വത്തിക്കാൻ : ഇന്ന്ആ ഘോഷിക്കുന്ന ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് കുട്ടികളെ മാറ്റിനിർത്തി വിശുദ്ധരുടെ ജീവിതവും മാതൃകയും പരിചയപ്പെടുത്തുന്ന രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന് കത്തോലിക്കാ സഭയുടെ നിർദേശം. ഹാലോവീന് പകരം വിശുദ്ധരെ അനുസ്മരിക്കുന്ന ‘ഹോളിവീൻ’ ആഘോഷങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും മാതാപിതാക്കൾ കുട്ടികളെ വിശുദ്ധരുടെ വേഷങ്ങളിൽ അണിയിച്ച് പ്രാർത്ഥനകളിലും ജാഗരണങ്ങളിലും പങ്കെടുപ്പിക്കണമെന്നും സഭ ആഹ്വാനം ചെയ്യുന്നു.
2014ൽ റോമിൽ നടന്ന ഇന്റർനാഷണൽ എക്സോർസിസ്റ്റ് അസോസിയേഷന്റെ സമ്മേളനത്തിൽ ഹാലോവീൻ ആഘോഷങ്ങൾ കുട്ടികളിലും യുവാക്കളിലും നിഗൂഢവിദ്യകളോടും മാന്ത്രികവിദ്യകളോടുമുള്ള ആഭിമുഖ്യം വളർത്തിയേക്കാമെന്ന ആശങ്ക ഉയർന്നിരുന്നു. പൈശാചിക ശക്തികളുടെ സ്വാധീനത്തെക്കുറിച്ചും ഇത്തരം ആഘോഷങ്ങൾ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ചും സമ്മേളനത്തിൽ മുന്നറിയിപ്പുകൾ നൽകിയതായി മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ മാസത്തിൽ പൈശാചിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങൾ വർധിക്കുന്നതായി വൈദികൻ അൾഡോ ബുയോനൗട്ടോ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഹാലോവീൻ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് മാതാപിതാക്കളിൽനിന്ന് സഭയുടെ എക്സോർസിസം പ്രവർത്തകരുടെ സഹായനമ്പറിലേക്ക് നിരവധി വിളികൾ ലഭിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മൃഗബലികൾ, കല്ലറകൾ അശുദ്ധമാക്കൽ, വിശുദ്ധരുടെ തിരുശേഷിപ്പുകൾ മോഷ്ടിക്കൽ തുടങ്ങിയ സംഭവങ്ങളും ഈ കാലയളവിൽ വർധിക്കുന്നതായി സമ്മേളനത്തിൽ പരാമർശിക്കപ്പെട്ടു. ഹാലോവീനെ കേവലം വിനോദത്തിന്റെയും വേഷപ്പകർച്ചയുടെയും ആഘോഷമായി കാണാതെ അതിലെ ആത്മീയ അപകടങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നാണ് സഭാനേതൃത്വത്തിന്റെ മുന്നറിയിപ്പ്.കുട്ടികളിൽ വിശുദ്ധരോടുള്ള ആദരവും വിശ്വാസജീവിതത്തോടുള്ള ആഭിമുഖ്യവും വളർത്തുന്നതിനായി ഹാലോവീന് പകരം ഹോളിവീൻ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നതാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്ന സന്ദേശം.

