അമ്മാൻ: ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരോടുള്ള ആദരവും അവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ജോർദാനിൽ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ ഒഴിവാക്കി ലളിതമായ രീതിയിൽ ആചരിക്കാൻ സഭകളുടെ കൂട്ടായ്മയായ ജോർദാൻ കൗൺസിൽ ഓഫ് പ്രസിഡന്റ്സ് ഓഫ് ചർച്ചസ് തീരുമാനിച്ചു.
ഒക്ടോബറിൽ രാജ്യത്തുണ്ടായ ഭീകരാക്രമണങ്ങളിൽ ഒൻപതോളം പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.ക്രിസ്തുമസിനോടനുബന്ധിച്ചുള്ള ആരാധനകളും പ്രാർഥനകളും സഭാപാരമ്പര്യമനുസരിച്ച് നടത്തുമെങ്കിലും ആഘോഷപരിപാടികൾ ഉണ്ടായിരിക്കില്ല. പകരം പ്രാർഥനകൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് സഭാനേതൃത്വം വിശ്വാസികളോട് അഭ്യർഥിച്ചു. ദൈവാലയങ്ങളിലെ ക്രിസ്തുമസ് ട്രീകൾ പ്രത്യാശയുടെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകരുന്നവയായിരിക്കുമെന്നും കൗൺസിൽ വ്യക്തമാക്കി.
കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി മെഴുകുതിരികൾ തെളിയിക്കുകയും ക്രിസ്തുമസ് ട്രീകൾക്കു സമീപം പ്രത്യേക സ്മാരക ഇടം ഒരുക്കുകയും ചെയ്യും. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച സഭാനേതൃത്വം, അബ്ദുള്ള രണ്ടാമൻ രാജാവിനോടും സുരക്ഷാസേനകളോടും ഐക്യദാർഢ്യം അറിയിച്ചു.

