പുനലൂർ: പുനലൂർ രൂപതയുടെ ആഭിമുഖ്യത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘ശുഭദർശൻ 2K26’ സംഗമം പുനലൂർ ബിഷപ്പ്സ് ഹൗസിൽ നടന്നു. നവംബർ 14-ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ നടന്ന പരിപാടിയിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും പങ്കെടുത്തു.
പുനലൂർ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ സംഗമം ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ മോൺ. ജോൺസൺ ജോസഫ്, മിനിസ്ട്രീസ് കോർഡിനേറ്റർ മോൺ. ഫ്രാൻസിസ് പി., രൂപതാ ചാൻസലർ ഡോ. സാജൻ തങ്കച്ചൻ, ബി.ഇ.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. അജിത് കുമാർ കെ.സി., മിഖാ ഡയറക്ടർ ശൈലജ ബാബു, വൊക്കേഷൻ പ്രൊമോട്ടർ ഫാ. രാജീഷ് എന്നിവർ ആശംസകൾ നേർന്നു. സജീവ് ബി. വയലിൽ, ഏഞ്ചൽ, രഞ്ജിത എന്നിവർ വിവിധ സെഷനുകൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന പഠന-വിനോദ പ്രവർത്തനങ്ങൾ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഉച്ചകഴിഞ്ഞ് പുനലൂർ, പൊറ്റമ്മൽക്കടവ്, പുത്തൂർക്കര, ആറന്മുള ഇടവകകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ശ്രദ്ധേയമായി.
രൂപതാ പ്രൊക്യുറേറ്റർ ഫാ. അജീഷ് ക്ലീറ്റസ് ഭക്ഷണ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു. സിസ്റ്റർ ബിന്ദു, വൈദികർ, സന്യാസിനിമാർ, ബി.ഇ.സി. അനിമേറ്റർമാർ, മാതാപിതാക്കൾ, വിവിധ ഇടവക പ്രതിനിധികൾ എന്നിവർ പരിപാടിയുടെ വിജയത്തിനായി സഹകരിച്ചു.’ശുഭദർശൻ’ ഡയറക്ടറും വിദ്യാഭ്യാസ ശുശ്രൂഷാ വിഭാഗം കോർഡിനേറ്ററുമായ മോൺ. ക്രിസ്റ്റി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു സംഗമത്തിന്റെ ഏകോപനം. കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും സൗഹൃദങ്ങൾ വളർത്താനും വിശ്വാസത്തിലും കൂട്ടായ്മയിലും ഒരുമിച്ച് മുന്നേറാനും അവസരമൊരുക്കിയ സംഗമം വിജയകരമായി സമാപിച്ചു.

