പുകാൽപ: വനനശീകരണം, അനധികൃത ഖനനം, മനുഷ്യക്കടത്ത് തുടങ്ങിയവ ആമസോൺ മേഖലയിലെ തദ്ദേശീയ ജനതയുടെ ജീവിതത്തിനും പ്രകൃതിക്കും വലിയ ഭീഷണിയാണെന്ന് ലെയോ പതിനാലാമൻ പാപ്പ. തദ്ദേശീയ ജനതയുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പെറുവിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി നവംബർ 15 ഞായറാഴ്ച പുകാൽപയിലെ മലക്കോൺ പ്യൂർട്ടോ കയാവോയിൽ മിഷനറിമാരുമായും ആമസോൺ തദ്ദേശീയ ജനതയുടെ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. അയ്യായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. പാപ്പയെ കാണാൻ വഴിയരികിൽ ഇരുപതിനായിരത്തോളം ആളുകളും കാത്തുനിന്നിരുന്നു.
പെറുവിൽ മിഷനറിയായി സേവനം ചെയ്ത കാലത്തെ അനുഭവങ്ങൾ അനുസ്മരിച്ച പാപ്പാ, മനുഷ്യരോടൊപ്പം നിലകൊണ്ട് വിശ്വസ്തതയോടെ കർത്താവിനെ ശുശ്രൂഷിക്കുന്നതാണ് ക്രിസ്തുവിന്റെ മാതൃക പിന്തുടരുന്നതിന്റെ ഭാഗമെന്ന് ഓർമിപ്പിച്ചു. ക്രിസ്തുവിന്റെ രണ്ടാം വരവിലുള്ള പ്രത്യാശയിൽ വർത്തമാനകാലത്ത് അവനെ അനുഗമിക്കാൻ ഓരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.ആമസോൺ മേഖലയിലെ ജനങ്ങളുടെ ജീവിതവും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുന്നതിനൊപ്പം അവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന മിഷനറിമാരുടെ സേവനവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു.

