കൊല്ലം:കൊല്ലം രൂപതയിലെ തങ്കശ്ശേരി ഫൊറോന ബൈബിൾ കലോത്സവം ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ നടന്നു . രൂപത വികാരി ജനറൽ മോൺ. ഡോ. ബൈജു ജൂലിയൻ കലോത്സവം ഉദ്ഘാടനം ചെയ്തു.
ദൈവവചന ധ്യാനമാണ് ബൈബിൾ കലോത്സവത്തിലെ വിവിധ കലകളിലൂടെ പ്രകടമാകുന്നതെന്നും ദൈവവചനത്തിന്റെ മഹത്വം പ്രഖ്യാപിക്കാനുള്ള അവസരമാണ് കലോത്സവമെന്നും മോൺ. ഡോ. ബൈജു ജൂലിയൻ പറഞ്ഞു. കലോത്സവത്തിൽ പങ്കെടുക്കുന്നവരിലും അവരുടെ കുടുംബങ്ങളിലും പരിശുദ്ധാത്മാവിന്റെ ചൈതന്യം നിറയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തങ്കശ്ശേരി ഫൊറോന വികാരി ഫാ. ജോസഫ് ഡെറ്റോ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. രൂപത പി.ആർ.ഒ. ഫാ. ലാസർ എസ്. പട്ടകടവ് ബൈബിൾ പ്രതിഷ്ഠ നടത്തി. രൂപതയുടെ എഴുന്നൂറാം വാർഷികത്തോടനുബന്ധിച്ച് ബൈബിൾ അപ്പസ്തോലേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വചനോത്സവം 2026-ന്റെ നിയമാവലിയും ചട്ടങ്ങളും ഡയറക്ടർ ഫാ. ലിൻസൻ ആറാടൻ പ്രകാശനം ചെയ്തു.
ജനറൽ കൺവീനർ മിൽട്ടൻ സ്റ്റീഫൻ നേതൃത്വം നൽകി. ദ്വിദിന മത്സരങ്ങളിലെ വിജയികൾക്ക് ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. സിൽവി ആന്റണി സമ്മാനങ്ങൾ വിതരണം ചെയ്തു.ഫാ. ലാസർ എസ്. പട്ടകടവ്, ഫാ. ജോസ് സെബാസ്റ്റ്യൻ, ഫാ. ജോളി എബ്രഹാം, ഫാ. ക്രിസ്റ്റഫർ ഹെൻറി, ഫാ. മനോജ് ആന്റണി, ഫാ. റോഷൻ വർഗീസ്, ഫാ. ജോൺ പോൾ, ഫാ. അഗസ്റ്റിൻ സേവ്യർ, ഫാ. ഡൈജു തോപ്പിൽ, ഫാ. പ്രിൻസ്, മിൽട്ടൻ സ്റ്റീഫൻ, പ്രീത ജോസ്, ഐവൻ ഗോൺസാൽവസ്, ക്ലിന്റൻ സേഫാസ്, ജോൺ സി., ടോം ഹെൻട്രി എന്നിവർ പ്രസംഗിച്ചു.
തൂയം ഫൊറോനയിലും ബൈബിൾ കലോത്സവം പൂർത്തിയായി. നവംബർ 7-ന് കടവൂർ, കൊട്ടിയം ഫൊറോനകളിലും നവംബർ 14, 15 തീയതികളിൽ കാഞ്ഞിരകോട്, ചവറ സൗത്ത്, നീണ്ടകര, മാവേലിക്കര ഫൊറോനകളിലും കലോത്സവം നടക്കും. രൂപതയിലെ എട്ട് ഫൊറോനകളിൽനിന്നുള്ള വിജയികൾ പങ്കെടുക്കുന്ന രൂപതാതല ബൈബിൾ കലോത്സവം ഡിസംബർ 5, 6 തീയതികളിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നടക്കുമെന്ന് രൂപത പി.ആർ.ഒ. ഫാ. ലാസർ എസ്. പട്ടകടവ് അറിയിച്ചു.

