വത്തിക്കാൻ സിറ്റി: വടക്കുകിഴക്കൻ ഇന്ത്യയിൽ അരനൂറ്റാണ്ടിലേറെ സഭയ്ക്കായി മിഷനറി സേവനം ചെയ്ത ഇറ്റാലിയൻ വംശജനായ സലേഷ്യൻ ബിഷപ്പ് ഒറെസ്റ്റേ മാരെംഗോയുടെ വീരോചിതമായ പുണ്യജീവിതം ലെയോ പതിനാലാമൻ പാപ്പാ അംഗീകരിച്ചു.
ഗാരോ മലനിരകളിലെ ഗാരോ ജനതയ്ക്കിടയിൽ പതിറ്റാണ്ടുകളോളം അദ്ദേഹം നടത്തിയ സേവനങ്ങൾ പ്രത്യേകം സ്മരിക്കപ്പെടുന്നു. തുരയിൽവച്ചാണ് അദ്ദേഹം മരണമടഞ്ഞത്. അവിടെത്തന്നെയാണ് അദ്ദേഹത്തെ സംസ്കരിച്ചത്. ഇതോടെ ദൈവദാസനായിരുന്ന അദ്ദേഹം ധന്യപദവിയിലേക്ക് (വെണറബിൾ) ഉയർത്തപ്പെട്ടു.ഇതേ ഉത്തരവിലൂടെ ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ട ആറു ദൈവദാസന്മാരിൽ ഒരാളാണ് ബിഷപ്പ് മാരെംഗോ. പെറുവിലെ ബിഷപ്പ് ഫ്രെഡറിക് കൈസർ ഡെപ്പൽ, ഫോക്കൊലാരെ പ്രസ്ഥാനത്തിലെ മാർഗരിറ്റ ബവോസി, ഫാ. ഡൊമിനിക്കോ പോളിയാനി, ഫാ. അലസ്സാൻഡ്രോ വിറ്റേറ്റി, സാൻ ജിയോവാനി റൊട്ടോണ്ടോയിലെ കപ്പൂച്ചിൻ സന്യാസി ബ്രദർ ദനിയെലെ എന്നിവരാണ് മറ്റുള്ളവർ.വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ മാർച്ചെല്ലോ സെമറാരോയുമായി ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പാപ്പാ ഇതുസംബന്ധിച്ച ഉത്തരവുകൾക്ക് അംഗീകാരം നൽകിയത്. വിശുദ്ധപദവിയിലേക്കുള്ള നടപടികളിൽ പ്രധാനപ്പെട്ട ഘട്ടമാണ് ധന്യപദവി. ഇന്ത്യ സ്വന്തമായി സ്വീകരിച്ച വിദേശ മിഷനറി 1906 ഓഗസ്റ്റ് 29-ന് ഇറ്റലിയിലെ കുനിയോ പ്രവിശ്യയിലുള്ള ദിയാനോ ദ് ആൽബയിൽ ശക്തമായ ക്രൈസ്തവ വിശ്വാസമുള്ള കർഷക കുടുംബത്തിലാണ് ഒറെസ്റ്റേ മാരെംഗോ ജനിച്ചത്. പതിമൂന്നാം വയസ്സിൽ സലേഷ്യൻ സന്യാസസമൂഹത്തിലെ പരിശീലനത്തിനായി ടൂറിനിലേക്ക് പോയ അദ്ദേഹം, വിശുദ്ധ ജോൺ ബോസ്കോ സ്ഥാപിച്ച സന്യാസസമൂഹത്തിന്റെ ആദ്യകാല അംഗങ്ങളിൽ ചിലരെ അവിടെ പരിചയപ്പെട്ടു.
1923-ൽ മറ്റ് എട്ട് നവസന്യാസിമാർക്കൊപ്പം അദ്ദേഹം വടക്കുകിഴക്കൻ ഇന്ത്യയിലെത്തി. തത്ത്വശാസ്ത്ര പഠനത്തോടൊപ്പം ഗ്രാമങ്ങളിൽ പ്രവർത്തിക്കുകയും മാമ്മോദീസ സ്വീകരിക്കാൻ ഒരുങ്ങുന്നവരെ വിശ്വാസത്തിൽ ഒരുക്കുകയും ആദ്യകാല കത്തോലിക്കാ സമൂഹങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു. 1932 ഏപ്രിൽ 2-ന് വൈദികനായി അഭിഷിക്തനായി.1951-ൽ പുതുതായി സ്ഥാപിച്ച ദിബ്രുഗഢ് രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. അതേ വർഷം ഡിസംബർ 27-ന് ടൂറിനിലെ ക്രൈസ്തവ സഹായമാതാവിന്റെ ബസിലിക്കയിൽ മെത്രാനായി അഭിഷിക്തനായി. 1964 വരെ ദിബ്രുഗഢ് രൂപതയെ നയിച്ച അദ്ദേഹം പിന്നീട് തേസ്പൂർ രൂപതയുടെ മെത്രാനായി നിയമിതനായി.
മിഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധകാലത്ത് പാകിസ്ഥാനിൽനിന്ന് പലായനം ചെയ്തവർക്ക് സഹായം നൽകുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.

