വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ പരിസ്ഥിതി ചാക്രികലേഖനമായ ‘ലൗദാത്തോ സി’ പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, ആഗോളതലത്തിൽ സഭ നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനായി വത്തിക്കാൻ ഡിജിറ്റൽ അറ്റ്ലസ് പുറത്തിറക്കി.
‘അറ്റ്ലസ് ഓഫ് ലൗദാത്തോ സി’ എന്നു പേരിട്ടിരിക്കുന്ന ഈ സംരംഭം ഡിജിറ്റൽ ഭൂപടങ്ങളുടെ സഹായത്തോടെ സഭയുടെ വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും. വത്തിക്കാന്റെ പ്രസ് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ലൗദാത്തോ സി പ്ലാറ്റ്ഫോം പുതിയ സംരംഭം അവതരിപ്പിച്ചത്. 2021 മുതൽ ഇതുവരെ 13,600 പേരുടെ പങ്കാളിത്തം രേഖപ്പെടുത്തിയ അഞ്ചാമത് വാർഷിക റിപ്പോർട്ടും പരിസ്ഥിതി അവബോധവും പ്രവർത്തനങ്ങളും സഭയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ സംവിധാനങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു.
സമഗ്ര മാനവ വികസനത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്ട് സിസ്റ്റർ അലെസ്സാൻഡ്ര സ്മെരില്ലി, മുംബൈ അതിരൂപതയുടെ മുൻ സഹായമെത്രാൻ ബിഷപ്പ് ആൽവിൻ ഡിസിൽവ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണം കേവലം ബോധവത്കരണത്തിൽ ഒതുങ്ങാതെ പ്രായോഗികവും തുടർച്ചയായതുമായ നടപടികളിലൂടെ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി.അമേരിക്കയിലെ കത്തോലിക്കാ സർവകലാശാലയിലെ ലിയോണം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസിന്റെയും (അഞ്ചെലിക്കും) വിവരങ്ങളാണ് ഡിജിറ്റൽ അറ്റ്ലസ് തയ്യാറാക്കാൻ പ്രയോജനപ്പെടുത്തിയത്.
പരിസ്ഥിതി സംരക്ഷണം സഭയുടെ ദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന ഫ്രാൻസിസ് പാപ്പയുടെ കാഴ്ചപ്പാട് കൂടുതൽ വ്യാപിപ്പിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവർത്തനങ്ങൾ പരസ്പരം പങ്കുവയ്ക്കാനും പുതിയ സംരംഭം സഹായകമാകും.

