കയ്യാവോ (പെറു): സമൂഹത്തിൽ ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന വയോധികർക്ക് സ്നേഹവും കരുതലും പകർന്നുനൽകുന്ന വയോജനമന്ദിരങ്ങൾ കാരുണ്യത്തിന്റെ മരുപ്പച്ചകളാണെന്ന് ലെയോ പതിനാലാമൻ പാപ്പ.
പെറുവിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ അവസാനദിനത്തിൽ കയ്യാവോയിലെ ഉപേക്ഷിക്കപ്പെട്ട വയോധികർക്കായുള്ള ഭവനം സന്ദർശിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.വയോധികരെ പരിചരിക്കുന്ന സന്ന്യാസിനിമാരെയും ജീവനക്കാരെയും അഭിനന്ദിച്ച പാപ്പാ, സ്നേഹം നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന സാഹോദര്യത്തിന്റെ മനോഹരമായ മാതൃകയാണ് ഈ ഭവനമെന്ന് വിശേഷിപ്പിച്ചു. ദുർബലരും സംരക്ഷണം ആവശ്യമുള്ളവരുമായ മനുഷ്യരെ അവഗണിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന പ്രവണതകൾക്കെതിരെ പാപ്പ മുന്നറിയിപ്പ് നൽകി.
മനുഷ്യന്റെ സമഗ്രമായ വളർച്ചയ്ക്ക് ശരീരത്തിന്റെയും ആത്മാവിന്റെയും സംരക്ഷണം ഒരുപോലെ പ്രധാനമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ‘ആത്മാക്കളെ രക്ഷിക്കുന്നതിനായി ശരീരങ്ങളെ പരിപാലിക്കുക’ എന്ന വയോജനപരിചരണ സന്യാസസമൂഹത്തിന്റെ സ്ഥാപക വിശുദ്ധ തെരേസ ജൊർനെറ്റ് ഇബാർസിന്റെ വാക്കുകളും ഉദ്ധരിച്ചു.സമൂഹത്തിൽ സ്വാർത്ഥതയുടെയും നിസ്സംഗതയുടെയും മരുഭൂമികൾ വർധിക്കുന്നതിനെക്കുറിച്ച് ഓരോരുത്തരും ആത്മപരിശോധന നടത്തണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. ഇത്തരം സാഹചര്യങ്ങൾക്കു പകരം സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും കൂടുതൽ ഇടങ്ങൾ വളർന്നുവരണമെന്നും അദ്ദേഹം ആശംസിച്ചു.പുരോഹിതർ, സന്ന്യസ്തർ, അൽമായർ, കുടുംബങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരോട് ദുർബലരായവരെ സ്നേഹത്തോടെയും ആദരവോടെയും ചേർത്തുപിടിക്കാൻ പാപ്പ അഭ്യർത്ഥിച്ചു. വിശ്വാസം വാക്കുകളിൽ മാത്രം ഒതുങ്ങാതെ പ്രവൃത്തികളിലൂടെ പ്രകടമാകണമെന്നും ദരിദ്രരിലും പീഡിതരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച് അവരെ ശുശ്രൂഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

