കോഴിക്കോട്: കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളിൽ ഐക്യത്തോടെ പ്രവർത്തിക്കാനും വിവിധ സംഘടനകളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനും കോഴിക്കോട് ചേർന്ന കത്തോലിക്കാ അൽമായ സംഘടനകളുടെ മലബാർ മേഖലാ നേതൃസംഗമത്തിൽ തീരുമാനമായി. ലത്തീൻ കത്തോലിക്ക, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ സമുദായ സംഘടനാ നേതാക്കൾ ഒരുമിച്ചുചേർന്ന് കേരളത്തിന്റെ വിവിധ മേഖലകളിൽ നടത്തുന്ന നേതൃസംഗമങ്ങളുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
കണ്ണൂർ രൂപത, കോഴിക്കോട് അതിരൂപത, തലശ്ശേരി, മാനന്തവാടി, താമരശ്ശേരി, ബത്തേരി രൂപതകൾ, കോട്ടയം അതിരൂപതയുടെ കണ്ണൂർ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള സമുദായ നേതാക്കൾ പങ്കെടുത്തു.കെ.സി.ബി.സി. പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സഭാംഗങ്ങളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതവിഭാഗങ്ങളെയും സ്നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.കേരളത്തിലെ കത്തോലിക്കാ സഭാ സംഘടനകളുടെ കൂട്ടായ്മയായ കേരള കാത്തലിക് ഫെഡറേഷൻ (കെ.സി.എഫ്.) പ്രസിഡന്റ് ബിജു ജോസി കരുമാഞ്ചേരി അധ്യക്ഷത വഹിച്ചു. സി.ബി.സി.ഐ. ലെയ്റ്റി കമ്മീഷൻ സെക്രട്ടറി അഡ്വ. എബ്രഹാം പട്ടിയാനി, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സീറോ മലബാർ സഭാ വക്താവ് ഡോ. ചാക്കോ കാളിയാംപറമ്പിൽ വിഷയാവതരണം നടത്തി.കെ.സി.എഫ്. ജനറൽ സെക്രട്ടറി വി.സി. ജോർജ് കുട്ടി, ഷാജി ജോൺസൺ കക്കയം, ബിനു എഡ്വേഡ്, നൈജു അറക്കൽ, ഫാ. വില്യം രാജൻ, ഫാ. സെബിൻ, പ്രകാശ് പീറ്റർ, അൽഫോൻസ ടീച്ചർ എന്നിവർ പ്രസംഗിച്ചു.മലബാർ മേഖലയിലെ ജനങ്ങൾ നേരിടുന്ന വന്യമൃഗശല്യം, ജനങ്ങളുടെ സുരക്ഷ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ ശുപാർശകൾ, സഭാംഗങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ എന്നിവ സമ്മേളനം ചർച്ച ചെയ്തു.സഭയെയും സമുദായത്തെയും ബാധിക്കുന്ന വിഷയങ്ങളിൽ വരുംനാളുകളിൽ സംഘടനകൾ ഏകോപിതമായി പ്രവർത്തിക്കുമെന്നും പൊതുവായ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി മുന്നേറുമെന്നും നേതാക്കൾ സംയുക്തമായി വ്യക്തമാക്കി.

