ന്യൂഡൽഹി: സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നിലവിലുള്ള നിയമപരമായ പരിരക്ഷയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നീക്കം. ഐടി നിയമത്തിലെ 79-ാം വകുപ്പിൽ ഭേദഗതി വരുത്തി ഉപയോക്താക്കൾ പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം സമൂഹമാധ്യമ കമ്പനികൾക്കു കൂടി ബാധകമാക്കാനാണ് ആലോചന.
നിലവിലെ നിയമപ്രകാരം ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരിൽ സമൂഹമാധ്യമ കമ്പനികൾക്ക് നിശ്ചിത നിയമപരമായ പരിരക്ഷ ലഭിക്കുന്നുണ്ട്. എന്നാൽ പ്ലാറ്റ്ഫോമുകൾ സ്വന്തം നയങ്ങളും നിയന്ത്രണ സംവിധാനങ്ങളും ഉപയോഗിച്ച് ഉള്ളടക്കങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവയുടെ ഉത്തരവാദിത്തത്തിൽനിന്ന് കമ്പനികൾക്ക് പൂർണമായി ഒഴിഞ്ഞുമാറാനാകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.ഭേദഗതി നടപ്പിലായാൽ ഉപയോക്താക്കൾ പങ്കുവയ്ക്കുന്ന നിയമവിരുദ്ധമോ വിവാദപരമോ ആയ ഉള്ളടക്കങ്ങളുടെ പേരിൽ കമ്പനികൾക്കും നേരിട്ട് നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
അതേസമയം, പുതിയ നീക്കം സമൂഹമാധ്യമങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യത്തെയും വിമർശനങ്ങളെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. സർക്കാരിനെതിരായ അഭിപ്രായങ്ങൾക്കും പ്രതിഷേധങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ കമ്പനികൾ നിർബന്ധിതരാകുമെന്ന വിമർശനവും ശക്തമാണ്. നിയമഭേദഗതിയുടെ സാധ്യതകളും പ്രത്യാഘാതങ്ങളും സംബന്ധിച്ച് വിവിധ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

