റോം: ഉറുഗ്വേ, അർജന്റീന, പെറു എന്നീ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള 12 ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനായി ലെയോ പതിനാലാമൻ പാപ്പ യാത്ര തിരിച്ചു. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആറാമത്തെ അന്താരാഷ്ട്ര പര്യടനമാണിത്.നവംബർ ആറിന് രാവിലെ പ്രാദേശിക സമയം 7.05-ന് റോമിലെ ഫിയുമിചിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് പരിശുദ്ധ പിതാവ് യാത്ര ആരംഭിച്ചത്. വൈകുന്നേരം 4.30-ഓടെ ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലെ കരാസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകും.
മോണ്ടെവീഡിയോയിലെ ഇൻഡിപെൻഡൻസ് സ്ക്വയറിൽ നടക്കുന്ന സ്വീകരണച്ചടങ്ങോടെയാണ് ആദ്യഘട്ട പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് രാജ്യത്തെ ഭരണാധികാരികൾ, നയതന്ത്ര പ്രതിനിധികൾ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുമായി പാപ്പ കൂടിക്കാഴ്ച നടത്തും. ഉറുഗ്വേ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മെട്രോപൊലീത്തൻ കത്തീഡ്രലിൽ സഭാനേതൃത്വവുമായുള്ള സന്ധ്യാപ്രാർഥനയിലും പങ്കെടുക്കും. ഉറുഗ്വേയിലെ സന്ദർശനത്തിനുശേഷം അർജന്റീനയിലെത്തുന്ന പാപ്പ ബ്യൂണസ് ഐറിസ്, കോർഡോബ, ലുജാൻ എന്നീ നഗരങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് പെറുവിലെത്തി ലിമ, ചിക്ലായോ, കുസ്കോ, പുക്കാൽപ എന്നിവിടങ്ങളും സന്ദർശിക്കും. നവംബർ ആറു മുതൽ 17 വരെ നീളുന്ന പര്യടനത്തിനിടെ പത്ത് നഗരങ്ങളിലായി പന്ത്രണ്ടോളം വിമാനയാത്രകളാണ് പാപ്പ നടത്തുക.
സന്ദർശനത്തിന്റെ ഭാഗമായി സ്പാനിഷ് ഭാഷയിൽ നാൽപ്പതോളം പ്രസംഗങ്ങളും നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാറ്റിൻ അമേരിക്കയിലെ സഭയുമായും ജനങ്ങളുമായും കൂടുതൽ അടുത്തിടപഴകുന്നതിനും വിശ്വാസം, സാമൂഹിക ഐക്യം, സമാധാനം എന്നിവയുടെ സന്ദേശം പങ്കുവയ്ക്കുന്നതിനും സന്ദർശനം അവസരമൊരുക്കും.

