റോം: സഭയുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും വിശ്വാസികളുടെ ആത്മീയനന്മ സംരക്ഷിക്കുന്നതിനും കാനോനിക നിയമപഠനം നിർണായകമാണെന്ന് ലെയോ പതിനാലാമൻ പാപ്പാ. നിയമങ്ങളെക്കുറിച്ചുള്ള അറിവിനപ്പുറം സത്യവും നീതിയും കരുണയും അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കാൻ കാനോനിക നിയമപഠനം സഹായിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ കാനോനിക നിയമവിഭാഗം സ്ഥാപിതമായതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരുമായി ഒക്ടോബർ 23-ന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്. സഭയുടെ നിയമങ്ങൾ പഠിക്കുന്നതിലൂടെ നിയമപരമായ അറിവ് നേടുന്നതിനൊപ്പം സഭയുടെ ദൗത്യവും നീതിയെക്കുറിച്ചുള്ള കാഴ്ചപ്പാടും ആഴത്തിൽ മനസ്സിലാക്കാൻ കഴിയണം. വ്യക്തികളുടെ ആത്മീയനന്മയ്ക്ക് മുൻഗണന നൽകുന്ന രീതിയിൽ നിയമവിദഗ്ധരെ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ രേഖകൾ ഉൾപ്പെടെയുള്ള സഭാപ്രബോധനങ്ങൾ ഗൗരവത്തോടെ പഠിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1876 ഓഗസ്റ്റ് 16-ന് വാഴ്ത്തപ്പെട്ട ഒൻപതാം പീയൂസ് പാപ്പായുടെ തീരുമാനപ്രകാരം സ്ഥാപിതമായ കാനോനിക നിയമവിഭാഗത്തിന്റെ ദീർഘകാല അക്കാദമിക പാരമ്പര്യവും സംഭാവനകളും അനുസ്മരിച്ച ലെയോ പാപ്പാ, തലമുറകളായി സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്യാൻ നിരവധി പണ്ഡിതരെ ഈ സ്ഥാപനം സജ്ജരാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

