” 1597-ൽ ക്രിസ്തുവിശ്വാസത്തിനായി ജീവൻ ബലിയർപ്പിച്ച മിഷനറിമാർക്ക് സഭയുടെ ആദരം”
സാവന്ന: ക്രിസ്തുവിശ്വാസത്തിനുവേണ്ടി 1597-ൽ രക്തസാക്ഷിത്വം വരിച്ച അഞ്ച് സ്പാനിഷ് ഫ്രാൻസിസ്കൻ മിഷനറിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഒക്ടോബർ 31-ന് അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ സാവന്നയിൽ നടന്ന പ്രഖ്യാപനച്ചടങ്ങുകൾക്ക് പരിശുദ്ധ പിതാവിന്റെ പ്രത്യേക പ്രതിനിധിയായി ടൊറന്റോ ആർച്ച് ബിഷപ് കർദിനാൾ ഫ്രാങ്ക് ലിയോ നേതൃത്വം നൽകി.
പെദ്രോ ദേ കോർപ്പ, ബ്ലാസ് റോഡ്രിഗസ്, മിഗുവേൽ ദേ അന്യോൻ, അന്തോണിയോ ദേ ബദാഹോസ്, ഫ്രാൻസിസ്കോ ദേ വെരാസ്കോള എന്നിവരാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്പെയിനിൽനിന്ന് ജോർജിയയിലെ തീരദേശ മേഖലയിൽ ഗ്വാലെ ജനവിഭാഗത്തിനിടയിൽ സുവിശേഷം പ്രഘോഷിക്കാനും സേവനം ചെയ്യാനുമെത്തിയ മിഷനറിമാരായിരുന്നു ഇവർ. ഗ്വാലെ ഗോത്രത്തലവനായ ഹുവാനില്ലോ രണ്ടാം വിവാഹത്തിന് തീരുമാനിച്ചപ്പോൾ വിവാഹത്തിന്റെ പവിത്രതയെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങൾ ഉയർത്തിപ്പിടിച്ച് ഫാ. പെദ്രോ ദേ കോർപ്പ അതിനെ എതിർത്തു. ഇതേത്തുടർന്നുണ്ടായ സംഘർഷത്തിലാണ് അദ്ദേഹവും മറ്റ് നാല് മിഷനറിമാരും കൊല്ലപ്പെട്ടത്.
2025 ജനുവരിയിൽ ഫ്രാൻസിസ് പാപ്പാ ഇവരുടെ രക്തസാക്ഷിത്വം ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇവരുടെ ത്യാഗം ആഗോള കത്തോലിക്കാ സഭയ്ക്ക് ലഭിച്ച വലിയ സമ്മാനമാണെന്ന് കർദിനാൾ ഫ്രാങ്ക് ലിയോ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. വിശ്വാസത്തിനും സുവിശേഷദൗത്യത്തിനുമായി ജീവൻ സമർപ്പിച്ച മിഷനറിമാരുടെ സാക്ഷ്യം ഇന്നും സഭയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

