ മൈനറിലെ പലായനത്തെ തുടർന്ന് ഗ്രീസിലെ തുറമുഖങ്ങളിലും ചേരികളിലും രൂപപ്പെട്ടതാണ്. പലായനത്തിന്റെ വേദന, ദാരിദ്ര്യം, വിവേചനം, പ്രണയം, അരികുവൽക്കരിക്കപ്പെട്ടവരുടെ ചെറുത്തുനിൽപ്പ് എന്നിവയാണ് റെബറ്റിക്കോ ഗാനങ്ങളുടെ ഇതിവൃത്തം. ബൗസൂക്കി (Bouzouki), ബാഗ്ലാമാസ് (Baglamas) തുടങ്ങിയ പരമ്പരാഗത തന്ത്രിവാദ്യങ്ങളുടെ അകമ്പടിയോടെ പാടുന്ന ഈ സംഗീതം ചിത്രത്തിൽ കേവലമൊരു അലങ്കാരമല്ല; മറിച്ച് കഥാപാത്രങ്ങളുടെ ശ്വാസമാണ്.ചിത്രത്തിൽ ജാം പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന രംഗങ്ങൾ കേവല ആസ്വാദനത്തിനപ്പുറം അടിച്ചമർത്തലുകൾക്കെതിരെയുള്ള ആദിമമായ ആവിഷ്കാരമാണ്. ടോണി ഗാറ്റ്ലിഫ് ‘റെബറ്റിക്കോ’യെ ഉപയോഗിക്കുന്നത് രണ്ടു തലങ്ങളിലാണ്: ചരിത്രപരമായ സാദൃശ്യം: 1920-കളിൽ സ്മിർണയിൽ (Smyrna) നിന്ന് ഗ്രീസിലേക്ക് പലായനം ചെയ്ത അഭയാർത്ഥികൾ രൂപപ്പെടുത്തിയ റെബറ്റിക്കോ, ഇന്ന് സിറിയയിൽ നിന്നും പശ്ചിമേഷ്യയിൽ നിന്നും ഇതേ ഏജിയൻ കടൽ വഴി യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന പുതിയ അഭയാർത്ഥികളുടെ കണ്ണീരുമായി നേരിട്ട് സംവദിക്കുന്നു. ഉടലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം: ജാമിന്റെ നൃത്തച്ചുവടുകൾ ക്ലാസിക്കൽ ചിട്ടവട്ടങ്ങൾക്കപ്പുറം സ്വന്തം ഉടലിനെയും അസ്തിത്വത്തെയും ആഘോഷിക്കുന്ന ഒന്നാണ്. റസ്റ്റോറൻ്റുകളിലും, വിജനമായ കടൽത്തീരങ്ങളിലും, ഒടുവിൽ ലൈഫ് ജാക്കറ്റുകളുടെ ശ്മശാനഭൂമിയിലും ഉയരുന്ന റെബറ്റിക്കോ ഈണങ്ങൾ ജീവിതത്തിൻ്റെ ദുരന്തങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെയാണ്.സിനിമ പ്രധാനമായും പറയുന്നത് രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന പെൺകുട്ടികളുടെ സൗഹൃദമാണ്. ജാം സ്വതസ്സിദ്ധമായ ഊർജ്ജവും നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യവുമുള്ള നാടോടി മനസ്സുള്ളവളാണെങ്കിൽ, ആവ്രിൽ വ്യവസ്ഥാപിത സമൂഹത്തിൻ്റെ നിയന്ത്രണങ്ങളിൽ ജീവിച്ചു പരിചയിച്ച, ഉൾവലിഞ്ഞ സ്വഭാവക്കാരിയാണ്. എന്നാൽ ഈ റോഡ് യാത്രയിലൂടെ ആവ്രിൽ സ്വന്തം ഭയങ്ങളെ മറികടക്കുകയും, ജാമിൻ്റെ സ്വാതന്ത്ര്യത്തിൻ്റെ വന്യതയെ ഉൾക്കൊള്ളുകയും ചെയ്യുന്നു.ജാമിന് തിരശീലയിൽ ജീവൻ കൊടുത്ത ‘ഡാഫ്നി പട്ടാകിയ’യുടെ അസാധാരണമായ പ്രകടനമാണ് സിനിമയുടെ ചാലകശക്തി. സംവിധായകൻ സ്ത്രീശരീരത്തെ ഒരു ഉപഭോഗവസ്തുവായല്ല, മറിച്ച് സാമ്പ്രദായിക സദാചാരബോധങ്ങളെ ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയ മാധ്യമമായാണ് ദൃശ്യവൽക്കരിക്കുന്നത്. കടലിലും കരയിലും നൃത്തം ചെയ്യുന്ന ജാം, നവലിബറൽ സമൂഹത്തിന്റെ ഉപരിപ്ലവമായ അതിർവരമ്പുകളെയെല്ലാം നിഷ്പ്രഭമാക്കുന്നു.പാട്രിക് ഗിരിംഗെല്ലിയുടെ (Patrick Ghiringhelli) ഛായാഗ്രഹണം മെഡിറ്ററേനിയൻ തീരങ്ങളുടെ വെളിച്ചത്തെയും, അതേസമയം തന്നെ യൂറോപ്യൻ കടബാധ്യതകൾ തീർത്ത ഗ്രാമങ്ങളുടെ ശൂന്യതയെയും ഒരുപോലെ ഒപ്പിയെടുക്കുന്നു. അതിർത്തികൾ കൊണ്ട് മനുഷ്യരെ വിഭജിക്കുന്ന അധികാര വ്യവസ്ഥിതിക്ക് മുന്നിൽ സംഗീതവും നൃത്തവും കൊണ്ട് ഒരു സമാന്തര ലോകം തീർക്കുകയാണ് ഗാറ്റ്ലിഫ്’ജാം’ ഒരു സാധാരണ സംഗീതചിത്രമല്ല. അന്യവൽക്കരിക്കപ്പെട്ട മനുഷ്യർ തങ്ങളുടെ ആത്മാവിനെ സംരക്ഷിക്കാൻ സംഗീതത്തെ ആയുധമാക്കുന്നതിന്റെസാക്ഷ്യപത്രമാണ്. ഭരണകൂടങ്ങളും ബാങ്കുകളും അതിർത്തിവേലികളും മനുഷ്യനെ തടവിലിടുമ്പോൾ, കാലുകളിൽ താളവും ചുണ്ടുകളി ദുരന്തത്തെയും മറികടക്കാനാകും എന്ന് ചിത്രം ( ലോകസിനിമയിലെ മികപ മാസിക്കൽ-റോഡ്

