വത്തിക്കാൻ സിറ്റി : വിശ്വാസത്തിന്റെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനങ്ങളും വിവേചനങ്ങളും നേരിടുന്ന ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവംബർ 18-ന് റെഡ് വെനസ്ഡേ ആചരിക്കും. പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (എ സി എൻ ) സംഘടിപ്പിക്കുന്ന റെഡ് വീക്ക് 2026-ന്റെ ഭാഗമായാണ് ആചരണം.
ലോകമെമ്പാടുമുള്ള കത്തീഡ്രലുകളും ദൈവാലയങ്ങളും പ്രമുഖ പൊതുസ്ഥാപനങ്ങളും ചുവന്ന വെളിച്ചത്തിൽ പ്രകാശിപ്പിച്ചാണ് മതപീഡനങ്ങൾക്കെതിരെ സന്ദേശമുയർത്തുന്നത്. 2015-ൽ ആരംഭിച്ച ഈ സംരംഭത്തിൽ ഇത്തവണ 13 കത്തീഡ്രലുകളും ആയിരത്തിലധികം ദൈവാലയങ്ങളും ലക്ഷക്കണക്കിന് വിശ്വാസികളും പങ്കുചേരും. പ്രാർത്ഥനാശുശ്രൂഷകൾ, വിശ്വാസസാക്ഷ്യങ്ങൾ, പൊതുപരിപാടികൾ, സ്കൂൾതല പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കും. എ.സി.എന്നിന്റെ കണക്കുകൾ പ്രകാരം ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ 41.3 കോടി ക്രൈസ്തവർ ജീവിക്കുന്നുണ്ട്.
ഇതിൽ 22 കോടിയോളം പേർ നേരിട്ട് പീഡനങ്ങൾ അനുഭവിക്കുന്നവരാണ്. മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ ഗൗരവം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പീഡിത ക്രൈസ്തവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുകയാണ് ഈ ആചരണത്തിന്റെ ലക്ഷ്യം.ഓസ്ട്രിയൻ ഫെഡറൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി, പോർച്ചുഗലിലെ ക്രിസ്തുരാജന്റെ പ്രതിമ, അയർലൻഡിലെ നോക്ക് ബസിലിക്ക, ഓസ്ട്രേലിയയിലെ സിഡ്നി സെന്റ് മേരീസ് കത്തീഡ്രൽ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ കേന്ദ്രങ്ങൾ ചുവപ്പിൽ പ്രകാശിക്കും. നവംബർ 23-ന് സ്ട്രാസ്ബർഗിലെ യൂറോപ്യൻ പാർലമെന്റ് മന്ദിരവും ചുവപ്പണിയും.
ഓസ്ട്രിയയിൽ 350-ഓളം ഇടവകകളും കെട്ടിടങ്ങളും നെതർലൻഡ്സിലും ജർമ്മനിയിലും 200 വീതം ദൈവാലയങ്ങളും അയർലൻഡിലെ 26 രൂപതാ കത്തീഡ്രലുകളും പരിപാടിയിൽ പങ്കാളികളാകും. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നൂറോളം പരിപാടികൾ സംഘടിപ്പിക്കും. ഫിലിപ്പീൻസിൽ നവംബർ 25-ന് 87 രൂപതകളിലും റെഡ് വെനസ്ഡേ ആചരിക്കും.

