വത്തിക്കാൻ: ലാറ്റിനമേരിക്കൻ മേഖലയിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും കുടിയേറ്റ പ്രതിസന്ധികളും ചർച്ച ചെയ്ത് ലെയോ പതിനാലാമൻ പാപ്പായും കോസ്റ്റ റിക്കൻ പ്രസിഡന്റ് ലൗറ ഫെർണാണ്ടെസ് ദെൽഗാദോയും. ഒക്ടോബർ 29 വ്യാഴാഴ്ച വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് വിവിധ വിഷയങ്ങൾ ചർച്ചയായത്.
പരിശുദ്ധ സിംഹാസനവും കോസ്റ്റ റിക്കയും തമ്മിലുള്ള ഊഷ്മളമായ ഉഭയകക്ഷിബന്ധത്തിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രസിഡന്റ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനുമായും കൂടിക്കാഴ്ച നടത്തി. വിദേശരാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വിഭാഗത്തിന്റെ തലവൻ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗറും ചർച്ചകളിൽ പങ്കെടുത്തു.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു പുറമെ, കോസ്റ്റ റിക്കയിലെ പ്രാദേശിക സഭയും ഭരണകൂടവും തമ്മിലുള്ള സഹകരണവും അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധികളും കൂടിക്കാഴ്ചയിൽ വിലയിരുത്തി. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികളും കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചകളിൽ പ്രധാന വിഷയങ്ങളായി.

