കൊച്ചി: മുനമ്പം ഭൂമി വഖഫിന്റേതാണെന്ന വഖഫ് ബോർഡ് ചെയർമാന്റെ പുതിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുനമ്പം സമരസമിതി കലൂരിലെ വഖഫ് ബോർഡ് ആസ്ഥാനത്തിനു മുന്നിൽ ധർണയും പ്രകടനവും നടത്തി.
വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജിയുടെ നിരുത്തരവാദപരമായ പ്രസ്താവനകൾ പിൻവലിക്കണമെന്നും മുനമ്പം ജനതയുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. മുനമ്പം സമരസമിതി ചെയർമാൻ ഫാ. ഡോ. ജോജി മായ്യാറ്റിൽ സമരം ഉദ്ഘാടനം ചെയ്തു.
ഉമീദ് പോർട്ടലിലെ രജിസ്ട്രേഷനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് സമരസമിതി ആരോപിച്ചു. വഖഫ് നിയമഭേദഗതി കൊണ്ടും പ്രശ്നത്തിന് പരിഹാരമാകാത്ത സാഹചര്യത്തിൽ സമരം സെക്രട്ടേറിയറ്റിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കവും സമരസമിതി നടത്തുന്നതായാണ് റിപ്പോർട്ട്.

